OVS-Pravasi News

ഹൃദയ ശസ്ത്രക്രിയാ സഹായ പദ്ധതിയുമായി മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവക

മസ്കത്ത്:- നിര്‍ധനരായ ഹൃദ്രോഗികള്‍ക്ക് ചികിത്സാ സഹായ പദ്ധതിയുമായി മസ്കത്ത് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക രംഗത്ത്. ‘കാരുണ്യത്തിന്‍െറ തൂവല്‍സ്പര്‍ശം’ എന്ന പേരില്‍ ‘തണല്‍’ ജീവകാരുണ്യ പദ്ധതിയിലൂടെയാണ് സഹായം നല്‍കുക.
സാമ്പത്തികശേഷിയില്ലാത്ത ഹൃദ്രോഗികള്‍ക്ക്  ശസ്ത്രകിയ നടത്താന്‍ ഒരു ലക്ഷം രൂപവരെ ധനസഹായം നല്‍കും.  കൂടാതെ, തുടര്‍ ചികിത്സക്കും മരുന്നുകള്‍ക്കുമുള്ള സഹായവും നല്‍കും.
കുട്ടികളുടെ ചികിത്സക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള പദ്ധതിയില്‍ ജാതിമത ഭേദമന്യേ രോഗികള്‍ക്ക് അപേക്ഷിക്കാം. ഇടവക വികാരി ഫാ. ജേക്കബ് മാത്യുവിന്‍െറ അധ്യക്ഷതയില്‍ റുവി സെന്‍റ് തോമസ് ചര്‍ച്ചില്‍ നടന്ന പരിപാടിയില്‍ ബദര്‍ അല്‍ സമാ ആശുപത്രി കാര്‍ഡിയോളജി വിഭാഗം മേധാവിയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ബെന്നി പനക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇടവകയിലെ മുതിര്‍ന്ന അംഗവും സംരംഭകനുമായ ഗീവര്‍ഗീസ് യോഹന്നാനുവേണ്ടി അദ്ദേഹത്തിന്‍െറ പുത്രന്‍ ജാബ്സണ്‍ വര്‍ഗീസില്‍നിന്ന് പദ്ധതിയുടെ ആദ്യ സംഭാവന സ്വീകരിച്ചു. അസോസിയേറ്റ്  വികാരി ഫാ. കുര്യാക്കോസ് വര്‍ഗീസ്, ട്രസ്റ്റി ബിജു ജോര്‍ജ്, ആക്ടിങ് സെക്രട്ടറി ജോര്‍ജ് കുഞ്ഞുമോന്‍, ഭദ്രാസന കൗണ്‍സില്‍ അംഗം മാമന്‍ ജോര്‍ജ്, തണല്‍ പദ്ധതി സമിതി അംഗങ്ങളായ മോളി എബ്രഹാം, ഷിബു ജോണ്‍, ജോണ്‍ തോമസ്, നിതിന്‍  ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.
ധനസഹായത്തിനായി അപേക്ഷകന്‍െറ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ അപേക്ഷകള്‍, വൈദ്യപരിശോധനാ റിപ്പോര്‍ട്ട്, വരുമാന സര്‍ട്ടിഫിക്കേറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം വരുന്ന നവംബര്‍ 30ന് മുമ്പായി ‘ദി വികാര്‍, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, പി.ഒ ബോക്സ്: 984, പോസ്റ്റല്‍ കോഡ്: 100, മസ്കത്ത് എന്ന വിലാസത്തില്‍  അയക്കണം.