OVS - Latest NewsOVS-Kerala News

കോടതി വിധി അനുസരിക്കാത്തവരുമായി ചർച്ച നടത്തുന്നത് വിഫലം: പരിശുദ്ധ കാതോലിക്കാ ബാവ

കോടതി വിധി അനുസരിക്കാത്തവരുമായി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവ. ക്രൈസ്തവ സുവിശേഷ സാക്ഷ്യം അടിസ്ഥാനമാക്കി, ഓർത്തഡോക്സ് സഭാ വിജ്ഞാനീയ ദർശനം ഉൾക്കൊണ്ട് ജനാധിപത്യ മൂല്യങ്ങളെ നിലനിർത്തി തയ്യാറാക്കിയിട്ടുള്ള 1934ലെ ഭരണഘടന ഇന്ത്യയിലെ പരമോന്നത നീതിപീഠം ആവർത്തിച്ച് അംഗീകരിച്ചിട്ടുള്ളതാണ്.
ഇതിന്റെ നിഷേധം ദൈവിക നീതിയോടും രാജ്യത്തിന്റെ നിയമവ്യവസ്ഥിതി യോടുള്ള വെല്ലുവിളിയാണ്. കോടതികളെ വിമര്‍ശിച്ചും ജഡ്ജിമാരെ കുറ്റപ്പെടുത്തിയും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുളള പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നിരന്തര ശ്രമം നിയമവാഴ്ചയുളള രാജ്യത്ത് നടപ്പാകില്ല. ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിച്ച കാലം മുതല്‍ പല തലത്തിലുളള ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 1995-ല്‍ സുപ്രീം കോടതി തന്നെ ചര്‍ച്ചയില്‍ കൂടി പ്രശ്‌ന പരിഹാരത്തിന് പദ്ധതി തയ്യാറാക്കിയതാണ്. ജസ്റ്റീസ് മളിമഠിന്റെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഇരുവിഭാഗങ്ങളും സമിതികളെ നിയോഗിച്ചുവെങ്കിലും ചര്‍ച്ചകൾ പൂർത്തിയാക്കാതെ പാത്രിയര്‍ക്കീസ് വിഭാഗം അതില്‍നിന്ന് പിന്‍മാറുകയാണ് ചെയ്തത്. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനുളള സുവര്‍ണ്ണാവസരമായിരുന്നു അത്. എന്നാല്‍ അതെല്ലാം പാത്രിയര്‍ക്കീസ് വിഭാഗം നിരസിക്കുകയായിരുന്നു. ബഹു. സുപ്രീംകോടതിയിൽ 2017 ജൂലൈ മൂന്നിന് അവസാനിച്ച കേസ് പാത്രിയര്‍ക്കീസ് വിഭാഗം നൽകിയതാണ്. തങ്ങള്‍ തന്നെ കേസ് ആരംഭിക്കുകയും കീഴ് കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെ കേസുകൾ നടത്തുകയും തങ്ങളുടെ വാദങ്ങൾ അനുവദിച്ച് കിട്ടാതെവരുകയും ചെയ്തപ്പോൾ കോടതി വിധി അംഗീകരിക്കില്ല എന്ന് പറയുന്നത് അപലപനീയമാണ്; നീതിപീഠത്തോടും നിയമ വ്യവസ്ഥിതിയോടു മുള്ള വെല്ലുവിളിയാണത്.

ഇടവകക്കാരുടെ അവകാശങ്ങള്‍ക്ക് യാതൊരു മുടക്കവും ഓര്‍ത്തഡോക്‌സ് സഭ വരുത്തിയിട്ടില്ല, വരുത്താന്‍ ആഗ്രഹിക്കുന്നുമില്ല. വിശ്വാസികളെ പളളികളില്‍ നിന്ന് ഇറക്കി വിട്ടിട്ടില്ല. മുളന്തുരുത്തി പള്ളിയിലും മറ്റ് ദേവാലയങ്ങളിലും ബലപ്രയോഗം നടത്തി എന്ന് പറയപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത് പാത്രിയർക്കീസ് വിഭാഗം ആണ്. പോലീസ് നടപടി ഉണ്ടായ അവസരത്തില്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ ആരും തന്നെ പളളി പരിസരത്ത് ഉണ്ടായിരുന്നില്ല. നിയമനിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടികൾ ഉണ്ടാകുന്നത് സ്വാഭാവികം.

1970-ല്‍ 203-ാം നമ്പര്‍ കല്‍പനയില്‍ യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ വിശുദ്ധ മാര്‍ത്തോമ്മാ ശ്ശീഹായ്ക്ക് പട്ടത്വമില്ല എന്ന് പറഞ്ഞത് വേദവിപരീതമാണ്. അന്ത്യോക്യ പാത്രിയര്‍ക്കീസിനെ ഉപയോഗിച്ച് ഇതര ക്രൈസ്തവ സമൂഹങ്ങളുടെ ഇടയില്‍ ഓര്‍ത്തഡോക്‌സ് സഭയെ കരിതേച്ചു കാണിക്കാമെന്നും ഓര്‍ത്തഡോക്‌സ് സഭയെ മറ്റു സഭാ കൂട്ടായ്മകളില്‍ നിന്നും പുറത്താക്കാമെന്നുമുള്ളതായ ചിന്തകൾ വില കുറഞ്ഞ വ്യാമോഹങ്ങൾ മാത്രമാണ്. ഭരണാധികാരികളെ സ്വാധീനിച്ച് പ്രാദേശിക നിയമങ്ങൾ നിർമ്മിക്കുന്നതിനുള്ള ശ്രമം രാജ്യത്തിന്റെ നിയമവ്യവസ്ഥയോടുള്ള തുറന്ന വെല്ലുവിളിയാണ് എന്നും അദ്ദേഹം പറഞ്ഞു.