OVS - Latest NewsOVS-Kerala News

പരുമല കാൻസർ കെയർ സെന്റർ പ്രവർത്തനം തുടങ്ങി

പരുമല:-∙ മധ്യതിരുവിതാംകൂറിലെ അർബുദരോഗികൾക്ക് കൈത്താങ്ങായി പരുമലയിൽ സെന്‍റ് ഗ്രിഗോറിയോസ് ഇന്റർനാഷനൽ കാൻസർ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. ഇത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ആബൂനാ മത്ഥ്യാസ് പാത്രിയർക്കീസ് ബാവാ ഉദ്ഘാടനം ചെയ്തു. ആശുപത്രികൾ സമൂഹത്തെ ആരോഗ്യ വൽക്കരിക്കുന്നവയാകണമെന്ന് പാത്രിയർക്കീസ് ബാവാ പറഞ്ഞു. ആതുര സേവനം സഭയുടെ ലക്ഷ്യമാണെന്നും പരുമല കാൻസർ കെയർ സെന്റർ അതിന്‍റെ സാക്ഷാൽക്കാരമാണെന്നും ചടങ്ങിൽ അധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സാധാരണക്കാരിൽ സാധാരണക്കാരായിട്ടുള്ളവർക്ക് സേവനം ഉറപ്പുവരുത്തുന്നതിലൂടെ ഇന്ത്യയിലെ എല്ലാ ആതുരാലയങ്ങൾക്കും പരുമല കാൻസർ സെന്റർ മാതൃക ആകുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ‍ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു.

അർബുദരോഗികളുടെ എണ്ണം അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ നാടിന്‍റെ ഏറ്റവും വലിയ ആവശ്യമാണ് പരുമല സെന്‍റ് ഗ്രിഗോറിയോസ് ഇന്റർനാഷനൽ കാൻസർ കെയർ സെന്ററിലൂടെ യാഥാർഥ്യമാകുന്നതെന്ന് ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് പറഞ്ഞു. മധ്യതിരുവിതാംകൂറിലെ അർബുദ രോഗത്തിനുള്ള പരിഹാരമാണ് പരുമല കാൻസർ കെയർ സെന്ററെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു.

ചികിത്സയ്ക്കൊപ്പം കൗൺസലിങ്ങിലൂടെയും മറ്റും രോഗത്തെ അതിജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും പരുമല ആശുപത്രിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ‍‍ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. സഖറിയാസ് മാർ അപ്രേം, കെ.കെ. രാമചന്ദ്രൻ നായർ എംഎൽഎ, ഫാ. ഡോ. ജോൺസ് ഏബ്രഹാം, എം.ജി. ജോർജ് മുത്തൂറ്റ്, ഫാ. ഷാജി മുകടിയിൽ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, പരുമല ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. അലക്സ് പോൾ, പരുമല ആശുപത്രി സിഇഒ ഫാ. എം.സി. പൗലോസ്, എസ്ജിഐസിസിസി പ്രോജക്ട് ഡയറക്ടർ വർക്കി ജോൺ എന്നിവർ പ്രസംഗിച്ചു. തോമസ് മാർ അത്തനാസിയോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ‍ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നിവർ സന്നിഹിതരായിരുന്നു.

Parumala Cancer Care Centre

അർബുദ രോഗികൾക്കു കൈത്താങ്ങായി ‘സ്നേഹസ്പർശം’ പദ്ധതിക്കു തുടക്കം