OVS - Latest NewsOVS-Pravasi News

ഭരണകർത്താക്കളുടെ പ്രവർത്തന രീതി അവർ എന്ത്, എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണു പ്രധാനം : കാതോലിക്കാ ബാവാ

അബുദാബി : ഏതു ഭരണകർത്താവും ഏതു സമുദായത്തിൽനിന്നുള്ള വ്യക്തി  എന്നതിലുപരി അവർ എന്ത്, എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണു പ്രധാനമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിനിർവഹണത്തിൽ സർക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ വരുമ്പോൾ ഏതു സമൂഹത്തിൽ പെട്ടവരാണെങ്കിലും പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ നീതിനിർവഹണം കൃത്യമായി നടത്തണമെന്നു സഭ ആഗ്രഹിക്കുന്നു. സഭാതർക്കങ്ങൾ കോടതി പരിഹരിക്കുമെന്നു വിശ്വസിക്കുന്നു. സർക്കാർ ശ്രദ്ധ ചെലുത്തിയാൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനാവും. സർക്കാരിന്റെ ന്യായരഹിതമായ നടപടിയാണു പ്രശ്‌നമാകുന്നത്. തർക്കങ്ങൾ ഉണ്ടാകരുതെന്നും ന്യായമായി അവസാനിപ്പിക്കണമെന്നും തീരുമാനിക്കണം. ജുഡീഷ്യറിയുടെ തീരുമാനം അംഗീകരിക്കപ്പെടണം. തർക്കങ്ങൾ തീർക്കാനുള്ള സംവിധാനം ജുഡീഷ്യറിക്കുണ്ട്.

അതിനു വിലയില്ലാതാകുമ്പോഴാണു മറ്റു സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കേണ്ടിവരിക. എന്നാൽ, ഒരുവിഭാഗം പറയുന്നതുപോലെ തർക്കങ്ങൾ പരിഹരിക്കാനാവില്ലെന്നും ബാവ ഓർമിപ്പിച്ചു. സർക്കാരിന്റെ തീരുമാനങ്ങളെ മലങ്കര സഭ പിന്തുണയ്ക്കും. ക്രൈസ്‌തവ സഭ കേരളത്തിൽ ഇപ്പോൾ പ്രശ്‌നങ്ങളെ നേരിടുന്നില്ലെന്നും സഭയ്ക്കെതിരായ നിയമങ്ങളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഭയ്ക്കു കീഴിൽ 150 കോടി രൂപ ചെലവിൽ നിർമിക്കുന്ന സെന്‍റ്    ഗ്രിഗോറിയോസ് ഇന്റർനാഷനൽ കാൻസർ ആശുപത്രിയുടെ ഉദ്‌ഘാടനം നവംബർ 22നു നടത്തും.ആശുപത്രിക്ക് ഇതിനകം 110 കോടി രൂപ നിക്ഷേപിച്ചതായും അമേരിക്കയിൽനിന്ന് 25 കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങൾ സ്‌ഥാപിച്ചതായും ബാവാ അറിയിച്ചു. മൊത്തം എട്ടു നിലകളിലാണ് ആശുപത്രി സമുച്ചയം നിർമിക്കുന്നത്. സിറിയയിലെ അഭയാർഥികൾക്കു സഭയുടെ ഗൾഫിലെ ദേവാലയങ്ങളിൽനിന്നുമാത്രം ഒരുകോടി രൂപയുടെ ധനസഹായം സമാഹരിച്ചു നൽകി.

അൽഐൻ സെന്‍റ്     ഡയനേഷ്യസ് ഓർത്തഡോക്‌സ് പള്ളിയിൽ വട്ടശേരിൽ തിരുമേനിയുടെ തിരുശേഷിപ്പു സ്‌ഥാപിക്കുന്നതിനെത്തിയതായിരുന്നു കാതോലിക്കാ ബാവാ.ദേവാലയത്തിൽ വട്ടശേരിൽ തിരുമേനിയുടെ തിരുശേഷിപ്പ് ഇന്നു രാവിലെ പ്രതിഷ്‌ഠിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. രാവിലെ 7.30ന് പ്രഭാത നമസ്‌കാരത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷമാണ് പ്രതിഷ്‌ഠാകർമം. ഡൽഹി ഭദ്രാസനാധിപനും ഇടവക മെത്രാപ്പൊലീത്തയുമായ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സഹകാർമിത്വം വഹിക്കും. ദേവാലയത്തിൽ പ്രത്യേക സ്‌ഥാനത്തു സ്‌ഥാപിക്കുന്ന പ്രതിഷ്‌ഠ വിശ്വാസികൾക്കു വണങ്ങുവാനുള്ള അവസരമുണ്ടാകുമെന്നും ബാവാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി റവ. ഫാ. എം.സി.മത്തായി, അൽഐൻ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. ജോൺ സാമുവൽ, ട്രസ്‌റ്റി തോമസ് ഡാനിയേൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.