OVS - Latest NewsOVS-Pravasi News

റവ. ഡോ. ഒലവ് ഫിസ്കെ ട്വിറ്റിന് സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്ത വിരുന്നൊരുക്കി

ന്യൂയോർക്ക് : ഡബ്ല്യുസിസി ജനറൽ സെക്രട്ടറി റവ. ഡോ. ഒലവ് ഫിസ്കെ ട്വിറ്റിന്റെ ബഹുമാനാർഥം നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാർ നിക്കോളോവോസ് വിരുന്നൊരുക്കി.എക്യുമെനിക്കൽ പ്രസ്ഥാനത്തിൽ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡബ്ല്യുസിസി ജന. സെക്രട്ടറി വിരുന്നിൽ സംസാരിച്ചു. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിനുവേണ്ടി കഴിഞ്ഞ വർഷങ്ങളിൽ മാർ നിക്കോളോവോസ് നൽകുന്ന ആത്മാർഥ സേവനങ്ങളിൽ റവ. ഡോ. ഒലവ് ഫിസ്കെ ട്വിറ്റ് സന്തോഷം പങ്കുവച്ചു.

iimg-02-jpg-image-784-410

ഡബ്ല്യു സിസി രൂപീകരിക്കപ്പെട്ട കാലം മുതൽ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് സജീവാംഗമാണ്. കൊറിയൻ റിപ്പബ്ലിക്കിലെ ബുസാനിൽ നടന്ന ഡബ്ല്യുസിസിയുടെ പത്താം അസംബ്ലിയിൽ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്ത സെൻട്രൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണിൽ നോർവേയിലെ ട്രോൻഡീമിൽ നടന്ന സെൻട്രൽ കമ്മിറ്റി മീറ്റിങ്ങിൽ മെത്രാപ്പൊലീത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രശസ്ത നോർവീജിയൻ തിയോളജിയനായ റവ. ഡോ. ട്വിറ്റ് 2009 ഓഗസ്റ്റിൽ ഡബ്ല്യുസിസി ജനറൽ
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജൂലൈ 2014 ൽ രണ്ടാം തവണയും റവ. ഒലവ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

iimg-41-jpg-image-784-410

ഭദ്രാസന ചാൻസറിയിൽ നടന്ന വിരുന്നിൽ അമേരിക്കൻ ഓർത്തഡോക്സ് ചർച്ച് അധ്യക്ഷൻ ടൈക്കോൺ മെത്രാപ്പൊലീത്ത, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്തയും കാത്തലിക്– ഓറിയന്റൽ ഓർത്തഡോക്സ് ചർച്ച് തിയോളജിക്കൽ ഡയലോഗുകൾക്കുളള ഇന്റർ നാഷണൽ ജോയിന്റ് കമ്മിഷൻ കോ. സെക്രട്ടറിയുമായ ഡോ. യൂഹാനോൻ മാർ ദെമെട്രിയോസ് മെത്രാപ്പൊലീത്ത, അർമേനിയൻ അപ്പോസ്തോലിക് ചർച്ചിൽ നിന്നുളള ഡബ്ല്യു സിസി ഫിനാൻസ് കമ്മിറ്റി മോഡറേറ്റർ ആർച്ച് ബിഷപ്പ് ഡോ. വിക്കൻ അയ്കസിയാൻ, ലോംഗ് ഐലൻഡ് എപ്പിസ്കോപ്പൽ ഭദ്രാസനത്തിലെ റൈറ്റ് റവ. ജോൺസി
ഇട്ടി, അമേരിക്കൻ ഓർത്തഡോക്സ് ചർച്ച് എക്സ്റ്റേണൽ അഫയേഴ്സ് ഡയറക്ടറും അമേരിക്കയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് മുൻ പ്രസിഡന്റും ഡബ്ല്യുസിസി മുൻ എക്സിക്യൂട്ടീവ് സെൻട്രൽ കമ്മിറ്റി അംഗവുമായ വെരി. റവ. ഫാ. ലിയോനിഡ് കിഷ്കോവ്സ്കി, റോക് വിലെ സെന്റർ റോമൻ കാത്തലിക് രൂപതാ ചാൻസലർ റവ. ഫാ. ഐറിനൽ രക്കോസ്, ഡബ്ല്യുസിസി എക്സിക്യൂട്ടീവ് മെമ്പർ ആൻ ഗ്ലിൻ മക്കോൾ, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുര്യാക്കോസ്, എക്യുമെനിക്കൽ റിലേഷൻസ് ഡയറക്ടർ ഫാ. പൗലോസ് ടി. പീറ്റർ, ഭദ്രാസന ചാൻസലർ ഫാ. തോമസ് പോൾ തുടങ്ങിയ എക്യുമെനിക്കൽ നേതാക്കളും സംബന്ധിച്ചു.

1948 ൽ ആരംഭിച്ച ഡബ്ല്യുസിസി 2013 ലെ കണക്ക് പ്രകാരം 110 ഓളം രാജ്യങ്ങളിലെ പ്രോട്ടസ്റ്റന്റ്, ഓർത്തഡോക്സ്, ആംഗ്ലിക്കൻ തുടങ്ങി 345 അംഗ സഭകളിലെ 500 മില്യൻ ക്രൈസ്തവരെ പ്രതിനിധീകരിക്കുന്നു . കത്തോലിക്കാ സഭയുമായി സഹകരിച്ചാണ് ഡബ്ല്യുസിസിയുടെ പ്രവർത്തനം.