OVS - ArticlesOVS - Latest News

ഒന്നു പുറകോട്ടു നോക്കിയാല്‍ ഈ വര്‍ഷവും ഈസ്റ്റര്‍ ആഘോഷിക്കാം

കൊറൊണാ വൈറസ് എന്ന മാരക വ്യാധിയെ തളയ്ക്കാന്‍ നിലവില്‍ മനുഷ്യ രാശിയുടെ കൈയ്യിലുള്ള ഏക ആയുധം സാമുഹിക അകലം കര്‍ശനമായി പാലിച്ച് അതിൻ്റെ വ്യാപനം തടയുക എന്നതു മാത്രമാണ്. ഇന്ത്യപോലെ 125 കോടിയിലധികം ജനസംഖ്യുള്ള വിസ്തൃതമായ ഒരു രാജ്യത്ത് ലോക്ക് ഡൗണ്‍ എന്ന സമ്പൂര്‍ണ്ണ ചലനതടസം മാത്രമാണ് അതിനുള്ള ഉപാധി. അതാണ് ഇന്ന് (25 മാര്‍ച്ച് 2020) അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ചിരിക്കുന്നത്. വിഷുദിവസം (14 ഏപ്രില്‍ 2020) മാത്രമാണ് 21 ദിവസത്തെ ഇന്ത്യന്‍ ലോക്ക്ഡൗണ്‍ അവസാനിക്കുക. ജീവരക്ഷയ്ക്കായി സഹകരിക്കാം. അതോരൊ മനുഷ്യൻ്റെയും കടമയാണ്.

പക്ഷേ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് തികച്ചും വേദനാജനകമായ ഒരു വശം ഇതിനുണ്ട്. ഏപ്രില്‍ 5-ന് ഓശാന പെരുനാളില്‍ ആരംഭിച്ച് 12-ന് ഈസ്റ്ററില്‍ അവസാനിക്കുന്ന ഈ വര്‍ഷത്തെ കഷ്ടാനുഭ ആഴ്ച പൂര്‍ണ്ണമായും ഇന്ത്യന്‍ ലോക്ക്ഡൗണില്‍ മുങ്ങിപ്പോകും. പ്രത്യേകിച്ചും ഈസ്റ്റര്‍ – കര്‍ത്താവിൻ്റെ ഉയിര്‍പ്പ് – തങ്ങളുടെ ഏറ്റവും വലിയ പെരുന്നാളായി കൊണ്ടാടുന്ന പൗരസ്ത്യ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളെ സംബന്ധിച്ച് ഇത് തികച്ചും അസഹനീയമാണ്. എങ്കിലും മനുഷ്യരാശിയ്ക്കുവേണ്ടി സ്വജീവന്‍ പോലും ബലിയര്‍പ്പിച്ച യോശുക്രിസ്തുവിൻ്റെ പീഡാനുഭവത്തേയും മരണത്തേയും ഉയര്‍പ്പിനേയും അനുസ്മരിക്കുന്നതാണ് കഷ്ടാനുഭവ വാരം എന്നു മനസിലാക്കണം. മനുഷ്യരാശിയുടെ രക്ഷയ്ക്കായി ഈ വര്‍ഷത്തെ കഷ്ടാനുഭ ആഴ്ച ശുശ്രൂഷകളിലും ഉയിര്‍പ്പു പെരുന്നാളിലും പങ്കെടുക്കാതിരിക്കുക എന്നതു പോലും മഹാകവി ജി ശങ്കരക്കുറുപ്പ് പറയുന്ന, …രണ്ടായിരത്തോളം ആണ്ടുകള്‍ക്കപ്പുറത്തുണ്ടായൊരാ മഹാത്യഗത്തിൻ്റെ… ഏഴയലത്തു വരില്ല.

പക്ഷേ കേരളത്തിലെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ക്ക് ഇപ്പോഴും ആശ്വസിക്കന്‍ വകയുണ്ട്. അതിന് ഒന്നു പുറകോട്ടു നോക്കിയാല്‍ മതി. ലോകത്തെ എല്ലാ സഭകള്‍ക്കും ഇക്കൊല്ലത്തെ ഈസ്റ്റര്‍ ഏപ്രില്‍ 12-ന് അല്ല എന്ന വസ്തുതയാണ് രജതരേഖയായി തെളിയുന്നത്. ഇപ്പോഴും ജൂലിയന്‍ കലണ്ടര്‍ പിന്‍പറ്റുന്ന റഷ്യ അടക്കമുള്ള ബൈസന്റൈന്‍ രാജ്യങ്ങളില്‍ ഇക്കൊല്ലത്തെ ഈസ്റ്റര്‍ ഏപ്രില്‍ 19-നു മാത്രമാണ്.

കേരളത്തിലെ ക്രൈസ്തവ സഭകള്‍ ഇന്ന് പിന്തുടരുന്ന ഗ്രീഗോറിയന്‍ കലണ്ടര്‍ പ്രകാരമാണ് 2020 ഏപ്രില്‍ 12 ഈസ്റ്റര്‍ ആകുന്നത്. 1953 -വരെ മലങ്കര സഭ ജൂലിയന്‍ കലണ്ടറാണ് അനുവര്‍ത്തിച്ചിരുന്നത്. അതിനുമുമ്പുള്ള കാലത്ത് മലങ്കര സഭയും പൗരസ്ത്യ കല്‍ദായ സുറിയാനി സഭയും ഒഴികെയുള്ള കേരളത്തിലെ സഭകള്‍ പാശ്ചാത്യരീതിയില്‍ ഗ്രീഗോറിയന്‍ കലണ്ടര്‍ പിന്തുടര്‍ന്നു വന്നു. അപൂര്‍വം വര്‍ഷങ്ങളില്‍ മാത്രമാണ് ജൂലിയന്‍-ഗ്രീഗോറിയന്‍ കലണ്ടര്‍പ്രകാരമുള്ള ഈസ്റ്റര്‍ – ക്രിസ്തുമസ് പെരുന്നാളുകള്‍ ഒരേ ദിവസങ്ങളില്‍ വരുന്നത്.

ഒരേ സ്ഥലത്ത് രണ്ട് തീയതികളില്‍ ഒരേ പെരുന്നാളുകള്‍ ആഘോഷിക്കുന്നതിലെ പ്രായോഗിക വൈഷമ്യങ്ങള്‍ പ. സഭയുടെ ശ്രദ്ധയില്‍ പെട്ടു. അതിനെ തുടര്‍ന്ന് പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായുടെ 1953 ഏപ്രില്‍ 16-ാം തീയതിയിലെ 59-ാം നമ്പര്‍ കല്പനപ്രകാരം ആ വര്‍ഷം സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ മുതല്‍ ഗ്രീഗോറിയന്‍ കലണ്ടര്‍ മലങ്കരസഭയില്‍ ഔദ്യോഗികമായി നടപ്പാക്കി. കല്പനയിലെ പ്രസക്ത ഭാഗം.

…പഞ്ചാംഗ പരിഷ്‌കരണത്തെപ്പറ്റിയും നമ്മുടെ സുന്നഹദോസ് ആലോചിക്കയുണ്ടായി. സ്വര്‍ഗ്ഗാരോഹണപ്പെരുനാള്‍ മുതല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കാന്‍ സുന്നഹദോസ് നിശ്ചയിച്ചിട്ടുള്ള വിവരവും നാം പ്രഖ്യാപനം ചെയ്യുന്നു. അന്നു മുതല്‍ നമ്മുടെ പെരുനാളുകള്‍ നോമ്പുകള്‍ മുതലായവ ആ പഞ്ചാംഗമനുസരിച്ച് നടത്തിക്കൊള്ളണം. പുതിയ പഞ്ചാംഗം നമ്മുടെ ആപ്പീസില്‍നിന്നും ഉടന്‍തന്നെ അച്ചടിപ്പിച്ച് എല്ലാ പള്ളികള്‍ക്കും അയച്ചുതരുന്നതായിരിക്കും…

1953-ന് ഈ ക്രമീകരണം വരുത്തുന്നതിന് തികച്ചും അനുയോജ്യമായ ഒരു ആനുകൂല്യം ഉണ്ടായിരുന്നു. ആ വര്‍ഷം ജൂലിയന്‍-ഗ്രീഗോറിയന്‍ കലണ്ടറുകള്‍ പ്രകാരം ഈസ്റ്റര്‍ ഒരേ ദിവസമായിരുന്നു. അതായത്, സ്വര്‍ഗാരോഹണ പെരുന്നാളിൻ്റെ തീയതി മാറ്റാതെ തന്നെ പഞ്ചാംഗങ്ങള്‍ സമജ്ഞസിപ്പിക്കമായിരുന്നു. അതാണ് ഇന്ന് നടപ്പിലിരിക്കുന്നത്.

2020-ലെ പ്രത്യേക സാഹചര്യത്തില്‍ പഴയ ജൂലിയന്‍ പഞ്ചാംഗം ഒരു വര്‍ഷത്തേയ്ക്ക് ഒന്നു പുറത്തെടുക്കാം. അതനുസരിച്ച് 2020 ഏഫ്രില്‍ 12-ന് ഓശാശ ശുശ്രൂഷകള്‍ സര്‍ക്കാര്‍ നിബന്ധനപ്രകാരം പരിമിതാംഗങ്ങളെക്കൂട്ടി വൈദീകര്‍ നടത്തി ഓലവാഴ്ത്തി പള്ളികളില്‍ സൂക്ഷിക്കട്ടെ. 16-ന് പെസഹായും തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ യഥാക്രമം ദുഃഖവെള്ളിയും, അറിയിപ്പിൻ്റെ ശനിയാഴ്ചയും നടത്തി 19-ന് ഈസ്റ്റര്‍ ആഘോഷിക്കാം. അത് കര്‍ത്താവ് മരണത്തെ ജയിച്ചതുപോലെ ഇന്ത്യ കൊറോണാ വൈറസ് എന്ന സര്‍പ്പത്തിൻ്റെ തല ചതച്ചതിൻ്റെ വിജയാഘോഷം കൂടിയാകാന്‍ പ്രാര്‍ത്ഥിക്കാം.

ഇതില്‍ ഒരു തെറ്റുമില്ല. ഈസ്റ്റര്‍ തീയതി ആദിമ നൂറ്റാണ്ടുകളില്‍ തന്നെ ഒരു തര്‍ക്കവിഷയമായിരുന്നു. ഇന്നും ഭൂരിപക്ഷം ഓര്‍ത്തഡോക്‌സ് വിശ്വാസികളും ജൂലിയന്‍ കലണ്ടറാണ് പിന്തുടരുന്നത്. അന്തോയഖ്യന്‍ സുറിയാനി സഭയില്‍ പ്രാദേശികമായി മൂന്നു രീതിയില്‍ – മുഴുവന്‍ ഗ്രീഗോറിയന്‍, മുഴുവന്‍ ജൂലിയന്‍, ക്രിസ്തുമസ് ഗ്രീഗോറിയനും ഈസ്റ്റര്‍ ജൂലിയനും – എന്ന രീതിയില്‍ ആഘോഷിക്കുന്നുണ്ട്. കേരളത്തില്‍ അവസാനം ഗ്രീഗോറിയന്‍ കലണ്ടര്‍ സ്വികരിച്ചത് പൗരസ്ത്യ കല്‍ദായ സുറിയാനി സഭയിലെ പഴയ ബാവാകക്ഷി ആണ്.

മാറ്റി വെച്ച ഈ വര്‍ഷത്തെ കാതോലിക്കാ ദിനവും ഈ രീതിയില്‍ ക്രമീകരിക്കന്‍ ഒരു ചരിത്ര സാദ്ധ്യതയുണ്ട്. ആദ്യത്തെ കാതോലിക്കാ നിധി സംഭരണം നടത്തിയത് ഒന്നാം കാതോലിക്കായുടെ ചരമവാര്‍ഷികമായ മെയ് 2-ന് ആണ്. ഇക്കൊല്ലത്തെ കാതോലിക്കാ ദിനവും കാതോലിക്കാ ദിനപ്പിരിവും മെയ് 3-ന് ഞായറാഴ്ച നടത്തുന്നതില്‍ അപാകതയൊന്നുമില്ല.

ഡോ. എം. കുര്യന്‍ തോമസ്
OVS Online, 25 മാര്‍ച്ച് 2020