OVS - Latest NewsOVS-Kerala News

നിർധനരായ കാൻസർ രോഗികൾക്കു ചികിൽസ ഉറപ്പാക്കുന്ന സ്നേഹ സ്പർശം പദ്ധതിക്ക് ഇന്നു തുടക്കം

കോട്ടയം ∙ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്വപ്നപദ്ധതി ‘സ്നേഹസ്പർശ’ത്തിന് ഇന്നു തുടക്കം. സപ്തതി ആഘോഷങ്ങൾ ഒഴിവാക്കി സ്വരൂപിച്ച തുക അർബുദ രോഗികൾക്ക് ഉപയോഗിക്കുന്നതാണു പദ്ധതി. അഞ്ചിന് കെ.സി.മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ആബൂനാ മത്ഥ്യാസ് പാത്രിയർക്കീസ് ബാവാ പദ്ധതി ഉദ്ഘാടനം ചെയ്യും.

നാളെ പരുമലയിൽ സെന്‍റ്. ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ഇന്റർനാഷനൽ കാൻസർ കെയർ സെന്ററിന്‍റെ കൂദാശയും പൊതുസമ്മേളനവും നടക്കുമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അറിയിച്ചു. അർബുദരോഗ വിദഗ്ധൻ ഡോ. വി. പി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, സി. എസ്ഐ ഡപ്യൂട്ടി മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ തുടങ്ങിയവർ പങ്കെടുക്കും. ഡോ. വി. പി. ഗംഗാധരനെയും ഗായിക കെ. എസ്. ചിത്രയെയും സ്നേഹസ്പർശം പുരസ്കാരം നൽകി ആദരിക്കും. കാതോലിക്കാ ബാവാ അധ്യക്ഷതവഹിക്കും. തുടർന്നു ചിത്രയുടെ സംഗീതസന്ധ്യ.

നിർധനരായ രോഗികൾക്കു ചികിൽസ ഉറപ്പാക്കുന്ന പദ്ധതിക്കായി അഞ്ചുകോടിയോളം രൂപയാണു സഭ മാറ്റിവയ്ക്കുന്നത്. സഭ ആരംഭിച്ച സ്നേഹസ്പർശം പരിപാടിക്കു ഗായകൻ കെ. ജെ യേശുദാസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന വിശിഷ്ടാതിഥികളെ 4.30 -ന് മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിൽ നിന്നു മാമ്മൻ മാപ്പിള ഹാളിലേക്കു സ്വീകരിക്കും. അഞ്ചു മണിയോടെ പൊതുസമ്മേളനം ആരംഭിക്കും.

കാതോലിക്കാ ബാവായുടെ സപ്തതിയുടെ സ്മാരകമായാണു സ്‌നേഹസ്പർശം എന്ന പേരിൽ കാൻസർ സഹായ പദ്ധതി നടപ്പാക്കുന്നതെന്നു കോട്ടയം ഭദ്രാസന സഹായ മെത്രാൻ ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് അറിയിച്ചു. സഭയുടെ ചുമതലയിൽ എല്ലാ അത്യധുനിക സൗകര്യങ്ങളോടും കൂടി പരുമലയിൽ ആരംഭിക്കുന്ന സെന്‍റ് ഗ്രീഗോറിയോസ് ഇന്റർനാഷനൽ കാൻസർ കെയർ സെന്ററിലൂടെയാണു സഹായം ലഭ്യമാക്കുന്നത്.

പാർക്കിങ് ക്രമീകരണം
സ്നേഹസ്പർശം പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിച്ചേരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിനെത്തുന്ന വിശിഷ്ട വ്യക്തികളുടെ വാഹനങ്ങൾ ജറുസലം മാർത്തോമ്മാ പള്ളി അങ്കണത്തിലും, മറ്റുള്ള വാഹനങ്ങൾ ബിസിഎം കോളജ് മൈതാനം, ക്രിസ്തുരാജ കത്തീഡ്രൽ അങ്കണം, ബസേലിയസ് കോളജ് മൈതാനം, മാർ ഏലിയ കത്തീഡ്രൽ അങ്കണം എന്നിവിടങ്ങളിലും പാർക്ക് ചെയ്യുന്നതിനാണു സൗകര്യം ഒരുക്കിയിരിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു സൗജന്യ പാസ് ലഭിച്ചിരിക്കുന്നവർ 4.30നു മുൻപ് ഹാളിൽ പ്രവേശിക്കണമെന്നു സംഘാടകർ അറിയിച്ചു.

മലങ്കര സഭയുടെ ‘സ്‌നേഹസ്പർശം’ പദ്ധതിയിലേക്ക് ആദ്യ സംഭാവന ചിത്രയുടെ സ്വർണ മോതിരം