OVS - ArticlesOVS - Latest News

ഒരു പ്രമേയവും കുറെ മെത്രാന്മാരും

ഇന്ത്യന്‍ ഭരണഘടനാശില്പിയായ ഡോ. ബി. ആര്‍. അംബേദ്കര്‍  ജനാധിപത്യത്തിന്‍റെ  ഉറച്ച അടിത്തറയില്‍  അതിന്‍റെ അടിസ്ഥാനങ്ങളായ നിയമനിര്‍മ്മാണ സഭ, ഭരണനിര്‍വഹണം, നീതിന്യായവ്യവസ്ഥ (legislature, executive & judiciary) എന്നിവ വ്യക്തമായി വേര്‍തിരിച്ചു വിവക്ഷിച്ചു നിയമങ്ങളുണ്ടാക്കി. അവയുടെ സുഗമവും കാര്യക്ഷമവും പരസ്പരപൂരകവുമായ പ്രവര്ത്തനവും അതുവഴി ജനാധിപത്യത്തിന്‍റെ ശക്തമായ അടിത്തറയും ഉറപ്പാക്കാനായിരുന്നനു അത്. അതേ സമയംതന്നെ ഇവയില്‍ ഏതെങ്കിലും ഒന്ന് മറ്റ് രണ്ടിനേയും പിടിയിലമര്‍ത്തുന്നതും ഇന്ത്യന്‍ ഭരണഘടന ഫലപ്രദമായി തടഞ്ഞിട്ടുണ്ട്. ജുഡീഷല്‍ ആക്ടിവിസം, ബ്യൂറോക്രസി ഇവ അനുവദിക്കുന്നില്ല എന്നുമാത്രമല്ല, നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങള്‍ പോലും പരമിതപ്പെടുത്തിയിട്ടുണ്ട്. ഇവയൊന്നും ജനാധിപത്യ വിരുദ്ധമല്ലന്നു മാത്രമല്ല, ഇന്ത്യ എന്നും ജനാധിപത്യ രാഷ്ട്രമായി നിലനില്ക്കും എന്നുറപ്പാക്കാന്‍ ചെയ്തതാണന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.

ഇന്ത്യന്‍ ഭരണഘടന നിലവില്‍വരുന്നതിന് പതിനാറു വര്‍ഷംമുമ്പ് 1934-ല്‍ പ്രാബല്യത്തില്‍വന്ന മലങ്കരസഭാ ഭരണഘടനയും സമാന മാതൃകയിലണ് രുപപ്പെടുത്തിയിരിക്കുന്നത്. മലങ്കരസഭാ ഭരണത്തിന്‍റെ വിവിധ ഘടകങ്ങളായ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ, പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്, മലങ്കര അസോസിയേഷന്‍ / മാനേജിംഗ് കമ്മറ്റി എന്നിവയുടെ പരസ്പരബന്ധിതവും പരസ്പരപൂരകവുമായ പ്രവര്‍ത്തനം ഉറപ്പുവരത്തക്കവിധവും, ഒന്ന് ഒന്നിനെ മറികടക്കാത്തവിധവുമാണ് മലങ്കര സഭാ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. അതിനായി മലങ്കരയുടെ അംബേദ്കര്‍ എന്നു തീര്ച്ചയായും വിശേഷിപ്പിക്കാവുന്ന റാവുസാഹിബ് ഒ. എം. ചെറിയാന്‍ ഭരണഘടനയിലെ ഓരോവാക്കും അളന്നും തൂക്കിയുമാണ് പ്രയോഗിച്ചിരിക്കുന്നത്. മലങ്കര സഭ ഒരു പ്രസ്ഥാനമോ സാമുദായിക സംഘടനയോ അല്ലാത്തതിനാല് പട്ടത്വത്വത്തിന് അതിന്റേതായ ബഹുമാനവും മേല്ക്കൈയും ഭരണഘടനയില്‍ നല്കിയിട്ടുണ്ട്. അതേസമയംതന്നെ മെത്രാന്മാരുടെ ഏകനായകത്വം ഫലപ്രദമായി തടഞ്ഞിട്ടുമുണ്ട്.

1934-ല്‍ മലങ്കര സഭാ ഭരണഘടന രൂപപ്പടുത്തുക എന്നത് അതീവ സങ്കീര്ണ്ണമായ ഒരു പ്രക്രിയ ആയിരുന്നു. ഭരണഘടനാ നിര്‍മ്മാണ കമ്മറ്റിയില്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്ക്കുന്ന രണ്ട് ആശയഗതികള്‍ ആദിമുതല്‍തന്നെ ഉണ്ടായിരുന്നു. ഗ്രീക്കോ-റോമന് ശൈലിയില്‍ എപ്പിസിക്കോപ്പായില്‍ കേന്ദ്രീകരിച്ച പിരമിഡ് മാതൃകയിലുള്ള ഭരണസംവിധാനത്തെ പിന്തുണയ്ക്കുന്ന മെത്രാധിപത്യ വാദികളും മലങ്കര നസ്രാണിയുടെ തനതായ മലങ്കര പള്ളിയോഗത്തില്‍ അധിഷ്ഠിതമായ ഭരണ സംവിധാനത്തെ പിന്തുണയ്ക്കുന്ന ജനാധിപത്യ വാദികളും തമ്മില്‍ ഭരണഘടനാ നിര്‍മ്മാണ കമ്മറ്റിയില്‍ ഏറ്റുമുട്ടി. കമ്മറ്റിയുടെ പ്രവര്ത്തനംതന്നെ പൂര്ണ്ണമായി സ്തംഭിക്കത്തക്കവിധം രൂക്ഷമായിരുന്നു ഈ ആശയ സംഘട്ടനം. ജനാധിപത്യവാദികള്‍ സഭ, എപ്പിസ്ക്കോപ്പസി എന്നിവയെ ഒരിക്കലും തള്ളിപ്പറഞ്ഞില്ല എന്ന ഒരൊറ്റി പിടിവള്ളി മാത്രമാണ് ആശ്വാസമായുണ്ടായിരുന്നത്.

മെത്രാധിപത്യവും ജനാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ മലങ്കരയ്ക്ക് പൊതുസ്വത്തുക്കളുണ്ടായ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ ആരംഭിച്ചതാണ്. പിന്നീട് പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസിന്‍റെ തികച്ചും ഏകാധിപത്യപരമായ ഭരണകാലത്ത് അതിനോടുള്ള എതിര്‍പ്പ് ശക്തമായി. അദ്ദേഹം സ്വപിതൃസഹോദരപുത്രനായ തോമസ് അത്താനാസ്യോസിനെ ഏകപക്ഷീയമായി പിന്‍ഗാമിയായി വാഴിച്ചതോടെ മെത്രാന്‍റെ ഏകാധിപത്യത്തിനു തടയിടണമെന്നുള്ള അഭിപ്രായം ശക്തമായി. ഈ സാഹചര്യത്തിലാണ് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ മുന്‍കൈയ്യെടുത്ത് 1873-ല്‍ പരുമലയിലും 1876-ല്‍ മുളന്തുരുത്തിയിലും മലങ്കര പള്ളിയോഗം വിളിച്ചുകൂട്ടി മെത്രാന്മാരുടെ ഏകനായകത്വത്തിന് എതിര്ശക്തിയായി മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിക്ക് രൂപം കൊടുക്കുന്നത്.

ഇതിനു സമാന്തരമായി 1876-ല്ത്തന്നെ അന്നു കേരളത്തിലുണ്ടായിരുന്ന പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ഏകപക്ഷീയമായി മലങ്കരയെ ഏഴ് ഇടവകകളായി തിരിക്കുകയും ആറ് പുതിയ മെത്രാന്മാരെ വാഴിക്കുകയും ചെയ്തു. തങ്ങളോടാലോചിക്കാതെ മെത്രാന്മാരെ തിരഞ്ഞെടുത്തതില്‍ പുതുതായി രൂപംകൊണ്ട മാനേജിംഗ് കമ്മറ്റി അന്നുതന്നെ പാത്രിയര്‍ക്കീസിനോട് പ്രതിഷേധം പ്രകടിപ്പിച്ചു. പാത്രിയര്‍ക്കീസ് വിളിച്ചുകൂട്ടിയ വെളിയനാട് സുന്നഹദോസിന്‍റെ ബഹിഷ്ക്കരണവും മാനേജിംഗ് കമ്മറ്റിയുടെ കൂട്ടരാജിയും വരെയെത്തി കാര്യങ്ങള്‍ ഏതായാലും 1889-ലെ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധിപ്രകാരം ജനങ്ങളുടെ തിരഞ്ഞെടുപ്പ് മെത്രാന്‍ വാഴചയ്ക്ക് അത്യന്താപേഷിതമായതോടെ ഇക്കാര്യത്തില്‍ മാനേജിംഗ് കമ്മറ്റിയുടെ അവകാശം നിയമപരമായി സ്ഥാപിച്ചുകിട്ടി.

എന്നാല്‍ ഇക്കാര്യത്തില്‍ വളരെ വിശാലമായ കാഴ്ചപ്പാടാണ് അന്ന് മാനേജിംഗ് കമ്മറ്റി സ്വീകരിച്ചത്. പ. പരുമല തിരുമേനിയുടെ മുപ്പത് അടിയന്തിരശേഷം ചേര്‍ന്ന മാനേജിംഗ് കമ്മറ്റി, പുതിയ മെത്രാന്മാരുടെ തിരഞ്ഞെടുപ്പിനേപ്പറ്റിയുള്ള ചര്ച്ചയില്, … അക്കാര്യം തിരുമേനികള് തീരുമാനിക്കട്ടെയെന്നു … പറഞ്ഞു അവര്‍ക്ക് വിട്ടുകൊടുക്കുകയാണുണ്ടായത് എന്ന് ദൃക്സാക്ഷിയായ കാരുചിറ ഗീവര്ഗീസ് റമ്പാന്‍റെ സഭാജീവിത നാള്‍വഴിയില്‍ കാണുന്നു. 1934-നു മുമ്പുള്ള ഭരണഘടനാ പൂര്‍വകാലത്ത് വാഴിക്കപ്പെട്ട മെത്രാന്മാര്‍ക്ക് ഇടവക തിരിച്ചു കൊടുക്കുന്നതില്‍ മാനേജിംഗ് കമ്മറ്റിക്ക് എന്തെങ്കിലും പങ്കുണ്ടായിരുന്നോ എന്ന് സംശയമാണ്.

എന്നാല് 1889- 1910 കാലഘട്ടത്തില്‍ മറ്റൊരു സംഭവവികാസം വികസിച്ചു വരുന്നുണ്ടായിരുന്നു. അത് സഭാഭരണത്തില്‍ – പ്രത്യേകിച്ചു ലൗകീക വിഷയങ്ങളില്‍ – മെത്രാധിപത്യം ക്രമേണ പിടിമുറുക്കുന്നു എന്നതായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനെ മാനേജിംഗ് കമ്മറ്റി തിരുത്തിയതായി അക്കാലത്തെ മിനിട്സില് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഈദൃശ്യപ്രവര്ത്തനങ്ങള്‍ ഊര്ജ്ജിതമാകുന്നതായി ജനങ്ങളുടെ സംശയവും വര്ദ്ധിച്ചുവരുന്നതായാണ് സമകാലിക രേഖകള്‍ സൂചിപ്പിക്കുന്നത്. അതിന്‍റെ പാരമ്യത്തില്‍ ഈ സംശയം മലങ്കര മെത്രാനോട് രേഖാമൂലം സമുദായ പ്രമാണികള്‍ ഉന്നയിക്കുകയും അതു നിഷേധിച്ചുകൊണ്ട് മലങ്കര മെത്രാന്‍ പരസ്യകത്ത് പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നതുവരെയെത്തി കാര്യങ്ങള്‍. 1912-30 കാലഘട്ടത്തിലെ വ്യവഹാര പരമ്പരകള്‍ക്കിടയില്‍ ഈ വിഷയം മരവിച്ചെങ്കിലും അതിനുശേഷം ഭരണഘടനാ നിര്‍മ്മാണ കമ്മറ്റി രൂപികരിച്ചതോടെ ഈ വിഷയം ഉയര്‍ുത്തെഴുനേല്ക്കുകയും രൂക്ഷമായ അഭിപ്രായ ഭിന്നതയിലേയ്ക്കു നീങ്ങുകയും ചെയ്തു.

മെത്രാധിപത്യം പിടിമുറുക്കിവന്നു എങ്കിലും 1876-1934 കാലത്ത് എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന് നൈയ്യാമികമായ പിന്‍ബലമൊന്നും ഇല്ലായിരുന്നു. ഇടവക മെത്രാന്മാര്‍ എല്ലാം മാനേജിംഗ് കമ്മറ്റിയുടെ ഉപാദ്ധ്യക്ഷന്മാരായിരുന്നവെങ്കിലും, അവര്മാത്രം പലപ്പോഴും കൂടിയാലോചിച്ചിരുന്നെങ്കിലും അതിനു വ്യവസ്ഥാപിതമായ ചട്ടക്കൂടൊന്നുമില്ലായിരുന്നു. ഈ വസ്തുതയും ഭരണഘടനാ നിര്‍മ്മാണ കമ്മറ്റിയുടെ മുമ്പിലുണ്ടായിരുന്നു.

ഇതേ കാലഘട്ടത്തില്‍ സംഭവിച്ച മറ്റൊരു പ്രധാന വഴിത്തിരിവാണ് 1912-ലെ കാതോലിക്കേറ്റ് സ്ഥാപനം. മുഖ്യ കാര്‍മ്മികനായിരുന്ന പ. ഇഗ്നാത്തിയോസ് അബ്ദല് മ്ശീഹാ ദ്വിതീയന് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് നല്കിയ സ്ഥാത്തിക്കോന് മാത്രമായിരുന്നു കാതോലിക്കേറ്റിനു പിന്‍ബലമേകുന്ന ഏക രേഖ. 1912 കന്നി രണ്ടാം  തീയതി നിരണംപള്ളിയില്‍വെച്ച് എഴുതപ്പെട്ട സ്ഥാത്തിക്കോനില് ...നിങ്ങളുടെ അപേക്ഷാനുസരണം നമ്മുടെ ആത്മിക വാത്സല്യവാനായ ഈവാനിയോസിനെ ബസ്സേലിയോസ് എന്ന നാമധേയത്തില് കിഴക്കിന്‍റെയും ഇന്ത്യയിലും മറ്റുമുള്ള മാര്‍ത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന്‍റെയും കാതോലിക്കായായി നാം പട്ടം കൊടുത്തിരിക്കുന്നു. നമ്മുടെ കര്ത്താവേശുമിശിഹായാല്‍പരിശുദ്ധ ശ്ലീഹന്മാര്‍ക്ക് ദാനം ചെയ്യപ്പെട്ടതുപോലെ. ദീവന്നാസ്യോസ് അദ്ധ്യക്ഷനായിരിക്കുന്ന മലങ്കര അസ്സോസ്യേഷന്‍ അംഗങ്ങളുടെ ആലോചനയോടുകൂടി പരിശുദ്ധ സഭയുടെ ക്രമപാലനത്തിനാവശ്യമായ എല്ലാ ആത്മിക അംശങ്ങളും പൊതുവായി ശുശ്രൂഷിപ്പാന്‍ അദ്ദേഹത്തിനു പരിശുദ്ധ റൂഹായാല്‍ അധികാരം നല്കപ്പെട്ടു. അതായത്, മെത്രാപ്പോലീത്തന്മാരെയും എപ്പിസ്കോപ്പന്മാരെയും പട്ടംകെട്ടുവാനും പരിശുദ്ധ മൂറോന്‍ കൂദാശ ചെയ്യുവാനും ആത്മികങ്ങളായ ശേഷമുള്ള എല്ലാ അംശങ്ങളെയും ശുശ്രൂഷിക്കുവാനും പ്രത്യേകിച്ചു ഇതുവരെയും ഭരിച്ചിരുന്നതുപോലെ കണ്ടനാട് ഇടവകയെ ഭരിപ്പാനും തന്നെ. … എന്നാണ് കാതോലിക്കേറ്റിനെ നിര്‍വചിച്ചിരിക്കുന്നത്.

ഈ സ്ഥാത്തിക്കോനില്‍ ശ്രദ്ധേയമായ ചില വസ്തുതകളുണ്ട്. ഒന്നാമതായി മലങ്കര മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരിക്കുന്ന മലങ്കര അസ്സോസ്യേഷന്‍ അംഗങ്ങളുടെ ആലോചനയോടുകൂടി ആത്മീയ കര്‍മ്മങ്ങളനുഷ്ഠിക്കാനാണ് കാതോലിക്കായെ അധികാരപ്പെടുത്തിയിരിക്കുന്നത്. രണ്ടാമതായി, അദ്ദേഹത്തിന് എപ്പസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ അദ്ധ്യക്ഷസ്ഥാനം നല്കുന്നില്ല. ചുരുക്കത്തില്‍ കാതോലിക്കാ എന്ന ആത്മീയ അദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്താ എന്ന ലൗകീക അധികാരിയും ഒരേ സമയം നിലനില്ക്കുന്ന ഒരവസ്ഥയാണ് അന്ന് സംജാതമായത്. …അദ്ദേഹം കാതോലിക്കാ എന്ന നിലയില്‍ എന്‍റെ മേലധികാരിയും ഇടവക മെത്രാപ്പോലീത്താ എന്ന നിലയില്‍ എന്‍റെ കീഴ്സ്ഥാനിയുമാണ് … എന്ന് പ. വട്ടശ്ശേരില് മാര്‍ ദീവന്നാസ്യോസ് കോടതിയില്‍ വിശദീകരിച്ചെങ്കിലും ഇരട്ട അധികാര കേന്ദ്രം (duel authority centres) എന്ന പ്രശ്നം ഉടലെടുക്കുകതന്നെ ചെയ്തു.

ഭരണഘടനാ നിര്‍മ്മാണ കമ്മറ്റിയില്‍ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും യഥാക്രമം മെത്രാധിപത്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പ്രതീകങ്ങളായി. കാതോലിക്കായില്‍ കേന്ദ്രീകൃതമായ എപ്പിസ്ക്കോപ്പസി മെത്രാധിപത്യ വാദികള്‍ മുമ്പോട്ടു വെച്ചപ്പോള്‍ മലങ്കര മെത്രാപ്പോലീത്തായിള്‍ കേന്ദ്രീകരിച്ച പരമ്പരാഗതമായ മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി ഭരണമായിരുന്നു ജനാധിപത്യ വാദികളുടെ ലക്ഷ്യം. എന്നാല്‍ കാതോലിക്കായേയും എപ്പിസ്ക്കോപ്പസിയേയും തള്ളിപ്പറയാന്‍ ജനാധിപത്യ വാദികള്‍ തയാറായില്ല. ഇരുകൂട്ടരും അഭിപ്രായസ്വമന്വയത്തിലെത്താതെ പിരിഞ്ഞതോടെ ഭരണഘടന രൂപീകരിക്കേണ്ട ഭാരം മുഖ്യമായും റാവുസാഹിബ് ഒ. എം. ചെറിയാനിലെത്തിച്ചേര്‍ന്നു.

സമഗ്രമായ ഒരു അടിത്തറയാണ് ഒ. എം. ചെറിയാന്‍റെ നേതൃത്വത്തില് മലങ്കരസഭാ ഭരണഘടനയ്ക്കുണ്ടാക്കിയത്. അവയെ താഴെ പറയുംവിധം സംഗ്രഹിക്കാം.

1. മലങ്കര സഭയുടെ ജനാധിപത്യ – എപ്പിസ്ക്കോപ്പല്‍ സ്വഭാവങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ സഭ എന്ന നിലയില്‍ എപ്പിസ്ക്കോപ്പസിക്ക് മേല്‍കൈ നല്കി.
2. സഭയുടെ അടിസ്ഥാന കാനോന്‍ സംഹിതയായി ഗ്രീഗോറിയോസ് ബാര്‍ എബ്രായയുടെ ഹൂദായ കാനോന്‍ അംഗീകരിച്ചു.
3. ഇടവക മെത്രാന്മാര്‍ മാനേജിംഗ് കമ്മറ്റിയുടെ വൈസ് പ്രസിഡന്റുമാരായി തുടരുമ്പോള്‍തന്നെ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സ്വതന്ത്രമായ ഒരു അസ്തിത്വമായി (entity)നിര്ദ്ധാരണം ചെയ്തു.
4. പൗരസ്ത്യ കാതോലിക്കായെ എപ്പസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ അദ്ധ്യക്ഷനാക്കി.
5. വിശ്വാസം പട്ടത്വം അച്ചടക്കം എന്നിവ പൂര്ണ്ണമായും എപ്പിസ്ക്കോപ്പല്‍  സുന്നഹദോസിന്‍റെ മാത്രം അധികാര പരിധിക്കുള്ളിലാക്കി. ഭേദപ്പെടുത്തെരുത് എന്ന നിബന്ധനയോടെ വിശ്വാസ വ്യാഖ്യാനവും എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനു പൂര്ണ്ണമായും വിട്ടുകൊടുത്തു.
6. കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങളെ വ്യത്യസ്തമായി നിര്ദ്ധാരണം ചെയ്തെങ്കിലും രണ്ടു സ്ഥാനവും ഒരാള്‍ വഹിക്കണമെന്ന നിര്‍ദ്ധെശത്തിലൂടെ ഇരട്ട അധികാര കേന്ദ്ര പ്രശ്നം ഒഴിവാക്കി.
7. കാതോലിക്കാ/മലങ്കര മെത്രാപ്പോലീത്താ, മെത്രാന്മാര്‍, കൂട്ടുട്രസ്റ്റിമാര്‍ എന്നിവരുടെ തിരഞ്ഞെടുപ്പില്‍  അസോസിയേഷന്‍റെ പ്രാധാന്യം ഉറപ്പുവരുത്തി.

ഈ അടിസ്ഥാന സിദ്ധാന്തങ്ങളിലൂന്നി മലങ്കരസഭാ ഭരണഘടന വ്യാഖ്യാനിച്ചാല്‍ സഭയുടെ ആത്മീക-ലൗകീക ഭരണത്തെ വ്യക്തമായും രണ്ടായി വേര്‍തിരിക്കുന്നതായും, ആത്മീയ കാര്യങ്ങള്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ മാത്രം അധികാരപരിധിയിലേയ്ക്ക് പരിമിതിപ്പെടുത്തിയിരിക്കുന്നതായും കാണാം. ഇതു മനസിലാക്കാന്‍ കാതോലിക്കാ/മലങ്കര മെത്രാപ്പോലീത്താ, മെത്രാന്മാര്‍, കൂട്ടുട്രസ്റ്റിമാര്‍, അസോസിയേഷന്‍ സെക്രട്ടറി എന്നിവരുടെ തിരഞ്ഞെടുപ്പ്, പുറത്താക്കല്‍ ഇവയെപ്പറ്റിയുള്ള ഭരണഘടനാ വകുപ്പുകള്‍ പരിശോധിച്ചാല്‍ മതി.

1. തിരഞ്ഞെടുപ്പ്

  • കാതോലിക്ക – അസോസിയേഷന്‍ തിരഞ്ഞെടുക്കണം – എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കണം (കാതോലിക്കാ തന്നെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനംകൂടി വഹിക്കുന്നതിനാല്‍ മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്ക് പ്രത്യേക തിരഞ്ഞെടുപ്പ് നിലവില്‍ ആവശ്യമില്ല.)
  • മെത്രാന്മാര്‍ – അസോസിയേഷന്‍ തിരഞ്ഞെടുക്കണം – എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കണം (അസോസിയേഷനില്‍ ഹാജരായ അംഗങ്ങളായ വൈദീകരുടേയും അവൈദീകരുടേയെയും കുറഞ്ഞത് 50%+1 വീതം വോട്ടുകള്‍ പ്രത്യേകം പ്രത്യേകം – separate minimum – നേടണം )
  • കൂട്ടുട്രസ്റ്റിമാര്‍ – അസോസിയേഷന്‍ തിരഞ്ഞെടുക്കണം
  • അസോസിയേഷന്‍ സെക്രട്ടറി – മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുക്കണം – മലങ്കര മെത്രാപ്പോലീത്താ സ്ഥിരപ്പെടുത്തണം

ഇതില്‍ നിന്നും വ്യക്തമാകുന്ന ചില വസ്തുതകളുണ്ട്. ഒന്നാമതായി, കാതോലിക്കാ/മലങ്കര മെത്രാപ്പോലീത്താ, മെത്രാന്മാര്‍ എന്നീ സ്ഥാനങ്ങളിലേയ്ക്കുള്ള അസോസിയേഷന്‍റെ തിരഞ്ഞെടുപ്പ് നിരാകരിക്കാനുള്ള അവകാശം എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനുണ്ട്. മെത്രാന്‍ തിരഞ്ഞെടുപ്പില്‍ മുമ്പ് അപ്രകാരം സംഭവിച്ചിട്ടുമുണ്ട്. കേവലഭൂരിപക്ഷവും മൃഗീയ ഭൂരിപക്ഷവും ഒഴിവാക്കാനും സ്ഥാനാര്ത്ഥിയുടെ വൈദീക – അവൈദീക പിന്തുണ വേര്തിരിച്ച് അളക്കുവാനും മെത്രാന്‍ തിരഞ്ഞെടുപ്പില് separate minimum വോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമതായി, ലൗകീക ഭരണത്തില്‍ മാത്രം പങ്കുള്ള കൂട്ടുട്രസ്റ്റിമാര്‍ അസോസിയേഷന്‍റെ തിരഞ്ഞെടുപ്പുകൊണ്ടു മാത്രം സ്ഥാനം പ്രാപിക്കും. എന്നാല്‍ അസോസിയേഷന്‍ സെക്രട്ടറിയെ മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുത്താലും അത് അംഗീകരിക്കാതിരിക്കാനുള്ള അവകാശം മലങ്കര മെത്രാപ്പോലീത്തായ്ക്കുണ്ട്.

2. പുറത്താക്കല്‍

  • അസോസിയേഷന്‍ സെക്രട്ടറിയെ കാരണം കാണിക്കാതെ മാനേജിംഗ് കമ്മറ്റിക്ക് നീക്കം ചെയ്യാം.
  • കൂട്ടുട്രസ്റ്റിമാരെ കാരണം കാണിക്കാതെ അസോസിയേഷന് നീക്കം ചെയ്യാം.
  • മെത്രാന്മാര്‍ – പരാതി എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ കൊണ്ടുവരണം. ഇരു കക്ഷികള്‍ക്കും നോട്ടീസ് കൊടുത്ത് വാദംകേട്ട് ഭൂരിപക്ഷാഭിപ്രായപ്രകാരം സുന്നഹദോസ് പ്രസിഡന്റ് വിധി പ്രസ്താവിക്കണം.
  • കാതോലിക്കാ/മലങ്കര മെത്രാപ്പോലീത്താ – മെത്രാന്മാരുടേതുപോലെ തന്നെ – പക്ഷേ സ്വീകരിക്കപ്പെട്ട പാത്രിയര്ക്കീസുണ്ടെങ്കില്‍ അദ്ദേഹത്തെ ക്ഷണിക്കണം. വേണമെങ്കില് ആലോചനയ്ക്കായി മാനേജിംഗ് കമ്മറ്റിയിലെ ആവശ്യമുള്ളവരെ ക്ഷണിക്കാം.

ഇതു വ്യക്തമാക്കുന്ന വസ്തുത, കാതോലിക്കാ/മലങ്കര മെത്രാപ്പോലീത്തായെപ്പറ്റിയുള്ള പരാതിയിലും വിധിയിലും ഉള്ള പരിമിതമായ പങ്കുപോലും മെത്രാന്മാരുടെ കാര്യത്തില്‍ മാനേജിംഗ് കമ്മറ്റിക്ക് ഇല്ല എന്നതാണ്. മലങ്കര മെത്രാപ്പോലീത്താസ്ഥാനം കാതോലിക്കാ വഹിക്കുന്നതിനാലാണ് അവിടെ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ക്ക് ക്ഷണിക്കപ്പെടാനുള്ള അവസരമെങ്കിലുമുള്ളത്. അതൊഴിവാക്കിയാല്‍ തികച്ചും ഹൂദായ കാനോനിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് മെത്രാന്മാരുടെമേലുള്ള നടപടികള്‍ ഭരണഘടനയില്‍  ക്രമീകരിച്ചിരിക്കുന്നത്.

മെത്രാന്മാരുടെ തിരഞ്ഞെടുപ്പും പുറത്താക്കലും സംബന്ധിച്ചുള്ള ഭരണഘടനാ വകുപ്പുകള്‍ വിശകലനം ചെയ്താല് മെത്രാന്‍ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം കഴിഞ്ഞാല്‍ അതുസംബന്ധിച്ച നടപടികള്‍ പൂര്ണ്ണമായും എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ നിയന്ത്രണത്തിലാകുന്നു എന്നു കാണാം.

ഈ പശ്ചാത്തലത്തിലാവണം മെത്രാന്മാര്‍ക്ക് ഇടവക തിരിച്ചുനല്കുന്നതിനെക്കുറിച്ചുള്ള ഭരണഘടനാ പരാമര്‍ശനം പരിശോധിക്കുവാന്‍. ഇവിടെ അടിസ്ഥാന വസ്തുത, മെത്രാന്‍ ലൗകീക ഭരണാധികാരി മാത്രമല്ല അത്മീയ പിതാവുകൂടിയാണ് എന്നതാണ്. എന്നാല്‍ ഈ പിതൃസ്ഥാനം മലങ്കര സഭയുടെ വിശ്വാസമോ പാരമ്പര്യമോ ഭേദപ്പെടുത്താനോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള് അടിച്ചേല്പ്പിക്കാനോ നടപ്പാക്കാനോ ഉള്ള അനിയന്ത്രിതമായ അധികാരമൊന്നും മെത്രാന്മാര്ക്കു നല്കുന്നില്ല എന്ന വസ്തുതയും ഇവിടെ സൂചിപ്പിക്കട്ടെ. അത്തരം ഏകാധിപത്യപരമായ അധികാരം കാതോലിക്കാ/മലങ്കര മെത്രാപ്പോലീത്തായ്ക്കുപോലും ഭരണഘടന പ്രദാനം ചെയ്യുന്നില്ല. എന്നാല്‍ ആത്മീയ പിതൃസ്ഥാനം പരിഗണിച്ചാണ് ഭരണഘടനയുടെ 64-ആം വകുപ്പില്‍ മെത്രാന്മാരുടെ നിയമനത്തില്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന് മേല്ക്കൈ നല്കിയിരിക്കുന്നത്.

ഓരോവാക്കും അളന്നും തൂക്കിയും പ്രയോഗിച്ച റാവുസാഹിബ് ഒ. എം. ചെറിയാന്, ഭരണഘടനയുടെ 64-ആം വകുപ്പില്‍ കാതോലിക്കാ മെത്രാന്മാര്ക്ക് ഇടവക തിരിച്ച് കല്പന നല്കേണ്ടത് സുന്നഹദോസിന്‍റെ ശുപാര്ശയോടും മാനേജിംഗ് കമ്മറ്റിയുടെ ആലോചനയോടും കൂടി എന്നു രണ്ടു വിധത്തിലാണ് പരാമര്ശിച്ചിരിക്കുന്നത്. ഔദ്യോകിക ഇംഗ്ലീഷ് പരിഭാഷപ്രകാരം … The Catholicos shall in consultation with the Malankara Association Managing Committee and according to the recommendation of the Malankara Episcopal Synod allocate Dioceses to the Metropolitans … എന്നാണ് പരാമര്ശിത വകുപ്പ്. ഇതു ബോധപൂര്‍വ്വമായിത്തന്നെ ചെയ്ത ഒന്നാണ്. ഈ വകുപ്പനുസരിച്ച് മെത്രാന്മാരുടെ നിയമനം കാതോലിക്കാ മാനേജിംഗ് കമ്മറ്റിയുമായി ആലോചിക്കണം. പക്ഷേ അത് ശുപാര്‍ശ ചെയ്യാന്‍ അവര്‍ക്ക് അധികാരമില്ല. സുന്നഹദോസാണ് ഇക്കാര്യം ശുപാര്‍ശ ചെയ്യേണ്ടത്. സുന്നഹദോസിന്‍റെ ശുപാര്‍ശ നിരാകരിക്കാന്‍ കാതോലിക്കാ/മലങ്കര മെത്രാപ്പോലീത്തായ്ക്ക് ഭരണഘടനപ്രകാരം അധികാരവുമില്ല. ഫലത്തില്‍, മെത്രാന്മാരുടെ നിയമന കാര്യത്തില്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ ശുപാര്ശയാണ് പരമപ്രധാനം എന്നു കാണാം.

ഇത് പുതുതായി വാഴിക്കപ്പെട്ട ഒരു മെത്രാന്‍റെ നിയമനത്തെപ്പറ്റിയുള്ള നിയമമാണന്ന് നിസംശയമാണ്. ഇതില്‍ പുനര്‍നിയമനം ഉള്‍പ്പെട്ടിട്ടില്ല എന്ന വാദിച്ചാല് അതും ശരിയാണ്. കാരണം മെത്രാന്മാരുടെ സ്ഥലംമാറ്റം എന്നത് സഭയോ ഭരണഘടനാ ശില്പ്പികളോ ചിന്തിച്ചിട്ടുകൂടിയില്ലാത്ത വസ്തുതയായിരുന്നു എന്നതാണ്. ക്രൈസ്തവ വിശ്വാസപ്രകാരം അടിയന്തിരഘട്ടങ്ങളിലൊഴികെ അസാദ്ധ്യമായ ഒന്നിനെപ്പറ്റി ചര്‍ച്ച ചെയ്യാത്തിതില്‍  അത്ഭുതമില്ല. ഇതിനായി ലോക ക്രൈസ്തവ ചരിത്രം പരിശോധിക്കാം.

ഓര്ത്തഡോക്സ് ലോകത്ത് മെത്രാന്മാരുടെ സ്ഥംമാറ്റം എന്നത് അചിന്ത്യമായ ഒന്നാണ്. ഉദാഹരണമായി കോപ്ടിക് സഭയില്‍ ഭദ്രാസന ഭരണമുള്ളവരും, ഇല്ലാത്തവരും എന്നിങ്ങനെ രണ്ടുതരം മെത്രാന്മാരുണ്ട്. ഭദ്രാസന ഭരണമുള്ള മെത്രാന്മാര്‍ക്ക്   സ്ഥലംമാറ്റമില്ല. അവര്‍ക്ക് പോപ്പിന്‍റെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥിയാവാനും സാദ്ധ്യമല്ല. കോപ്ടിക് പോപ്പ് അലക്സാന്ത്രിയായുടെ മെത്രാന്‍കൂടെ ആയതിനല്‍ ഭദ്രാസന ഭരണമുള്ള മെത്രാന്മാര്‍ പോപ്പ് ആയാല്‍ അതില്‍ സ്ഥലംമാറ്റം കടന്നുവരും. അത് ഒഴിവാക്കാനാണത്രെ ഇത്തരമൊരു നിയന്ത്രണം വെച്ചിരിക്കുന്നത്. അതേസമയം സ്ഥാനക്കയറ്റത്തോടു കൂടിയ സ്ഥലംമാറ്റം ഓര്ത്തഡോക്സ് സഭകള്‍ പരിമിതമായി അനുവദിക്കുന്നുമുണ്ട്.

ഒരു മെത്രാനെ വാഴിച്ച് സിംഹാസനാരോഹണം നടത്തുമ്പോള്‍ അദ്ദേഹം ആ ഇടവകയെ വിവാഹം ചെയ്യുന്നു എന്നാണ് ക്രൈസ്തവ സങ്കല്പം. സുന്ത്രോണീസോ നടത്തുമ്പോള്‍ മെത്രാന്‍ നിര്ദ്ദിഷ്ട ഇടവകയെ വരിച്ചു എന്നാണ് വിശ്വാസം. വിവാഹമോചനം ക്രൈസ്തവ പാരമ്പര്യത്തില്‍ നിഷിദ്ധമായതിനാല്‍ മെത്രാന്മാര്‍ തങ്ങള്‍ വിവാഹം ചെയ്ത ഇടവക വിടുന്നതും നിഷിദ്ധമായാണ് സഭ കണക്കാക്കുന്നത്. ഈ സാഹചര്യം മറികടക്കാനാണ് താല്ക്കാലിക അടിസ്ഥാനത്തില്‍ ആവശ്യമായി വരുമ്പോള്‍ റോമന്‍ കത്തോലിക്കാ സഭ പൊന്തിഫിക്കല്‍ ഡെലിഗേറ്റ്, വികാരി അപ്പോസ്ഥോലിക്കാ തുടങ്ങിയ സ്ഥാനങ്ങളോടെ പല മെത്രാന്മാരെയും നിയമിക്കുന്നത്. അന്ത്യോക്യന്‍ സഭ സമീപ കാലത്ത് പാത്രിയാര്ക്കല്‍ വികാരിമാരെ നിയമിക്കുന്നതിന്‍റെ ഉദ്ദേശവും മറ്റൊന്നല്ല.

കേരളത്തിലെ എപ്പിസ്ക്കോപ്പല്‍ സഭകളുടെ കാര്യമെടുത്താല്‍ പൗരസ്ത്യ കല്ദായ സുറിയനി സഭ, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ എന്നനിവയില്‍ മെത്രാന്മാരുടെ സ്ഥലംമാറ്റം അപ്രസക്തമാണ്. മാര്‍ത്തോമ്മാ സഭയില്‍ മാത്രമാണ് ഇന്ന് ഏഴുവര്ഷത്തിലൊരിക്കല്‍ മെത്രാന്മാരുടെ നിര്ബന്ധിത സ്ഥലംമാറ്റം എന്നൊരു നിയമം പേരിനെങ്കിലുമുള്ളത്. പക്ഷേ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. 1970-കളിലാണ് മാര്‍ത്തോമ്മാ സഭയില്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്കും ഒന്നോ രണ്ടോ സഫ്രഗന്മാര്‍ക്കുപ്പുറം കൂടുതല്‍ എപ്പിസ്ക്കോപ്പാമാര്‍ ഉണ്ടായത്. മലങ്കര സഭയില്‍ ഇടവക മെത്രാന്മാര്‍ ഉണ്ടായ 1876 മുതല്‍ ഭരണഘടന പാസാക്കിയ 1934 വരെയുള്ള കാലത്ത് അവരുടെ സ്ഥാനത്തേക്കുറിച്ച് ഉണ്ടായിരുന്ന ആശയക്കുഴപ്പത്തിന് സമാനമായ സ്ഥിതിയാണ് മാര്‍ത്തോമ്മാ സഭയില്‍ ഈ വിഷയത്തില്‍ ഇന്നുള്ളത്. ആ ബാലാരിഷ്ടത മാറി വ്യക്തത ഉണ്ടാകുമ്പോള്‍ മാര്‍ത്തോമ്മാ സഭ എതു മാര്ഗ്ഗം പിന്തുടരും എന്നതില്‍ ഒരു അഭിപ്രായം പറയാനുള്ള കാലം ഇനിയുമായിട്ടില്ല. അതിനാല് അതു മാതൃകയാക്കാനുമാവില്ല.

ചര്ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ നിയമാവലി അതേപടി പകര്ത്തിയ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയില്‍ മെത്രാന്മാര്ക്ക് സ്ഥലംമാറ്റം ഇല്ല. എന്നാല്‍ നിശ്ചിത പ്രായത്തില്‍ റിട്ടയര്മെന്റ് ഉണ്ടുതാനും. ഭദ്രാസന തലത്തിലാണ് അവരെ തിരഞ്ഞെടുക്കുന്നതും വാഴിക്കുന്നതും. പക്ഷേ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലേതുപോലെ സി.എസ്.ഐ. സഭയിലെ ബിഷപ്പുമാരും സഭയില്‍നിന്നും നിശ്ചിത പ്രതിമാസ ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നവരാണ് എന്ന വസ്തുതയും പരിഗണിക്കണം.

റോമന് കത്തോലിക്കാ സഭയില്‍ ഒരു നിശ്ചിത രൂപതയ്ക്കുവേണ്ടി മാത്രമാണ് മെത്രാന്മാരെ വാഴിക്കുക. അതേസമയം അവരുടെ റിട്ടയര്മെന്റ് പ്രായം 75 ആയി നിജപ്പെടുത്തിയിട്ടുണ്ട്. സ്ഥാനക്കയറ്റം (ആര്ച്ച് ബിഷപ്പ്, മെത്രാപ്പോലീത്താ) കൊണ്ട് ഇവരുടെ രൂപതകളില് മാറ്റംവരുന്നതല്ലാതെയുള്ള മെത്രാന്മാരുടെ സ്ഥലംമാറ്റം റോമന്‍ കത്തോലിക്കാ സഭയിലില്ല. റോമന്‍ കത്തോലിക്കാ സഭയുടെ വത്തിക്കാന്‍ നയതന്ത്ര വകുപ്പടക്കമുള്ള അഖിലലോക ഭരണ സംവിധാനത്തില്‍ മെത്രാന്മാരെ പലയിടത്തും നിയമിക്കേണ്ടിവരും. രൂപതയുടെ മെത്രാന്‍ എന്ന കാനോന്‍ നിയമം മറികടക്കാതെ ഇപ്രകാരം ചെയ്യുവാന്‍ റോമന്‍ കത്തോലിക്കാ സഭ, ഒരിക്കല്‍ ആഫ്രിക്കയിലും മെഡിറ്ററേനിയന്‍ പ്രദേശത്തും നിലനിന്നതും, ഇന്ന് നഷ്ടപ്പെട്ടുപോയതുമായ മെത്രാസനങ്ങള്ക്കായി അവരെ വാഴിക്കുകയും പേപ്പല്‍ പ്രതിനിധികളായി ആവശ്യമുള്ളടത്ത് നിയമിക്കുകയും ചെയ്യക എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

സീറോ-മലബാര്‍ രൂപതയുടെ സ്ഥാപകനായ പറമ്പില്‍ ചാണ്ടിയെ 1663-ല്‍ വാഴിച്ചത് മെഗറന്സിലെ സ്ഥാനിക മെത്രാന്‍ ആയിട്ടാണ്. നിയമനം മലബാറിന്‍റെ വികാരി അപ്പോസ്ഥോലിക്കാ ആയും. 1930-ല്‍ റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്ന ബഥനിയുടെ മാര്‍ ഈവാനിയോസിനെ ലിബിയയിലെ പാസിസ് എന്ന സ്ഥലത്തെ സ്ഥാനിക ആര്ച്ച്ബിഷപ്പായാണ് റോമാ സഭയില്‍ ആദ്യം സ്വീകരിച്ചത്. പിന്നാടാണ് തിരുവന്തപുരം അതിരൂപത സ്ഥാപിച്ചത്. തൊഴിയൂര്‍ സഭയില്നിന്ന് റീത്തില് ചേര്‍ന്ന പൗലൂസ് മാര്‍ പീലക്സീനോസിന് ചായലിന്‍റെ സ്ഥാനിക മെത്രാന്‍ എന്ന പദവിയാണ് നല്കിയത്. 1996-ല് ആന്റിനോയിലെ സ്ഥാനിക ആര്ച്ച് ബിഷപ്പായി പട്ടംകെട്ടപ്പെട്ട മാര്‍ വര്‍ക്കി വിതയത്തിലിനെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്ഥോലിക് അഡ്മിനിസ്റ്റേറ്ററാക്കിയ വര്‍ത്തമാനകാല സംഭവം ഇക്കൂട്ടത്തില്‍ പരിഗണിക്കാം. ഇങ്ങനെ എത്ര ഉദാഹരണം വേണമെങ്കിലും കേരളവുമായി ബന്ധപ്പെടുത്തിത്തന്നെ റോമന്‍ കത്തോലിക്കാ സഭയില്‍ കാണാവുന്നാണ്.

ചുരുക്കത്തില്‍, അഖിലലോകതലത്തില്‍തന്നെ മെത്രാന്മാരുടെ സ്ഥലംമാറ്റം നിയമവിരുദ്ധമാണ്. അതേ സമയം അനിവാര്യമായ സാഹചര്യങ്ങളില്‍ അത് പ്രാബല്യത്തിലാകുന്നുമുണ്ട്. ഉദാഹരണത്തിന് വത്തിക്കാന്‍ നയതന്ത്ര വകുപ്പിലെ ഉദ്യോഗസ്ഥനും പിന്നീട് സീറോ മലബാര്‍ സഭയിലെ പൊന്തിഫിക്കല്‍ ഡെലിഗേറ്റും ആയിരുന്ന മാര്‍ എബ്രഹാം കാട്ടുമന വാഴിക്കപ്പെട്ടത് സിബാറാദസിലെ സ്ഥാനിക മെത്രാനായാണ്. ഈ മാര്ഗ്ഗം മലങ്കര സഭയ്ക്കും പരീക്ഷിക്കാവുന്നതാണ്. ഇപ്പോള്‍ ചെയ്യുന്നതുപോലെ മെത്രാന്മാരെ മലങ്കര സഭയ്ക്കായി തിരഞ്ഞെടുത്തു പട്ടംകെട്ടുക. നിലവില്‍ ഇല്ലാത്ത – ഇനി ഉണ്ടാകാത്ത – ഭദ്രാസനത്തിനായി മാത്രം അവര്ക്ക് സുന്ത്രോണീസോ നടത്തുക. ഉദാഹരണത്തിന് ഒരിക്കല്‍ മലങ്കരയുടെ ഭരണത്തിലായിരുന്ന സെക്കോട്രാ ദ്വീപ്. പിന്നീട് സഭാ ഭരണഘടന അനുസരിച്ച് അവരെ ഏതെങ്കിലും ഇടവകയ്ക്കായി നിയമിക്കുക. അപ്പോള്‍ കാനോന്‍ നിയമം ലംഘിക്കാതെതന്നെ ആവശ്യാനുസൃതം അവരെ സ്ഥലംമാറ്റാന് സാധിക്കും. പക്ഷേ ഇവയൊക്കെ ചെയ്യേണ്ടത് നിയമത്തിന്‍റെ പരിധിക്കുള്ളില് നിന്നുകൊണ്ടാവണമെന്നുമാത്രം. അതു ചെയ്യേണ്ടത് നിയമം അനുശാസിക്കുന്നവരും.

ഭരണശേഷി കുറഞ്ഞ – പലപ്പോഴും തികഞ്ഞ പരാജയമായ – മെത്രാന്മാര്‍ ഉണ്ട് എന്നത് യാഥാര്ത്ഥ്യമാണ്. പക്ഷേ അവരെ മറ്റൊരു ഭദ്രാസനത്തിലേയ്ക്ക് സ്ഥലംമാറ്റുന്നതില്‍ അര്ത്ഥമില്ല. ഇടത്തുകാലിലെ മന്ത് വലത്തുകാലിലേയ്ക്കു മാറ്റിയതിന് തുല്യമായ നടപടി മാത്രമാണത്. അതൊരു ശ്വാശ്വത പരിഹാരത്തിനുള്ള ചികിള്‍സ അല്ല. അവരില്‍ മിക്കവരും ഭരണത്തിലൊഴികെ മറ്റു പല രംഗങ്ങളിലും ഉന്നതമായ പ്രാഗല്ഭ്യം ഉള്ളവരായിരിക്കും. അതു തിരിച്ചറിഞ്ഞ് അത്തരക്കാരെ ഭദ്രാസന ഭരണത്തില്‍നിന്നും വിടര്ത്തി അവരുടെ സര്‍ഗശേഷിക്കനുസൃതമായ മേഖലകളില്‍ മുഴുവന്‍സമയ ശ്രദ്ധചെലുത്താന്‍ അവസരമൊരുക്കുകയാണ് വേണ്ടത്. എല്ലാ മെത്രാന്മാരും ഭദ്രാസനം ഭരിക്കണമെന്ന് ഒരു നിയമവും അനുശാസിക്കുന്നില്ല. റോമാപാപ്പാപോലും സ്ഥാനമൊഴിഞ്ഞ വര്ത്തമാനകാല സാഹചര്യത്തില്‍ ആരോഗ്യമില്ലാത്തവരെ സ്ഥാനമൊഴിയാനും അനുവദിക്കണം. ഇപ്പോള്‍ ഇതാ അടിയനെ വിട്ടയയ്ക്കേണമേ എന്നു അപേക്ഷിക്കുന്നവരേയും ഭരണത്തില്‍നിന്നും വിരമിക്കാന്‍ അനുവദിക്കണം. അല്ലങ്കില്‍ അവര്ക്ക് സഹായികളെ നിയമിച്ചുകൊടുക്കണം. അതിലൊന്നും ഒരു തെറ്റുമില്ല.

എന്നാല്‍ മെത്രാന്മാര്ക്ക് നിര്ബന്ധിതവും സമയബന്ധിതവുമായ സ്ഥലംമാറ്റം (statutory transfer) നല്കുന്നത് തികച്ചു ക്രൈസ്തവേതരമായ നടപടിയാണന്നു പറയാതിരിക്കാന്‍ തരമില്ല. വിശ്വസം മാത്രമല്ല അതിനു കാരണം. അവര്‍ ആരുടേയും ശമ്പളം പറ്റുന്ന തൊഴിലാളിയല്ല എന്നതും ഇവിടെ പ്രസക്തമാണ്. വൈദീക ശമ്പള പദ്ധതി നടപ്പില്‍വന്നശേഷം മാത്രമാണ് മലങ്കരയില്‍ കത്തനാര്മാര്ക്കുപോലും പൊതുവായ സ്ഥലംമാറ്റം നടപ്പില്‍വന്നത്. അതുപോലും ഇടവകയ്ക്കായി പട്ടമേറ്റവര്ക്ക് ബാധകമല്ലായിരുന്നു. ഇടവകപ്പട്ടം നിര്ത്തല് ചെയ്തിട്ട് ദശബ്ദങ്ങള് കഴിഞ്ഞിട്ടും കോട്ടയം ഭദ്രാസനത്തിലെ അവസാനത്തെ ഇടവക പട്ടക്കാരന്‍ അന്തരിച്ചത് 2013-ലാണ്. അനാരോഗ്യം ഹേതുവായി അദ്ദേഹത്തിനു അസിസ്റ്റന്റുമാരെ വളരെ മുമ്പുതന്നെ നിയമിച്ചു കൊടുത്തിരുന്നു എങ്കിലും മരണംവരെ അദ്ദേഹം ആ പള്ളി വികാരിയായി തുടര്‍ന്നു.

മലങ്കരയിലെ ഇടവക മെത്രാന്മാരുടെ നില വളരെ സങ്കീര്ണ്ണമാണ്. അവര്‍ വാഴിക്കപ്പെടുന്നത് പൊതു സഭയ്ക്കായി ആണ്. ആ അര്ത്ഥത്തില്‍ അവര്‍ പൊതു- തീബേല്‍– മെത്രാന്മാരാണ്. അതിനാല്‍ അവരെ എവിടെയും നിയമിക്കാം. പക്ഷേ ഇപ്പോള്‍ അവരെ ഒരു ഇടവകയ്ക്കായി സുന്ത്രോണീസോ – സിംഹാസനാരോഹണം – നടത്തുന്നുണ്ട്. അതോടെ അവര്‍ ഇടവക മെത്രാന്മാരായി മാറുന്നു. ക്രൈസ്തവ വിശ്വാസമനുസരിച്ച് എല്ലാ ഇടവക മെത്രാന്മാര്ക്കും സിംഹാസനമുണ്ട്. അന്ത്യോഖ്യന്‍ സഭയില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍പ്പോലും യേറുശലേം സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്താ, ഉറഹാ സിംഹാസനത്തിന്‍റെ മെത്രാപ്പോലീത്താ എന്നിങ്ങനെയുള്ള തലക്കെട്ടുകള്‍ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുണ്ട്. സിംഹാസനം മെത്രാന്‍റെ സ്ഥാനചിഹ്നങ്ങളില്‍ ഒന്നുമാണ്. മെത്രാന്മാരെ സിംഹാസനത്തിന്‍റെ പ്രതീകമായ കസേരയില്‍ ഇരുത്തി കബറടക്കുന്ന പാരമ്പര്യംപോലും ഈ സിംഹാസന ബന്ധത്തില്‍നിന്നും ഉടലെടുത്തതല്ലേയെന്നു സംശയിക്കണം.

പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍ സുന്ത്രോണീസോ നടത്തണമെന്നു നിര്ബന്ധമുള്ള ഒന്നല്ല എന്നതാണ് രസകരമായ വസ്തുത. 1876-ല്‍ പ. പത്രോസ് ത്രിതീയന് പാത്രിയര്ക്കീസു വാഴിച്ച ആറു മെത്രാന്മാരില്‍ കണ്ടനാടിന്‍റെ മാര് ഈവനിയോസിന് – പിന്നീട് മലങ്കരയിലെ ഒന്നാം കാതോലിക്കാ – മാത്രമാണ് സുന്ത്രോണീസോ നടത്തിയത്. കാരുചിറ മാര്‍ പീലക്സീനോസിന് (പിന്നീട് മലങ്കരയിലെ രണ്ടാം കാതോലിക്കാ) കോട്ടയത്തിനായോ, ഏറ്റവും ഒടുവില്‍ തോമസ് മാര്‍ തീമോത്തിയോസിന് (ഇപ്പോഴത്തെ പ. ദിദീമോസ് പ്രഥമന് വലിയ ബാവാ) മലബാറിനായോ സുന്ത്രോണീസോ നടത്തിയിട്ടില്ല. 1970-കള്‍ മുതല്‍ വാഴിക്കപ്പെട്ട മെത്രാന്മാര്ക്കാണ് സുന്ത്രോണീസോ നിയമേന നടത്തിത്തുടങ്ങിയത്. അതിനാല്‍ നിലവിലുള്ള സഭാവിജ്ഞാനീയമനുസരിച്ച് (Ecclesiology) അവരെ സ്ഥലംമാറ്റാനാവില്ല.

ഇത് ഒരു ഉദാഹരണംകൊണ്ട് വ്യക്തമാക്കാം. മലങ്കരസഭ അനുവര്ത്തിക്കുന്ന പാശ്ചാത്യ സുറിയാനി പാരമ്പര്യപ്രകാരം മാമോദീസാ, വിവാഹം, പൗരോഹിത്യം ഇവ കൂദാശകളാണ്. ഒരുവന്‍ ക്രിസ്ത്യാനി ആകണമെങ്കില്‍ മാമോദീസാ എന്ന കൂദാശ സ്വീകരിക്കണമെന്ന് നിര്ബന്ധമാണ്. എന്നാല്‍ വിവാഹം, പൗരോഹിത്യം ഇവ സ്വമനസാലെ സ്വീകരിക്കുന്നവയും ക്രിസ്ത്യാനിയായി തുടരാന്‍ അത്യന്താപേഷിതമല്ലാത്തതുമായ കൂദാശകളാണ്. ഇവ സ്വീകരിക്കാത്തതുകൊണ്ട് ഒരുവനും ക്രിസ്ത്യനി അല്ലാതാകുന്നില്ല. എന്നാല്‍ ഒരിക്കല്‍ വിവാഹം, പൗരോഹിത്യം എന്നീ കൂദാശകള്‍ സ്വീകരിച്ചാല്‍ പിന്നീട് അവസംബന്ധിച്ച സഭാ നിയമങ്ങള്‍ പാലിക്കുവാന്‍ ഓരോ ക്രിസ്ത്യാനിയും ബാദ്ധ്യസ്ഥനാണ്. ഇതുപോലെ മേല്പട്ട സ്ഥാനലബ്ദിക്ക് പട്ടംകൊട ശുശ്രൂഷ അനിവാര്യമാണ്. എന്നാല്‍ സുന്ത്രോണീസോ അപ്രകാരം അല്ലതാനും. എന്നാല്‍ ഒരിക്കല്‍ സുന്ത്രോണീസോ നടത്തിയാല്‍ അതു സംബന്ധിച്ച കാനോന്‍ നിയമങ്ങള്‍ പാലിക്കുവാന്‍ കൊടുത്തവരും ലഭിച്ചവരും ബാദ്ധ്യസ്ഥരാണ്.

സുന്ത്രോണീസോ വിശ്വാസത്തിന്‍റെ പരിധിയില്‍ വരുന്ന വൈദീക ചടങ്ങാണ്. അതിനേക്കുറിച്ച് വ്യാഖ്യാനം നല്കാനോ അവയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഉണ്ടാക്കാനോ മലങ്കര സഭാഭരണഘടനയുടെ 107- ആം  വകുപ്പുപ്രകാരം പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനുമാത്രമേ അധികാരമുള്ളു. ഈ നിയമത്തിനുള്ളില്‍ നിന്നുകൊണ്ടാണ് മെത്രാന്മാരുടെ സ്ഥലംമാറ്റവും റിട്ടയര്മെന്റും സംബന്ധിച്ച് പഠിച്ച് റിപ്പോര്ട്ടു നല്കാന്‍ 2003 ഓഗസ്റ്റില് പ. എപ്പിസ്ക്കോപ്പല് സുന്നഹോദസ് ഒരു സിനഡ് സബ്കമ്മറ്റിയെ നിയോഗിച്ചത്. മാത്യൂസ് മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ പ്രസിഡന്റും, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് കണ്‍വീനറുമായ അഞ്ച് അംഗങ്ങളുള്ള കമ്മറ്റി 2004 ഫെബ്രുവരി സുന്നഹദോസില്‍ തങ്ങളുടെ വിശദമായ റിപ്പോര്ട്ട് സമര്പ്പിച്ചു. ടി. സുന്നഹദോസിന്‍റെ പന്ത്രണ്ടാം നിശ്ചയമായി ചില ഭേദഗതികളോടെ അംഗീകരിച്ച ആ റിപ്പോര്ട്ടിലെ മെത്രാന്മാരുടെ സ്ഥലംമാറ്റത്തെപ്പറ്റിയുള്ള പ്രസക്ത ഭാഗങ്ങള്‍.

  1. പുരാതന സഭകളിലൊന്നും സ്ഥാനക്കയറ്റത്തോടെയല്ലാതെ മെത്രാന്മാരുടെ സ്ഥലംമാറ്റം നിലവിലില്ല.
  2.  പൗരാണിക പാരമ്പര്യപ്രകാരം മെത്രാന്മാരുടെ സ്ഥലംമാറ്റം അഭിലഷണീയമല്ല.
  3. മലങ്കര സഭാഭരണഘടനയുടെ 63, 64 വകുപ്പുകള്‍ മെത്രാന്മാരുടെ സ്ഥലംമാറ്റം വിവക്ഷിക്കുന്നില്ല.
  4. നമ്മുടെ സംസ്കാരത്തിലും സാഹചര്യത്തിലും മെത്രാപ്പോലീത്താമാര്ക്ക് അവരവരുടെ ഭദ്രാസനത്തിലെ വൈദീകരും ജനങ്ങളുമായുള്ള പിതൃപുത്ര ബന്ധം നിലനിര്ത്തുവാന് മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം ഇല്ലാതിരിക്കുന്നതാണ് നല്ലത്.
  5. എന്നാല്‍ മലങ്കരസഭയില്‍ പ്രത്യേക സാഹചര്യത്തില്‍ ഒരു ഭദ്രാസന മെത്രാപ്പോലീത്തായെ മറ്റൊരു മെത്രാസനത്തിലേയ്ക്കു മാറ്റിനിയമിക്കുന്ന ഇപ്പോഴത്തെ രീതി തുടരാവുന്നതാണ്.

വീണ്ടും 2009 ഓഗസ്റ്റ് സുന്നഹദോസ് മെത്രാന്മാരുടെ റിട്ടയര്മെന്റിനെപ്പറ്റി അജണ്ടയിലെ 20-ആം നിശ്ചയമായി താഴെപറയുന്ന നിശ്ചയം ചെയ്തു.

ശാരീരികമായ അസ്വസ്ഥതകള്‍മൂലം ഒരു മെത്രാപ്പോലീത്തായ്ക്ക് ഭദ്രാസനഭരണം നടത്തുവാന്‍ പ്രയാസമാണ് എന്നു സുന്നഹദോസിന് ബോദ്ധ്യമായാല്, സുന്നഹദോസിന്‍റെ ശുപാര്ശപ്രകാരം, ആ മെത്രാപ്പോലീത്തായെപ്പറ്റിയുള്ള വിശദമായ മെഡിക്കല്‍ റിപ്പോര്ട്ടുവാങ്ങി, പരിശുദ്ധ ബാവാ തിരുമേനി ആ മെത്രാപ്പോലീത്തായ്ക്ക് റിട്ടയര്മെന്റ് കല്പന കൊടുക്കുകയോ, അല്ലങ്കില്‍ ഒരു അസിസ്റ്റന്റ് മെത്രാപ്പോലീത്തായെ നിയമിച്ചു കൊടുക്കുകയോ ചെയ്യാവുന്നതാണ്.

സൂക്ഷ്മമായി വിശകലനം ചെയ്താല് മുകളില്പറഞ്ഞ 2009-ലെ സുന്നഹദോസ് നിശ്ചയം ഹൂദായ കാനോന്‍ ഏഴാം കെപ്പലയോന് – അന്ത്യോഖ്യാ 18 അനുസരിച്ചാണന്നു കാണാം. അതേ മാനദണ്ഡത്തില്‍ ചിന്തിച്ചാല്‍ ഏഴാം കെപ്പലയോന് – ശ്ലീഹന്മാര് 13 അനുസരിച്ച് ഒരു മെത്രാനും തന്നെ മറ്റൊരു സ്ഥലത്തേയ്ക്കും മാറ്റണമെന്ന് സ്വയം ആവശ്യപ്പെടാന്‍ അധികാരമില്ല. ഏഴാം കെപ്പലയോന് – ശ്ലീഹന്മാര് 21-ലെ … ജനം കൂട്ടിക്കൊണ്ടുപോയാലും .. അരുത് എന്ന കല്പന അനുസരിച്ച് മലങ്കരയില്‍ ജനത്തെ പ്രതിനിധീകരിക്കുന്ന മാനേജിംഗ് കമ്മറ്റിക്കും അത് ആവശ്യപ്പെടാനാവില്ല. സഭയ്ക്ക് ആവശ്യമെങ്കില്‍ അപ്രകാരം അദ്ദേഹത്തോട് ആവശ്യപ്പെടേണ്ടത് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസാണ്.

വിശദമായി പഠിച്ചു തയാറാക്കിയ മുകളില്‍ പറഞ്ഞ റിപ്പോര്ട്ടും അതിന്മേലുള്ള തീരുമാനവും പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന് ഈ വിഷയത്തിലുള്ള മേല്ക്കൈ വ്യക്തമാക്കിയിട്ടുണ്ട്. മെത്രാന്മാരുടെ സമയബന്ധിത നിര്‍ബന്ധിത സ്ഥലംമാറ്റം പാരമ്പര്യ വിരുദ്ധമാണെന്നും അത് അഭിലഷണീയമല്ലന്നും പ. സുന്നഹദോസ് നിശ്ചയിച്ചു. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ സ്ഥലംമാറ്റം നല്കാവുന്നതാണന്നും തീരുമാനിച്ചു. ഇതനുസരിച്ച് 2009-ല്‍ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്, സഖറിയാ മാര്‍ അന്തോണിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് എന്നീ മെത്രാപ്പോലീത്താന്മാര്ക്ക് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സ്ഥലംമാറ്റം ശുപാര്ശ ചെയ്തു. മലങ്കര മെത്രാപ്പോലീത്താ അത് നടപ്പിലാക്കുകയും ചെയ്തു. അതേപോലെ ഡോ. ഗീവര്ഗീസ് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ ബര്ണബാസ് എന്നിവര്‍ക്ക് റിട്ടയര്മെന്റും അനുവദിച്ചു.

ഇവയൊക്കയും മലങ്കര സഭാഭരണഘടനയുടെ 64 വകുപ്പു പ്രകാരം മാനേജിംഗ് കമ്മറ്റിയില്‍ ആലോചിച്ചാണ് നടപ്പില്‍ വരുത്തിയത്. അന്ന് ഈ നിശ്ചയങ്ങളേയോ, പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന് ഇപ്രകാരമുള്ള നിഗമനങ്ങളില്‍ എത്താനുള്ള അധികാരത്തേയോ മാനേജിംഗ് കമ്മറ്റി ചോദ്യം ചെയ്തില്ല. അതിനര്ത്ഥം പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ ഈ വിഷയത്തിലുള്ള അധികാരം അന്ന് മാനേജിംഗ് കമ്മറ്റി അംഗീകരിച്ചു എന്നാണ്. അപ്രകാരം ഒരിക്കല്‍ അംഗീകരിച്ച അധികാരം നിഷേധിക്കാനോ തിരിച്ചെടുക്കാനോ ഇനി മാനേജിംഗ് കമ്മറ്റിക്ക് സാദ്ധ്യമല്ല. അതിന് വാദതടസം (res judicata) ബാധകമാണ്. അന്നത്തെ സഭാ സ്ഥാനികളില്‍ ഭൂരിഭാഗവും ഇന്നും തല്സ്ഥാനത്ത് തുടരുന്നു എന്നതും പ്രത്യേകം പരിഗണിക്കണം.

ഈ നിയമവശം വ്യക്തമായി മനസിലാകണമെങ്കില്‍ മെത്രാന്മാരുടെ സ്ഥലംമാറ്റം എന്ന പ്രക്രിയയെ നിലവിലുള്ള ഭദ്രാസനത്തില്‍ നിന്നുള്ള വിടുതല്‍, പുനര്നിയമനം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിക്കണം. നിലവിലുള്ള ഭദ്രാസനത്തില്‍ നിന്നു വിടര്ത്തപ്പെട്ട് സ്വന്ത്രനായ ഒരു മെത്രാന്‍റെ നിയമനം പുതുതായി വാഴിക്കപ്പെട്ട ഒരാളിന്റേതുപോലെ കണക്കാക്കണം. അവര്‍ക്ക് പുതിയ ഭദ്രാസനം നല്കുന്നത് ഭരണഘടനയുടെ 64-ആം വകുപ്പുപ്രകാരം മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയുടെ ആലോചനയോടും മലങ്കര എപ്പിസ്ക്കോപ്പല്‍ സിനഡിന്‍റെ ശുപാര്ശ അനുസരിച്ചും കാതോലിക്കാ മെത്രാപ്പോലീത്താമാര്ക്ക് ഇടവക തിരിക്കേണ്ടതാകുന്നു എന്ന നിയമമനുസരിച്ചായിരിക്കണമെന്നത് തികച്ചും വ്യക്തമാണ്. എന്നാല്‍ നിലവിലുള്ള ഭദ്രാസനത്തില്‍ നിന്നു വിടര്ത്തുക എന്നത് ഈ വകുപ്പിന്‍റെ കീഴില്‍ വരുന്നതല്ല. ഈ വസ്തുത 2004-ലെ സുന്നഹദോസ് നിശ്ചയവും വ്യക്തമാക്കുന്നുണ്ട്.

അച്ചടക്ക നടപടി അല്ലാതെ ഒരു മെത്രാനെ താന്‍ ഭരിക്കുന്ന ഭദ്രാസനത്തില്‍നിന്നും വിടര്ത്തണമെങ്കില്‍ നിലവിലുള്ള വ്യവസ്ഥിതിയില്‍ ആദ്യം അത്തരമൊരു ആവശ്യകതയെപ്പറ്റി പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന് ബോദ്ധ്യം വരണം. ഹൂദായ കാനോന് ഏഴാം കെപ്പലയോന് – ശ്ലീഹന്മാര് 13 പ്രകാരം നിരവധി പിതാക്കന്മാര് – പ. എപ്പിസ്ക്കോപ്പല് സുന്നഹദോസ് – അദ്ദേഹത്തോട് നിര്ബന്ധപൂര്‍വം അപേക്ഷിക്കണം. ഇത് ഹൂദായ കാനോന്‍ ഏഴാം കെപ്പലയോന് – അന്ത്യോഖ്യാ 16 അനുസരിച്ച് മെത്രാപ്പോലീത്താ സംബന്ധിച്ച പൂര്ണ്ണ സുന്നഹദോസ് (സബ് കമ്മറ്റി പോരന്നര്ത്ഥം) ആയിരിക്കണം. അപ്രകാരം വിടര്ത്തപ്പെടുവാന്‍ പ്രസ്താവിത മെത്രാന്‍ സമ്മതിക്കണം എന്നത് ഈ നടപടിയില് അതീവ പ്രാധാന്യമുള്ള ഭാഗമാണ്. കാരണം സമ്മതംകൂടാതെ നിര്ബന്ധിച്ച് അയയ്ക്കുവാന് കാനോന്‍ അനുശാസിക്കുന്നില്ല. ഇത്രയും പൂര്ത്തിയാക്കിയശേഷം ശേഷം മലങ്കര മെത്രാപ്പോലീത്താ അദ്ദേഹത്തിനു വിടുതല്‍ നല്കണം. ഈ പ്രക്രിയയില്‍ മാനേജിംഗ് കമ്മറ്റിക്ക് യാതൊരു പങ്കുമില്ല. ഇത്രയും നടപടികള്ക്കുശേഷം മാത്രമാണ് ഭരണഘടനയുടെ 64-ആം വകുപ്പു ക്രമാനുസൃതം ഉപയോഗിച്ചു പുനര്‍നിയമനം നല്കുവാന്‍ സാധിക്കുക. അച്ചടക്ക നടപടി ആണെങ്കില്‍ അതിനുള്ള അധികാരം പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനു മാത്രമാണന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ പുനര്നിയമനം അപ്രസക്തവുമാണ്.

പക്ഷേ ഇത്തരം വിടര്ത്തല്‍, പുനര്നിയമന പ്രക്രിയ ഒറ്റപ്പെട്ട സംഭവങ്ങള് (individual case) മാത്രമായെ പരിഗണിക്കാനാവു. ഒരു പ്രത്യേക ഇടവകയുടെ സവിശേഷമായ സാഹചര്യത്തില്‍ മാത്രമേ മറ്റൊരു ഇടവക മെത്രാനെ അവിടേയ്ക്കു നിയമിക്കാന്‍ കാനോന്‍ നിയമവും, 2004-ലെ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് നിശ്ചയവും അനുവദിക്കുന്നുള്ളു എന്നതാണ് കാരണം. കൂട്ട സ്ഥലംമാറ്റങ്ങള്‍ തികച്ചും കാനോന്‍ വിരുദ്ധമാണ്. മാറ്റപ്പെടുന്ന മെത്രാന്‍റെ സമ്മതം എന്ന സുപ്രധാന ഘടകം അത്തരം അവസ്ഥയില്‍ എല്ലായ്പ്പോഴും ഉണ്ടായിരിക്കില്ല എന്നത് അതിലെ ഒരു പ്രധാന ഘടകവുമാണ്.

2004, 2009 വര്ഷങ്ങളില്‍ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പാസാക്കി ഇന്നു നിലവിലിരിക്കുന്ന മെത്രാന്മാരുടെ സ്ഥലംമാറ്റം, റിട്ടയര്മെന്റ് എന്നീ വിഷയങ്ങളിലുള്ള നടപടിച്ചട്ടങ്ങള്‍ ഭേദഗതി ചെയ്യുവാന്‍ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനു മാത്രമേ അധികാരമുള്ളു. എത്ര പ്രമേയം പാസാക്കിയാലും മാനേജിംഗ് കമ്മറ്റിക്ക് ഇതില് പങ്കാളിത്വം ലഭിക്കില്ല. ഇതിനായി മലങ്കര സഭാഭരണഘടന ഭേദഗതി ചെയ്തിട്ടും വിശേഷമില്ല. കാരണം, ഒന്നാമതായി, അടിസ്ഥാന ഭരണഘടനയില്‍ 1934-ല് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന് മലങ്കര അസോസിയേഷന് വിട്ടുകൊടുത്ത വിശ്വസം, പട്ടത്വം, അച്ചടക്കം എന്നീ അധികാരങ്ങള്‍ അസോസിയേഷന് ഏകപക്ഷീയമായി തിരിച്ചെടുക്കാനാവില്ല.

രണ്ടാമതായി, ഒരിക്കല്‍ ഉപചട്ടങ്ങള്‍ ഉണ്ടാക്കാന്‍പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന് ഉണ്ടന്നു സമ്മതിച്ച വിഷയങ്ങളില്‍ തുടര്ന്ന് കൈകടത്തുവാന് മാനേജിംഗ് കമ്മറ്റിക്ക് അധികാരമില്ല. മൂന്നാമതായി, 2004-ല്‍ പൗരാണിക പാരമ്പര്യപ്രകാരം മെത്രാന്മാരുടെ സ്ഥലംമാറ്റം അഭിലഷണീയമല്ല എന്നു കണ്ടെത്തി മെത്രാന്മാര്ക്ക് സമയബന്ധിതവും നിര്ബന്ധിതവുമായ സ്ഥലംമാറ്റം (statutory transfer) വേണ്ട എന്നു നിശ്ചയിച്ച പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനുപോലും അതു ഭേദഗതി ചെയ്യുക ക്ഷിപ്രസാദ്ധ്യമല്ല. അന്നുമുതല്‍ കേവലം പത്തു വര്ഷത്തിനുള്ളില്‍ സഭാവിജ്ഞാനീയത്തില്‍ (Ecclesiology) അത്തരമൊരു മൗലികമായ നയംമാറ്റത്തിനുണ്ടായ കാരണം ബോദ്ധ്യപ്പെടുത്തുക അവര്‍ക്ക് എളുപ്പല്ല. അത്തരമൊരു നടപടി പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ വിശ്വാസ്യത തകര്‍ക്കും എന്നതുതന്നെ കാരണം.

ഡോ. എം. കുര്യന് തോമസ്