OVS - ArticlesOVS - Latest News

നിരണം പള്ളിയുടെ വിലമതിക്കാനാവാത്ത മാണിക്യം ആബോ അലക്സിയോസ്.

ണ്ടായിരം വർഷത്തെ ആരാധനാ പാരമ്പര്യം നിറഞ്ഞു നിൽക്കുന്ന നിരണം പള്ളി, ചരിത്രപരമായും ആരാധനാ വിജ്ഞാനീയപരമായും പഠിതാക്കളുടെ കലവറയാണ്. എന്നാൽ ഒരു ദേവാലയത്തിന്‍റെ ആത്മീയ പുരോഗതിയാണ് ഇടവക വളർച്ചയുടെ ആകെ തുക. ആ രീതി ശാസ്ത്ര പ്രകാരം നിരണം ഇടവക ഭാഗ്യവതിയാണ്. വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നും പകർന്നു കിട്ടിയ ജീവന്‍റെ സുവിശേഷം അഭംഗുരം പരിരക്ഷിക്കുവാൻ പ്രഗത്ഭരായ ഒട്ടനേകം വൈദികർക്കും അത്മായ പ്രമുഖർക്കും ജന്മം നൽകുവാൻ മാർത്തോമൻ പൈതൃകത്തിന്‍റെ അമ്മത്തൊട്ടിലിനു സാധിച്ചു. കാലാകാലങ്ങളിൽ പരിശുദ്ധ സഭയിൽ ഉണ്ടായ പ്രതിസന്ധിഘട്ടങ്ങളിൽ നിരണം ഇടവകയുടെ ശക്തമായ നേതൃത്വം എന്തായിരുന്നു എന്നുള്ളത് ഓരോ ചരിത്ര പഠിതാവിനും സംശയലേശമന്യേ മനസിലാക്കുവാൻ സാധിക്കും.

അധികാരത്തിന്റെ ഗർവിൽ നിന്ന മെനസ്സിസ് മെത്രാനെ ഇളിഭ്യനായി മടക്കി അയച്ചതും, കൂനന്കുരിശ് സത്യത്തിനു ശേഷം മാർത്തോമൻ പിതാക്കന്മാർക്കു ആസ്ഥാനമായി നിലകൊണ്ടതും, കടൽ കടന്നു വന്നവന്‍റെ ദുർചിലവിനു പരിഹാരമായി ജയിൽ വാസം അനുഭവിക്കേണ്ടി വന്ന അഞ്ചാം മാർത്തോമ്മായുടെ മോചനത്തിനായി ആടയാഭരണങ്ങൾ അഴിച്ചുവച്ച “ധീര വനിതാ” ഇലഞ്ഞിക്കല്‍ പീത്തമ്മ തങ്കിയും , മലങ്കര നസ്രാണിയുടെ ഭരണ പാടവം കാട്ടിക്കൊടുത്ത ഇലഞ്ഞിക്കൽ ജോൺ വക്കില്‍ തുടങ്ങിയവർ മനസിനെയും ശരീരത്തെയും ഒന്നുപോലെ രോമാഞ്ച കഞ്ചുകമണിയിക്കുന്ന നിരണം ദേവാലയത്തിന്റെ അരുമസന്താനങ്ങള്‍ ആണ് . ആ നിരയില്‍ വിലമതിക്കാനാവാത്ത മാണിക്യമായി പ്രശോഭിക്കുകയാണ് മലങ്കര സഭ “ധര്‍മ്മ യോഗി” ആബോ അലക്സിയോസ് മാർ തേവോദോസിയോസ്.

പുരാതനമായ മട്ടക്കല്‍ തറവാട്ടിൽ 1888 ഓഗസ്റ്റ് 28ന് ആയിരുന്നു സമര്യ പുരുഷന്റെ ജനനം, മാതാപിതാക്കൾ ചാണ്ടികുഞ് എന്ന് സ്നേഹപൂർവ്വം വിളിപ്പേര് നൽകി. ചാണ്ടിക്കുഞ്ഞിന് 2 വയസു തികയുന്നതിനു മുമ്പ് തന്നെ ‘അമ്മ മരിച്ചു. പിന്നീട് മലങ്കര സഭയുടെ മല്പാൻമാരുടെ ഗണത്തില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച അലക്സന്ദ്രിയോസ് കത്തനാരുടെ സംരക്ഷണയിൽ ദൈവീക ജീവിതത്തിന്റെ ബാല പാഠങ്ങൾ അഭ്യസിച്ചു. ആരാധന പഠനത്തോടൊപ്പം തന്നെ സെക്കുലര്‍ വിദ്യാഭ്യാസത്തിലും മുന്നിട്ടുനിന്ന ചാണ്ടികുഞ്ഞു പ്രശസ്തങ്ങളായ സ്കൂളിലും കോളേജുകളിലും തന്‍റെ പഠനം പൂർത്തിയാക്കി. മലങ്കര മെത്രാപോലിത്ത പുലിക്കോട്ടിൽ രണ്ടാമന്‍ തിരുമേനിയിൽ നിന്നും അലക്സിയോസ് എന്ന നാമത്തിൽ ശെമ്മാശൂപ്പട്ടം സ്വീകരിച്ചു. 1915 മുതൽ പ്രശസ്തിയാർജ്ജിച്ച ഈസ്റ്റ് ബംഗാളിലെ ബാരിസോൾ, സെറാമ്പൂർ എന്നീ കോളേജുകളിൽ നിന്നും ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. ആ അവസരത്തിലാണ് ഫാ. പി.റ്റി ഗീവര്‍ഗിസുമായി (പിന്നീട് റീത്തു ആർച്ചു ബിഷപ്പ്) പരിചയത്തിലാകുന്നത്. ആ പരിചയം ആണ് മലങ്കര മെത്രാപ്പോലീത്ത വട്ടശ്ശേരിൽ തിരുമേനിയുടെ അനുവാദത്തോടെ മലങ്കര സഭയുടെ അഭ്യുന്നതി കാംക്ഷിച്ചു പെരുന്നാട്ടില്‍ സഭക്കായി ഒരു സന്ന്യാസി പ്രസ്ഥാനം എന്ന ചിന്താഗതിക്ക് നിദാനമായതു.

നിരണം പള്ളിയുടെ അംഗമായ അലക്സിയോസ് ശെമ്മാശന്‍ സഭക്കായി ആരംഭിക്കുന്ന ബഥനി പ്രസ്ഥാനത്തിന് 100 ഏക്കർ സ്ഥലം നിരണം ഇടവകയിലെ ഇലഞ്ഞിക്കൽ ജോൺ വക്കീൽ നൽകിയത് ബഥനി ആശ്രമത്തിനു ദൈവം നല്‍കിയ വളര്‍ച്ചയുടെ തുടക്കവും അല്കസിയോസ്ശേമ്മശനോടുള്ള ഇടവകയുടെ കരുതലുമായിരുന്നു . 1918 ൽ ഫാ. പി. ടി ഗീവര്‍ഗിസുമായി ആലോചിച്ചു മുണ്ടന്‍ മലയിലേക്ക് വന്നതും ആശ്രമത്തിനു വേണ്ട സ്ഥാനം കണ്ടുപിടിച്ചതുമായ കാര്യങ്ങൾ “ഗിരിദീപത്തിന്‍റെ” വെളിച്ച ഭാഗത്തുനിന്നും കാണാവുന്നതാണ്. ആ ദീപ വെട്ടത്തിൽ നിന്നും വ്യക്തമാണ് മുണ്ടന്‍ മലയിലേക്ക് പ്രയാസങ്ങളെ അതിജീവിച്ചു കാടും, കുന്നും കടന്നു വന്ന ധര്‍മ്മ യോഗിയെപ്പറ്റി. ജീവനുതുല്യം സ്നേഹിച്ച ഈവാനിയോസ് (ഫാ, പി.ടി ഗീവര്ഗീസ്) കൂനന്കുരിശ് സത്യത്തെയും, പൂർവ പിതാക്കന്മാരുടെ ത്യാഗോജ്വലമായ ജീവിതത്തെയും മറന്നു അധികാരത്തിന്റെ മതിഭ്രമം പൂണ്ടു റോമാ പാളയത്തിൽ ചെന്നിറങ്ങിയപ്പോഴും ബഥനി പ്രസ്ഥാനത്തെ മലങ്കര സഭക്ക് കീഴിൽ അണിനിരത്താൻ കഴിഞ്ഞത് നിരണം ദേശത്തിന്റെ ചൂടും ചൂരും ഏറ്റുവാങ്ങിയ നിരണം പള്ളിയുടെ മുറ്റത്തു ഓടിക്കളിച്ചു വളർന്ന ഫാ.അലക്സിയോസ്നു ദൈവം കൊടുത്ത മഹായോഗമായിരുന്നു. പിന്നെയങ്ങോട്ട് കൈയും മെയ്യും മറന്നു രാപ്പകൽ ഭേദമന്യേ വിശ്വാസധീരതയോടും , അമാനുഷീക ശക്തിയോടും കൂടെ ഫാ.അലക്സിയോസ് മുന്നേറി, ബഥനിയെ റോമാ പാളയത്തിൽ ആക്കുക അല്ലങ്കില്‍ നശിപ്പിക്കുക എന്ന നിലപാട് കൈക്കൊണ്ട ഈവാനിയോസിന്‍റെ മാര്ഗങ്ങളെയും കോടതിയിൽ കടന്നുകയറിയ കേസിനെയും സമചിത്തതയോടും , ദൈവീക അനുഗ്രഹത്തിലും അദ്ദേഹം നേരിടുകയും അന്തിമ വിജയം നേടുകയും ചെയ്തു.

1938 ഏപ്രിൽ 7 നു പരി .ബസേലിയോസ് ഗീവര്ഗീസ് ദ്വിതീയൻ ബാവ കൊല്ലം, ബാഹ്യ കേരളം എന്നീ ഭദ്രാസനകളുടെ മെത്രപൊലീത്തയായി വാഴിച്ചു. ഭദ്രാസന ഭരണമുള്ള മേത്രാപോലിത്ത എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും സഭക്കായി ദൈവീക നിയോഗപ്രകാരം താൻ നട്ടുവളർത്തിയ ബഥനിയെ സംരക്ഷിക്കുവാൻ അദ്ദേഹം മറന്നില്ല ബഥനിയ്ക്ക് ഇന്ന് കാണുന്ന ആത്മീയ – ഭൗതീക വളർച്ച ധര്‍മ്മ “യോഗിയുടെ” കഠിനപരിശ്രമം ആണെന്നതിൽ സംശയമില്ല കൂടാതെ സഭ തർക്കത്തിന്‍റെ കാലയളവിൽ സമര്യ പുരുഷന്‍റെ നിലപാടുകൾ വളരെ കാർക്കശ്യം പുലർത്തുന്നവ ആയിരുന്നു. ചിങ്ങവനം വട്ടമേശ സമ്മേളനം എന്നറിയപ്പെടുന്ന യോഗത്തിൽ സഭയുടെ സ്വാതന്ത്ര്യം ഹനിക്കപെടും എന്ന് മനസിലാക്കിയ അഭി. തേവോദോസിയോസ് തിരുമേനി ചുറ്റും കൂടി നിന്നവരെ കൂസാതെ ആരുടേയും ആക്രോശത്തിനു മുന്നിൽ മുട്ടുവിറക്കാതെ “ഞാൻ പഴയ ചാണ്ടി ആയി മാറിയാലും സ്വാതന്ത്ര്യം നഷ്ടപെട്ട ഒരു സഭയുടെ മെത്രാപ്പോലീത്തയായി കഴിയുവാൻ ആഗ്രഹിക്കുന്നില്ല … ഒരു നായയെ പോലെ ചത്ത് വീണാലും എന്‍റെ സഭയുടെ സ്വാതന്ത്ര്യത്തിനായി അടരാടും “എന്ന് താക്കീതു കലർന്ന ശബ്ദത്തിൽ പറഞ്ഞുകൊണ്ട് യോഗത്തിൽ നിന്നും ഇറങ്ങിവന്നത് താന്‍ കാലേക്കൂട്ടി മനഃപാഠമാക്കിയ വരികൾ ആയിരുന്നില്ല മറിച് ഉള്ളിന്‍റെ ഉള്ളില്‍ നിന്നും പുറപ്പെട്ട വാക്കുകൾ ആയിരുന്നു.

ബഥനി ആശ്രമത്തിനു ജന്മം കൊടുക്കുകയും,സഭയെയും സമൂഹത്തെയും സ്നേഹിക്കുകയും ചെയ്ത ധർമത്തോട് യോഗ്യമായി നടന്ന നിരണം പള്ളിയുടെ വിലമതിക്കാനാകാത്ത മാണിക്യം 1965 ഓഗസ്റ്റ് 6 ആം തിയതി കൂടാരപ്പെരുന്നാള്‍ ദിവസം ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. താബോർ കുന്നിൽ വച്ച് യേശുവിനോടൊപ്പം കാണപ്പെട്ട മോശയും ഏലിയാവും ദൈവത്തോടൊപ്പം ചേർന്ന് നിന്നതിനാൽ ദൈവീക പ്രഭയാൽ ശോഭയുള്ളവരായി കാണപെട്ടതുപോലെ, ദൈവത്തോടൊപ്പം ദൈവീക വഴിയിൽ ചേർന്ന് നടന്ന ആബോ അലക്സിയോസ് മാർ തേവോദോസിയോസ് ദീപം പോലെ പ്രകാശിക്കുകയാണ്‌, മുണ്ടൻ മലയെ പ്രശോഭിപ്പിക്കുകയാണ്.

ജിജോ നിരണം