OVS - Latest NewsOVS-Pravasi News

പച്ചക്കറിത്തോട്ടം സ്വന്തമായുള്ള യുകെയിലെ ആദ്യത്തെ മലയാളി വൈദീകന്‍

ഫാ. ഹാപ്പി ജേക്കബ്ബ് – പച്ചക്കറിത്തോട്ടം സ്വന്തമായുള്ള യുകെയിലെ ആദ്യത്തെ മലയാളി വൈദീകന്‍. മൂന്ന് സെന്റില്‍, വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറിത്തോട്ടത്തിന്‍റെ ഉടമ. യൂറോപ്പിന്‍റെ സൗന്ദര്യമായ യോര്‍ക്ഷയറിലെ ഹരോഗേറ്റില്‍, ഹരോഗേറ്റ് ബോറോ കൌണ്‍സില്‍ പതിച്ചു കൊടുത്ത മൂന്ന് സെന്‍റ്  സ്ഥലത്തില്‍, ഉരുളക്കിഴങ്ങ്, സവോള, തക്കാളി, വെളുത്തുള്ളി, ചുവന്നുള്ളി, കാരറ്റ്, ബിറ്റ്‌റൂട്ട്, കാബേജ്, ബീന്‍സ്, നാടന്‍ മത്തങ്ങ, വഴുതനങ്ങ, നാടന്‍ കാന്താരി മുളക്, സ്പീനിച്ച്, ബ്ലാക്ബറി, ഗൂസ്ബറി, റാസ്ബറി, ബ്ലൂബറി, സ്‌ട്രോബറി, ചെറി, കിവി ഫ്രൂട്ട്, ആപ്പിള്‍, വെളുത്തതും കറുത്തതുമായ മുന്തിരി, സ്വീറ്റ് കോണ്‍ എന്നിങ്ങനെ ധാരാളം പഴങ്ങളും പച്ചക്കറികളും അദ്ദേഹം വിളവെടുക്കുന്നു.

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ സെന്‍റ്. തോമസ് ചര്‍ച്ച് കേംബ്രിഡ്ജ്, സെന്‍റ്. സ്റ്റീഫന്‍സ് ചര്‍ച്ച് ബുര്‍മ്മിന്‍ഹാം എന്നിവയുടെ വികാരിയാണ്  അദ്ദേഹം . പന്ത്രണ്ട് വര്‍ഷം മുമ്പ് യുകെയിലെത്തിയ ഫാ. ഹാപ്പി ജേക്കബ് ഹരോഗേറ്റില്‍ സ്ഥിരതാമസക്കാരനാണ്.

കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ ഗ്രാമത്തില്‍ ഇടയിലവിള വീട്ടില്‍ ജേക്കബിന്‍റെയും ഗ്രേസിയുടേയും മൂന്നു മക്കളില്‍ രണ്ടാമനായ ഹാപ്പി ജേക്കബ്ബിന് ചെറുപ്പത്തില്‍ തന്നെ കൃഷികളോട് താല്പര്യം ഉണ്ടായിരുന്നു. കോട്ടയം പഴയ സെമിനാരിയില്‍  വൈദീക പഠനം  പൂര്‍ത്തിയാക്കി കേരളത്തില്‍ വൈദീക ശുശ്രൂഷകള്‍ ചെയ്യുന്ന കാലത്തും കൃഷികള്‍ ചെയ്തിരുന്നു.

വെറും നൂറ് പൗണ്ടില്‍ താഴെ മാത്രം മുടക്കി നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിനുവേണ്ട ഒട്ടുമിക്ക പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും സ്വന്തമായി ഉല്പാദിപ്പിക്കുക, അതും യാതൊരു വിധ രാസവളങ്ങളും ഉപയോഗിക്കാതെ. ചെടികള്‍ക്ക് ഉപയോഗിക്കാനുള്ള കമ്പോസ്റ്റ് ഉണ്ടാക്കാനുള്ള സംവിധാനവും ഇവിടെ തന്നെയുണ്ട്.

അച്ചാറുകളുടെ ഒരു വലിയ ശേഖരം തന്നെ അച്ചനുണ്ട്. സാധാരണയായി അച്ചന്‍ ശുശ്രൂഷ ചെയ്യുന്ന കേംബ്രിഡ്ജ്, ബര്മ്മിംഗ്ഹാം എന്നിവിടങ്ങളിലെ ദേവാലങ്ങളില്‍ ലേലത്തില്‍ വില്ക്കും . വിറ്റുകിട്ടുന്ന പൈസാ പള്ളിയുടെ ഫണ്ടിലേയ്ക്കും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കും. കുറച്ചു നാളുകള്‍ക്ക്  മുമ്പ് മാഞ്ചസ്റ്ററിലും ബര്‍മ്മിങ്ങ്ഹാമിലുമായി ചാരിറ്റി ഫണ്ട്‌ റേസിംഗ് നടത്തി. അച്ചാറുകളുടെ ഒരു സ്റ്റാളും അവിടെയുണ്ടായിരുന്നു. പതിനായിരം പൗണ്ടോളും അവിടെ സ്വരൂപിക്കാന്‍ സാധിച്ചു. അച്ചാറിന്‍റെ വിലയായിരുന്നില്ല അവിടെ കിട്ടിയത്. മറിച്ച് കഷ്ടപ്പാടിന്‍റെ പ്രതിഫലമായിരുന്നു. കിട്ടിയ തുക മുഴുവനും സഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കാരുണ്യാ വിശ്രാന്തി ഭവന് കൈമാറി.

കൃഷിയില്‍ താല്പര്യമുള്ളതുപോലെ തന്നെ കൃഷിയിലെ പുതിയ പരീക്ഷണങ്ങളും അച്ചന് ഹരം തന്നെ. കൃഷിയിടത്തില്‍ തവളകള്‍ വളരുന്ന ഒരു ചെറിയ കുളമുണ്ട്. പതിനഞ്ചോളം തവളകള്‍ ഈ കുളത്തിലുണ്ട്. കൃഷിയിടത്തിലെ കീടങ്ങളെ ഇവ പിടിച്ചു തിന്നും. അഞ്ചു വര്‍ഷമായി ചട്ടിയില്‍ വളര്‍ത്തുന്ന ഒരു ഓക്കുമരത്തിന് ഒരടിപ്പൊക്കംമാത്രം. യൂറോപ്പിലെ എറ്റവും ഉയരം കൂടിയ മരങ്ങളിലൊന്നാണ് ഓക്കുമരം എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.  ആകഷണീയമായിട്ടുള്ള അടുത്ത ഇനം ഒരു തടിയില്‍ രണ്ടു മരങ്ങള്‍ വളരുന്നു. പിയറും(Pear) ചെറിയും (Cherry). ഒരു തടിയില്‍ വളരുന്ന ഈ രണ്ടു മരങ്ങള്‍ക്ക് മൂന്ന് വയസ്സും ആറടി പൊക്കവും ആയിക്കഴിഞ്ഞു. ഇനി നാട്ടിലെ പ്ലാവ് വളര്‍ത്താനുള്ള ശ്രമത്തിലാണ് അച്ചനിപ്പോള്‍.

ഒരു പാട് ആയുസ്സ് കൂട്ടുമെന്നും സൗഭാഗ്യം വന്നു ചേരുമെന്ന് ജാപ്പനീസ് വിശ്വസിക്കുന്ന കോയികാര്‍പ്പ് എന്ന മീന്‍ മൂന്നു മാസമായി വീട്ടുമുറ്റത്തെ അച്ചന്‍റെ കുളത്തിലുണ്ട്. മുപ്പത് സെന്റീമീറ്റര്‍ നീളമുള്ള ഈ മീനിന് എണ്ണൂറ് പൌണ്ടോളും വില വരും. വിരിയാറായ താമര മറ്റൊരു പ്രത്യേകതയാണ്. അതും ഈ മുറ്റത്തെ കുളത്തില്‍ വളരുന്നു.

ആത്മീയമായ ഭക്ഷണം വിശ്വാസികള്‍ക്ക് കൊടുക്കുന്നതോടൊപ്പം ഭൗതീകമായി ജീവിക്കുന്നതിനുള്ള ഭക്ഷണം സ്വയം ഉല്പാദിപ്പിക്കുവാന്‍ പഠിപ്പിക്കുകയാണ് അച്ഛന്‍. പ്രകൃതിയില്‍ നിന്നും മാറി നിന്നിട്ട് ജീവിതമില്ല. പ്രകൃതി എല്ലാം ആവശ്യത്തിന് തരുന്നുണ്ട്. പക്ഷേ, നമ്മുടെ ആര്‍ത്തി നികത്താന്‍ പ്രകൃതിയുടെ കൈയ്യിലില്ല. ഒരു മണിക്കൂര്‍ വീതം ദിവസവും ചിലവഴിച്ചാല്‍ മതി. സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നതില്‍ നിന്ന് വെറും ഒരു മണിക്കൂര്‍ മാത്രം. അത് വൈദീകരാണെങ്കിലും അല്മാനയരാണെങ്കിലും, ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുണ്ട് ?