OVS - Latest NewsOVS-Kerala News

പാമ്പാടി പെരുന്നാൾ ഏപ്രിൽ നാല്,അഞ്ചു തീയതികളിൽ

പരിശുദ്ധ  പാമ്പാടി തിരുമേനിയുടെ 51-മത് ഒാര്‍മ്മപ്പെരുന്നാളും ചരമ കനക ജൂബിലി സമാപന സമ്മേളനവും ഏപ്രില്‍ 4, 5 തീയതികളിൽ പാമ്പാടി ദയറായിൽ ആചരിക്കും.പരിശുദ്ധ  പാമ്പാടി തിരുമേനിയുടെ 51-മത് ഒാര്‍മ്മപ്പെരുന്നാൾ ആചരണങ്ങൾക്ക് പാമ്പാടി ദയറായിൽ ഒരുക്കങ്ങൾ പൂര്‍ത്തിയായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീര്‍ത്ഥാടക സമൂഹം പെരുന്നാൾ ആചരണങ്ങളിൽ പങ്കെടുക്കാന്‍ പാമ്പാടി ദയറായിൽ എത്തിക്കൊണ്ടിരിക്കുന്നു.

തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ദയറായിൽ ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ ദിനങ്ങളും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചരമ കനക ജൂബിലി പരിപാടികളുടെ സമാപനം നാല്, അഞ്ച് തീയതികളിലാണ്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും പെരുന്നാൾ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. നാലാം തീയതി 6.45-ന് കൊച്ചി ഭദ്രാസ്ന സെക്രട്ടറി ഫാ. പി.എെ. വര്‍ഗ്ഗീസ് കുര്‍ബ്ബാന അര്‍പ്പിക്കും. ഒന്നിന് കുന്നംകുളം ഭദ്രാസന തീര്‍ത്ഥാടകര്‍ക്ക് ദയറായിൽ സ്വീകരണം.

നാലിന് ഇടുക്കി, കാരാപ്പുഴ, കാസര്‍കോഡ് തീര്‍ത്ഥാടകര്‍ക്ക്   പാമ്പാടി കത്തീഡ്രലിൽ സ്വീകരണം. അഞ്ചിന്  പാമ്പാടി കത്തീഡ്രലിൽ നിന്ന് ദയറായിലേക്ക് റാസ ആരംഭിക്കും. 5.30-ന് വിവിധ പള്ളികളിൽ നിന്നുള്ള  തീര്‍ത്ഥാടകര്‍ക്ക് ദയറായിൽ സ്വീകരണം നല്‍കും.

ഏഴിന് അനുഗ്രഹപ്രഭാഷണം ഫാ. ഏബ്രഹാം ഫിലിപ്പ്, 7.30-ന് പാമ്പാടി കത്തീഡ്രലിൽ  നിന്നുള്ള റാസ ദയറായിൽ  എത്തിച്ചേരും. 8.30-ന് കബറിങ്കൽ  അഖണ്‍‍ഡ പ്രാര്‍ത്ഥന, അനുസ്മരണ പ്രസംഗം. അഞ്ചാം തീയതി പുലര്‍ച്ചെ  നാലിന് ആദ്യ കുര്‍ബ്ബാന സഖറിയാസ് മാര്‍ അന്തോണിയോസ് നേതൃത്വം നല്‍കും. 8.30-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ  മുഖ്യകാര്‍മ്മികത്വത്തിൽ  വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. 9.45-ന് പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരണ പ്രസംഗം നടത്തും.  തുടര്‍ന്ന് റാസ, കൈമുത്ത്, നേര്‍ച്ചവിളമ്പ് എന്നിവയും 11-ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയിൽ  കൂടുന്ന ചരമകനക ജൂബിലി സമാപന സമ്മേളനം ബഹു.കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജീവകാരുണ്യ സഹായവിതരണ ഉദ്ഘാടനം, ചരമ കനക ‍ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ചരിത്ര സ്മരണികയുടെയും, സന്യാസവും സമൂഹവും എന്ന ഗ്രന്ഥത്തിന്‍റെയും മുന്‍ ദയറാ മാനേജരായിരുന്ന പി.സി. യോഹന്നാന്‍ റമ്പാന്‍റെ ജീവചരിത്ര പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പതിപ്പിന്‍റെയും പ്രകാശന കര്‍മ്മവും നടക്കും.