OVS - Latest NewsOVS-Kerala News

നീതിയ്കായി നിന്നോടൊപ്പം ; പിറവത്ത് പ്രതിഷേധ ജ്വാല

മിഷേല്‍ ഷാജിയുടെ അസ്വാഭാവിക മരണത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്ന് ആവിശ്യപ്പെട്ടു ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിറവത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.പിറവം സെന്‍റ് ഗ്രീഗോറിയോസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ഫാ.കുര്യന്‍ ചെറിയാന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മരണത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ടെന്നും വിലയിരുത്തി.

കല്ലൂര്‍ ദേവാലയത്തിലെ സി.സി.ടി.വി ദ്രിശ്യങ്ങള്‍ വീണ്ടെടുത്തത് മിഷേലിന്‍റെ ബന്ധുക്കള്‍ ആണെന്നുള്ളത് പോലീസിന്‍റെ ഭാഗത്ത്‌ നിന്നുള്ള നിഷ്ക്രീയത്വമാണ് വ്യക്തമാക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.പോലീസ് നിഷ്ക്രീയത്വം വെടിഞ്ഞു പ്രവര്‍ത്തിക്കണമെന്നും അല്ലാത്ത പക്ഷം നീതി ലഭിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജനറല്‍സെക്രട്ടറി ഗീവീസ് മാര്‍ക്കോസ് പ്രമേയം പാസാക്കുകയും തുടര്‍ന്ന് കത്തിച്ച മെഴുകുതിരികളേന്തി പിറവം ടൗണില്‍ നടത്തിയ പ്രതിഷേധ ജ്വാലയില്‍ നിരവധിപേര്‍ പങ്കു ചേര്‍ന്നു.

മരണത്തില്‍ ദുരൂഹത : കുടുംബം

സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ ദൂരൂഹത തുടരുന്നു. മാര്‍ച്ച് ആറിന് വൈകീട്ട് കായലിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കു പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.പഠനത്തിലടക്കം എല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും തറപ്പിച്ചു പറയുന്നു. കാണാതായ ദിവസം വൈകീട്ട് മിഷേല്‍ കലൂര്‍ പള്ളിയിലെത്തിയ സി.സി.ടി.വി. ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ തികച്ചും സാധാരണ മട്ടില്‍ പെരുമാറുകയും പ്രാര്‍ത്ഥിച്ചു പുറത്തിറങ്ങുന്നതും വ്യക്തമാണ്.

ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയായ മിഷേല്‍ പാലാരിവട്ടത്തെ സ്ഥാപനത്തില്‍ സി.എ. വിദ്യാര്‍ഥിനിയായിരുന്നു. സാധാരണ ഞായറാഴ്ചകളില്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്കു പോവുകയാണ് പതിവ്.തിങ്കളാഴ്ച പരീക്ഷയായതിനാല്‍ വീട്ടിലേക്കു വരില്ലെന്നും വൈകീട്ട് കലൂര്‍ നൊവേന പള്ളിയില്‍ പോകുമെന്നും ഞായറാഴ്ച മൂന്നു മണിക്ക് അമ്മ സൈലമ്മയെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. പള്ളിയില്‍ പോയ മിഷേല്‍ രാത്രി എട്ടായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതരാണ് വീട്ടുകാരെ വിവരമറിയിച്ചത്. രാത്രി തന്നെ ബന്ധുക്കള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് സന്ധ്യക്കാണ് എറണാകുളം വാര്‍ഫിനു സമീപത്തു നിന്ന് മൃതദേഹം കിട്ടിയത്.

മൃതദേഹത്തില്‍ പരിക്കേറ്റതിന്റെയോ, ആക്രമിക്കപ്പെട്ടതിന്റെയോ തെളിവൊന്നുമില്ല.ഒരാഴ്ച മുന്‍പ് കലൂര്‍ പള്ളിക്കു സമീപം വേറൊരു യുവാവ് വഴിയില്‍ തടഞ്ഞുനിര്‍ത്തി മോശമായി സംസാരിച്ചതായും കൂട്ടുകാരികളോട് പറഞ്ഞിരുന്നു. കാണാതായ ദിവസം പെണ്‍കുട്ടി 5.37-നു പള്ളിയില്‍ കയറുന്നതിന്റെയും 6.12-ന് തിരിച്ചിറങ്ങുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങളുണ്ട്.

തിരിച്ചിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ നിരീക്ഷിക്കുന്നതും കാണാം. തലേന്ന് കാണാതായ മൃതദേഹം പിറ്റേന്നു വൈകീട്ട് കണ്ടെത്തുമ്പോള്‍ അല്പംപോലും അഴുകിയിരുന്നില്ല.വെള്ളത്തില്‍ വീണിട്ട് നാലു മണിക്കൂറിലധികമായി കാണില്ലെന്നാണ് മത്സ്യതൊഴിലാകികള്‍ ശരീരം കണ്ടിട്ട് പറഞ്ഞത് . മീന്‍ കൊത്തുകയോ, വയറില്‍ വെള്ളം ചെന്ന് വീര്‍ക്കുകയോ ചെയ്തിട്ടില്ല.ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

#JusticeForMishel ക്യാബെയിന്‍

‘ജസ്റ്റിസ്‌ ഫോര്‍ മിഷേല്‍’ എന്ന ഹാഷ്ടാഗില്‍ ഇന്ത്യയ്ക്കും ഇന്ത്യയ്ക്ക് പുറത്തേക്കും അവളുടെ നീതിക്കായുള്ള മുറവിളികള്‍ ഉയരുകയാണ്. നിരവധി പ്രശസ്തരും സാധാരണക്കാരും ഇതിനുപിന്നിൽ തങ്ങളുടെ പ്രതിഷേധവും നൊമ്പരവും കുറിക്കുന്നു. അതില്‍ താരങ്ങളും രാഷ്ട്രീയക്കാരും യുവജനങ്ങളും ഒക്കെയുണ്ട്. എഴുത്ത്, വര, പ്രതിഷേധ ജാഥകള്‍ എന്നീ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും പുറത്തും ഉയരുന്നത്.