OVS - Latest NewsOVS-Kerala News

കാതോലിക്കാ ദിനാചരണം സഭാ ജീവിതത്തെ വിശുദ്ധീകരിക്കുവാനുമുളള അവസരമായി മാറണമെന്ന് പരിശുദ്ധ കാതോലിക്ക ബാവ

കോട്ടയം : വിശ്വാസികളുടെ വ്യക്തി ജീവിതത്തെ രൂപാന്തരപ്പെടുത്തുവാനും, കുടുംബജീവിതങ്ങളെ നവീകരിക്കുവാനും, സമൂഹജീവിതത്തെ ക്രമീകരിക്കുവാനും, സഭാ ജീവിതത്തെ വിശുദ്ധീകരിക്കുവാനുമുളള അവസരമായി കാതോലിക്കാ ദിനാചരണം മാറണം എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ വലിയ നോമ്പിലെ 36-മത്  ഞായറാഴ്ച്ച (ഏപ്രില്‍ 2) സഭാദിനമായി ആചരിക്കുകയാണ്.

കാതോലിക്കാ ദിനാചരണതിന്‍റെ സഭാ തല ഉദ്ഘാടനം സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ കാതോലിക്ക ബാവ നിര്‍വഹിക്കും . രാവിലെ 7.30 മണിക്ക് വി. കുര്‍ബ്ബാനയെ തുടര്‍ന്ന് സഭാദിന സന്ദേശം നല്‍കുകയും ചെയ്യും. ഈ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സഭയുടെ വിവിധ ആവശ്യങ്ങള്‍ക്കായുളള കാതോലിക്കാദിന ധനസമാഹരണത്തില്‍ 10 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും ഒരോ സഭാംഗവും കഴിവിന് അനുസരിച്ച് കുറഞ്ഞത് ഒരു ദിവസത്തെ വരുമാനമെങ്കിലും സംഭാവന ചെയ്യണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.പരിശുദ്ധ സഭയിലെ എല്ലാ പളളികളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തും. സഭയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന, പ്രബോധനം, സഭാദിന പ്രതിജ്ഞ എന്നിവ നടക്കും.

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും ദു:ഖവെളളിയാഴ്ച്ച മൊബൈല്‍ ഫോണ്‍, ടി.വി, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫാക്കി സൈബര്‍ഫാസ്റ്റ് ആചരിക്കുന്നതായിരിക്കുന്നതാണ്.