OVS - Latest NewsOVS-Pravasi News

പരി.കാതോലിക്കാ ബാവായുടെ ജന്മദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു

ന്യൂയോര്‍ക്ക്: സപ്തതി ആഘോഷിക്കുന്ന മലങ്കര സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പ്രാര്‍ത്ഥനാനിര്‍ഭരമായി പിറന്നാള്‍ ആശംസകള്‍ catholicos-birthday-3നേര്‍ന്നു. ഫ്‌ളോറല്‍ പാര്‍ക്ക് സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാതോലിക്ക ദിന ഫണ്ട് ഏറ്റുവാങ്ങുന്ന ചടങ്ങിനിടെയാണ് പിറന്നാള്‍ ആഘോഷം നടന്നത്. പരി. ബാവ കേക്ക് മുറിച്ചപ്പോള്‍ വിശ്വാസ സമൂഹം, ‘നന്ദിയോടെ ഞാന്‍ സ്തുതി പാടിടും എന്‍റെ യേശുനാഥാ’ എന്ന ഗാനം എഴുന്നേറ്റു നിന്ന് ആലപിച്ചു. ജന്മദിനം ആഘോഷിക്കുന്ന ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയും കേക്ക് മുറിച്ചു. ഒപ്പം ഇന്നേദിവസം തന്നെ ജന്മദിനം ആഘോഷിക്കുന്ന പരി. ബാവായുടെ സെക്രട്ടറി ഫാ. ജിസ് ജോണും കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു.

മലങ്കരസഭയുടെ വളര്‍ച്ചയില്‍ അഭിമാനം: പരിശുദ്ധ ബാവ

മലങ്കര സഭ അമേരിക്കയില്‍ നേടിയ വളര്‍ച്ചയില്‍ ഏറെ അഭിമാനമെന്ന് പരമാധ്യക്ഷന്‍ പരി. മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. അമേരിക്കന്‍ ഭദ്രാസനത്തിലേക്ക് ഓരോ തവണയും വരുമ്പോള്‍ അഭിമാനം വാനോളം ഉയരുകയാണ്. ഈ ഭദ്രാസനത്തിന്‍റെ വികസനവും വളര്‍ച്ചയും അഭിമാനത്തോടും ആദരവോടും കൂടിയാണ് നോക്കിക്കാണുന്നത്. മലങ്കര സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഭദ്രാസനങ്ങളില്‍ ഒന്നായ ഇവിടെ നിങ്ങളെയൊക്കെ കാണുന്നതും മനസ്സിന് ഏറെ സന്തോഷം നല്‍കുന്ന സംഗതിയാണ്. നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന കാതോലിക്ക ദിന പിരിവ് ഏറ്റുവാങ്ങി കൊണ്ട് ന്യൂയോര്‍ക്കിലും ഫിലഡല്‍ഫിയയിലും അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ.

Captureനമ്മുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന പരുമല ക്യാന്‍സര്‍ സെന്ററിനെക്കുറിച്ച് കൂടി ഒരു വാക്കു പറഞ്ഞു കൊള്ളട്ടെ. വളരെയധികം പ്രയത്‌നം ആവശ്യമുള്ള ഒരു പദ്ധതിയാണിത്. എല്ലാവരും ചേര്‍ന്ന് അല്‍പ്പം കൂടി ശ്രദ്ധിച്ചാല്‍ നല്ല നിലയിലാവും. 45 കോടി കൊണ്ട് തീര്‍ക്കാമെന്നാണ് കരുതിയതും പദ്ധതിപ്ലാന്‍ തയ്യാറാക്കിയതും. എന്നാല്‍, ഇപ്പോഴിത് 140 കോടിയിലെത്തി നില്‍ക്കുന്നു. പ്രാര്‍ത്ഥനയോടൊപ്പം പ്രവര്‍ത്തനവും ആവശ്യമാണ്. ഉപസംഹാരമായി എനിക്ക് പറയുവാനുള്ളത്, മലങ്കര സഭ ഇന്നും പുഷ്ഠിപ്പെടുന്നുവെന്നുള്ളതാണ്. നിങ്ങള്‍ ചെയ്യാനുള്ളത് ഇവിടെയുള്ള നമ്മുടെ കുഞ്ഞു കുട്ടികള്‍ക്ക് സഭ പാരമ്പര്യവും വിശ്വാസവും കാതോലിക്കേറ്റിന്‍റെ പ്രാധാന്യവും മറ്റും മനസ്സിലാക്കി കൊടുക്കുകയെന്നതാണ്. മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കുകയും ഉപദേശങ്ങള്‍ വഴി നയിക്കുകയും വേണം. ഈ ഭദ്രാസനത്തില്‍ കണ്ട മറ്റൊരു പ്രത്യേകത യുവാക്കളായ ഒട്ടനവധി അച്ഛന്മാര്‍ ഉണ്ടെന്നുള്ളതാണ്. എല്ലാവരും പ്രതിഭകള്‍.

പിന്നീട് മലങ്കര സഭയുടെ ഫിനാന്‍സ് കമ്മിറ്റി ചെയര്‍പേഴ്‌സണും നിരണം ഭദ്രാസന അധ്യക്ഷനുമായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കാതോലിക്കാ ദിന സംഭാവനകളുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ നല്‍കി. മൂന്നു വരുമാന സ്രോതസ്സുകളാണ് മലങ്കര സഭയ്ക്കുള്ളത്. കാതോലിക്കാ ദിന നേര്‍ച്ചകാഴ്ച. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കല്‍ നിന്നുള്ള നേര്‍ച്ചക്കാഴ്ച, പരുമല സെമിനാരിയുടെ ചെലവുകള്‍ കഴിഞ്ഞുള്ള ബാക്കി. മൂന്നാമത്തേത് കോട്ടയം എം.ഡി കൊമേഴ്‌സ്യല്‍ സെന്ററില്‍ നിന്നുള്ള വരുമാനം. കുറേ നാളുകള്‍ക്ക് മുന്‍പ് കാതോലിക്കാ ദിന സംഭാവനയുടെ ലക്ഷ്യം ഒരു കോടി രൂപയായിരുന്നു. പിന്നീടത് അഞ്ചു കോടിയും ഇപ്പോഴത് പത്തു കോടിയുമാണ്. ഈ വര്‍ഷം ഇതേവരെ 7.33 കോടി രൂപ മാത്രമേ സമാഹരിക്കാനുള്ളു. ബാക്കിയുള്ളതിന് സഭ ഉറ്റു നോക്കുന്നത് അമേരിക്കന്‍ ഭദ്രാസനങ്ങളിലേക്കാണ്. കാതോലിക്കാദിനത്തിലെ വരുമാനം യാതൊരു വിധമായ കേസുകള്‍ക്കും ഉപയോഗിക്കുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റ്, കൃഷിനാശം സംഭവിച്ചതുള്‍പ്പെടെയുള്ള കര്‍ഷകര്‍ക്കുള്ള ഗ്രാന്റ്, ശ്ലീബാദാസ സമൂഹം, വൈദികക്ഷേമനിധി, വടക്കന്‍ ഭദ്രാസനങ്ങളിലെ ശമ്പള സബ്‌സിഡി, ശുശ്രൂഷകര്‍ക്കുള്ള സഹായനിധി, ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവര്‍ക്കായുള്ള പദ്ധതികള്‍, ആരോഗ്യപരിപാലനം, വാര്‍ദ്ധക്യകാല പെന്‍ഷന്‍, അവികസിത പള്ളികള്‍ക്കും പാഴ്‌സനേജുകള്‍ക്കുമുള്ള ഗ്രാന്റ്, കേരളത്തിനു പുറത്ത് പള്ളി കെട്ടിടങ്ങള്‍ ഇല്ലാത്തവര്‍ക്കുള്ള ഗ്രാന്റ് എന്നിങ്ങനെ വിവിധ പരിപാടികള്‍ക്കാണ് ഈ തുക വിനിയോഗിക്കുന്നത്.

Capture.JPG1കാതോലിക്കേറ്റ് സെന്റര്‍ ഉണ്ടാവേണ്ടതിന്‍റെ ആവശ്യം ബാവ തിരുമേനി എടുത്തു പറഞ്ഞു. കൂനന്‍കുരിശു പോലെയുള്ള മറ്റു തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ ഉണ്ടാവണം. കൂടുതല്‍ ഭദ്രാസനങ്ങള്‍ ഉണ്ടാവണം. അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നും 293000 ഡോളറാണ് ടാര്‍ജറ്റ് തുക. 56 പള്ളികളാണ് സഭയ്ക്ക് ഈ ഭദ്രാസനത്തിലുള്ളത്. നൂറു ശതമാനം കാതോലിക്കദിന പിരിവ് നല്‍കിയ 39 ദേവാലയങ്ങളാണുള്ളത്. ടാര്‍ജറ്റിന്‍റെ 20 ശതമാനം കൂടുതല്‍ സമാഹരിച്ച ബോസ്റ്റണ്‍ സെന്‍റ് മേരീസ് ഇടവകയ്ക്കുള്ള അവാര്‍ഡ് പരിശുദ്ധ കാതോലിക്ക ബാവയില്‍ നിന്നും വികാരി ട്രസ്റ്റി, സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കൃതജ്ഞത പ്രകാശിപ്പിച്ച ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ഭദ്രാസനത്തില്‍ നിന്നുള്ള കാതോലിക്ക ദിന സമാഹരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കി. ടാര്‍ജറ്റ് തുകയുടെ 76 ശതമാനം കൊടുത്തു എന്നുള്ളത് സന്തോഷമുള്ള കാര്യമാണെങ്കിലും കുറേക്കൂടി ആകാമായിരുന്നു എന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. കൂടിയ ടാര്‍ജറ്റ് വച്ചതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. മറ്റൊരു സന്തോഷവാര്‍ത്തയുള്ളത് യോങ്കേഴ്‌സിലുള്ള സെന്‍റ് വ്ലാഡിമിര്‍ സെമിനാരിയില്‍ പഠിക്കുന്നവര്‍ക്ക് ഉള്ള ഗ്രാന്റായി കാതോലിക്ക ദിന ഫണ്ടില്‍ നിന്നും അഞ്ചു ലക്ഷം രൂപ പരി. ബാവ തിരുമേനി അനുവദിച്ചുവെന്നതാണ്. ഭദ്രാസനത്തിലെ ഒരു കുടുംബം 27 സെന്റാണ് ഒരു ദിവസം മലങ്കര സഭയ്ക്ക് നല്‍കുന്നത്. ഇത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട വിഷയമാണ്. ന്യായമായ ഒരു വിഹിതം കൊടുക്കാന്‍ സഭ അംഗങ്ങള്‍ ശ്രദ്ധിക്കണം. അതു പോര, സമൃദ്ധിയായി കൊടുക്കണം, എന്നു തന്നെയല്ല കേരളത്തിലെ ഒരു കുടുംബം 150 രൂപ എന്നുള്ളതും കൂട്ടേണ്ട സമയമായിരിക്കുന്നു. ഭദ്രാസനം വാങ്ങാന്‍ പോകുന്ന റിട്രീറ്റ് സെന്ററിനെക്കുറിച്ചും മാര്‍ നിക്കോളോവോസ് സംസാരിച്ചു. പല Catholicate-day-Mar-Nicholovos-768x512വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ പല കേന്ദ്രങ്ങളില്‍ നിന്നും വന്നിരുന്നുവെങ്കിലും സാധാരണക്കാരനായ ഒരു സഭാ സ്‌നേഹി പറഞ്ഞത് എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. ഇത്രയും ബൃഹത്തായ ഒരു പദ്ധതിക്ക്, ഭാവിതലമുറയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ഒരു പദ്ധതിക്ക് രണ്ടായിരം ഡോളര്‍ എന്നത്, ആ സഭാ സ്‌നേഹിക്ക് ഉള്‍ക്കൊള്ളാനാവുന്നതാണ്. അത് ഒറ്റത്തവണയായി കൊടുക്കണമെന്നില്ല, മൂന്നു വര്‍ഷമായി കൊടുത്താല്‍ മതി. പല കോലാഹലങ്ങള്‍ ഉണ്ടെങ്കിലും പരി. ബാവാ തിരുമേനിയെ ഒന്നാം പ്രതിയായും എന്നെ ഏഴാം പ്രതിയുമായി കേരളത്തില്‍ കേസ് കൊടുത്തിരിക്കുന്നുവെന്ന വസ്തുതയും ഇവിടെ സൂചിപ്പിക്കുകയാണ്. ഇതൊന്നും പക്ഷേ, നമ്മെ പിന്നിലോട്ട് വലിക്കുകയില്ല. ഒരു സീഡ് ബാങ്ക് ക്രിയേറ്റ് ചെയ്യുകയാണ്. ക്രൈസ്തവ സഭ ഉത്ഭവിച്ചിടത്ത് അത് നശിപ്പിക്കപ്പെടുമ്പോള്‍ ഈ സഭയെ സീഡ് ബാങ്ക് പോലെ ഉത്തമമായ ഒരു പൂന്തോട്ടമാക്കി ദൈവം പരിപാലിച്ചു. ദൈവത്തിന്‍റെ ഒരു അളവറ്റ കൃപ മലങ്കരസഭയ്ക്ക് എന്നും എപ്പോഴുമുണ്ടായിരുന്നു. ഇനി ഉണ്ടാവുകയും ചെയ്യും. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ഗ്രിഗറി വറുഗീസ് സ്വാഗതം ആശംസിച്ചു. ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ ഫാ. ഷിബു ഡാനിയല്‍ എംസിയായി പ്രവര്‍ത്തിച്ചു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വറുഗീസ്, അജിത്ത് വട്ടശ്ശേരില്‍, സഭ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ഫാ. വറുഗീസ് പുല്ലേലില്‍, പോള്‍ കറുകപ്പിള്ളില്‍ എന്നിവരും വേദിയില്‍ ഉപവിഷ്ടരായിരുന്നു. ഭദ്രാസന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ വറുഗീസ് പോത്താനിക്കാട് ഇടവകകളെ കാതോലിക്കാ ദിന നിധി പരി. ബാവ തിരുമേനിയെ ഏല്‍പ്പിക്കുവാനായി ക്ഷണിച്ചു.

ഓഗസ്റ്റ് 27 ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്ക് സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷമായിരുന്നു സമ്മേളനം നടന്നത്. സമ്മേളനത്തിനായി ഇടവക വന്‍ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. വെരി. റവ. ഡോ. പി.എസ്. സാമുവല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഗ്രിഗറി വറുഗീസ് എന്നിവരെ കൂടാതെ വറുഗീസ് പോത്താനിക്കാട്, ജോസ് തോമസ് എന്നിവര്‍ കണ്‍വീനര്‍മാരായും സെക്രട്ടറി മാത്യു മാത്തന്‍, ജോ. സെക്രട്ടറി മോന്‍സി വറുഗീസ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഓഗസ്റ്റ് 28 ഞായറാഴ്ച പെന്‍സില്‍വേനിയയിലെ ഫെയര്‍ലെസ് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുര്യാക്കോസ് എംസി ആയി പരിപാടികള്‍ ക്രമീകരിച്ചു. പരി. കാതോലിക്ക ബാവയോടും മാര്‍ നിക്കോളോവോസ്, മാര്‍ ക്രിസോസ്റ്റമോസ് എന്നീ മെത്രാപ്പോലീത്തമാരോടൊപ്പം നിലയ്ക്കല്‍ റാന്നി ഭദ്രാസന അധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തയും പങ്കെടുത്തു. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഡോ. സാക്ക് സഖറിയ, ഫിലിപ്പോസ് ഫിലിപ്പ്, സഭാ മാനേജിങ് കമ്മിറ്റി അംഗം പോള്‍ കറുകപ്പിള്ളില്‍ എന്നിവരും വേദിയില്‍ ഉപവിഷ്ടരായിരുന്നു. ഇടവക വികാരി ഫാ. അബു പീറ്റര്‍ സ്വാഗതമാശംസിച്ചു.