OVS - Latest NewsOVS-Kerala News

ദേവാലയങ്ങൾ നൊമ്പരപ്പെടുന്നവർക്ക് ആശ്വാസകേന്ദ്രങ്ങളാകണം: പരിശുദ്ധ കാതോലിക്കാ ബാവാ

ഹരിപ്പാട് :- നൊമ്പരപ്പെടുന്ന മനുഷ്യന് ആശ്വാസവും സമാധാനവും നൽകുന്ന കേന്ദ്രങ്ങളാകണം ദേവാലയങ്ങളെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ആനാരി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ശതാബ്ദി ആഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഘോഷങ്ങൾ ഉപരിപ്ലവമാകാതെ ദൈവീകനന്മയിലേയ്ക്കും സൽകർമങ്ങളിലേക്കും വഴിനടത്തുന്നതാകണമെന്നും ബാവാ പറഞ്ഞു. ഡോ.ജോഷ്വാ മാർ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു.

ഡയറക്ടറിയുടെ പ്രകാശനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ശതാബ്ദി സന്ദേശം നൽകി. ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനം മാത്യൂസ് മാർ തേവോദോസിയോസ് നിർവഹിച്ചു. ഇടവക വികാരി ഫാ.പി.ഡി.സഖറിയ പൊൻവാണിഭം, സെക്രട്ടറി കെ.എ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോൺ തോമസ്, ഫാ.എബി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ സന്തോഷ്, ട്രസ്റ്റി ജോൺ എം.വർഗീസ് എന്നിവർ പ്രസംഗിച്ചു.