OVS - Latest NewsOVS-Pravasi News

ഓസ്ട്രേലിയയിലെ ആരോഗ്യ രംഗത്ത് മലയാളികള്‍ക്ക് മികച്ച സേവനത്തിനുള്ള അവാര്‍ഡ്‌

വാഗവാഗ∙ ഓസ്ട്രേലിയയിലെ ആരോഗ്യ രംഗത്ത് മികച്ച സേവനത്തിനുള്ള അവാര്‍ഡുകള്‍ക്ക് രണ്ടു മലയാളികള്‍ അര്‍ഹരായി. ന്യൂസൗത്ത് വേല്‍സ് സ്റ്റേറ്റിലെ മൂറംബിഡ്ജീ ഹെല്‍ത്ത്‌ ഡിസ്ട്രിക്ടിലെ മികച്ച രജിസ്റ്റേർഡ് നഴ്സ് ആയി രശ്മി വിനോദ് (ബൈസ് ഹോസ്പിറ്റല്‍, വാഗ വാഗ), അസിസ്റ്റന്റ് നഴ്സ് ആയി പോള്‍ ജോര്‍ജ് (ഹേയ് ഹോസ്പിറ്റല്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും വാഗ വാഗ സെന്‍റ് മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ കോണ്‍ഗ്രിഗ്രേഷന്‍ അംഗങ്ങള്‍ ആണ്.

കോതമംഗലം പാച്ചേലില്‍ പ്രൊഫ. പി.കെ. സ്കറിയയുടെയും ഗ്രേസിന്റെയും മകളും തുമ്പമണ്‍ തോപ്പില്‍ മോടിയില്‍ വിനോദ് ഫിലിപ്പിന്റെ ഭാര്യയുമാണ് രശ്മി. മകന്‍ അലോക് ഫിലിപ്പ്.  കുമളി വയലുതലക്കല്‍ ജോര്ജുനകുട്ടിയുടെ മകനാണ് പോള്‍. പ്രീമോള്‍ ആണ് ഭാര്യ. മക്കള്‍- എയിഡന്‍, ഏഡന്‍.

മൂറംബിഡ്ജീ ഹെല്‍ത്ത്‌ ഡിസ്ട്രിക്ട്ടിന് കീഴില്‍ വരുന്ന 33 ഹോസ്പിറ്റലുകളിലെ 2300-ല്‍ പരം നഴ്സ്മാരെ പിന്തള്ളിയാണ് ഇവര്‍ മികച്ച സേവനത്തിനുള്ള അവാര്ഡ് കരസ്ഥമാക്കിയത്. 33 ഹോസ്പിറ്റലുകളില്‍ നിന്നായി മൂന്നു പേര്‍ വീതം രണ്ടു വിഭാഗത്തിലും അവസാന റൌണ്ടിലെത്തിയെങ്കിലും ഒന്നാം സ്ഥാനത്ത് എത്തിയത് ഇവരാണ്. അസിസ്റ്റന്റ് നഴ്സ് വിഭാഗത്തില്‍ അവസാന റൗണ്ടില്‍ മലയാളിയായ ബിജു ചാലയില്‍ (ബൈസ് ഹോസ്പിറ്റല്‍, വാഗ വാഗ) എത്തിയിരുന്നു. ഹോസ്പിറ്റല്‍ തലത്തിലുള്ള അവാര്‍ഡ്‌ മലയാളികള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഡിസ്ട്രിക്ട് ഹെല്‍ത്ത്‌ തലത്തിലുള്ള അവാര്‍ഡ്‌ മലയാളികള്‍ക്ക് ലഭിക്കുന്നത് ആദ്യമാണ്.