OVS - ArticlesOVS - Latest News

കൂനന്‍ കുരിശു സത്യവും മലങ്കര നസ്രാണിയുടെ ആത്മാഭിമാനവും

ന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി രാഷ്ട്രപിതാവായ മഹാത്മഗാന്ധി 1942-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന ആവശ്യവുമായി ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു. രാജ്യമാസകലം ആളിപ്പടര്‍ന്ന ഈ സമരത്തിൻ്റെ ഫലമായാണ് 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക (Quit India) എന്ന അന്നത്തെ സമര മുദ്രാവാക്യത്തിനു പകരം ഇന്ത്യ ഭരിക്കുക (Take India) എന്നതായിരുന്നു ആ സമരത്തിൻ്റെ ലക്ഷ്യം എന്നു പറയുന്നതിനു തുല്യമായിപ്പോയി കഴിഞ്ഞ ദിവസം ചില മലയാള പത്രങ്ങളില്‍ വന്ന 1653-ലെ കൂനന്‍ കുരിശു സത്യപ്രതിജ്ഞാ വാചകങ്ങള്‍.

ഇന്ത്യയുടെ മണ്ണില്‍ പാശ്ചാത്യ ആധിപത്യത്തിനെതിരായി ആദ്യം നടന്ന സ്വാതന്ത്ര്യ സമരമായിരുന്നു ചരിത്രപ്രസിദ്ധമായ കൂനന്‍ കുരിശു സത്യം. ആ അധിനിവേശം ആത്മീയമായിരുന്നതിനാല്‍ സമരവും ആത്മീയ കൊളോണിയലിസത്തിന് എതിരായി മാത്രമായിരുന്നു. ഒരു മതലഹള – ശീശ്മ – മാത്രമായി അക്കാലം മുതല്‍ റോമന്‍ കത്തോലിക്കാ ചരിത്രകാരന്മാര്‍ ഇതിനെ ചിത്രീകരിച്ചതിനാല്‍ മതേതര സാമൂഹ്യ ചരിത്രകാരന്മാരും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലോ കേരളത്തിൻ്റെ പൊതു ചരിത്രത്തിലോ കൂനന്‍കുരിശുസത്യത്തെ സമീപകാലം വരെ ഉള്‍പ്പെടുത്തിയിരുന്നില്ല.

കൂനന്‍ കുരിശു സത്യം റോമാ സഭയ്‌ക്കോ റോമാ പാപ്പായ്‌ക്കോ എതിരായി ആയിരുന്നില്ല എന്നാണ് റോമന്‍ കത്തോലിക്കാ സഭ എക്കാലവും അവലംബിക്കുന്ന നില. ഫ്രാന്‍സിസ് ഗാര്‍ഷ്യ എന്ന ലത്തീന്‍ മെത്രാനോട് വ്യക്തിപരമായും, നസ്രാണികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ജസ്വൂട്ട് മിഷണറിമാരോട് പൊതുവായും ഉള്ള വിരോധം മാത്രമായിരുന്നു കൂനന്‍ കുരിശുസത്യം എന്നാണ് അവരുടെ എന്നത്തേയും കാഴ്ചപ്പാട്. അതോടൊപ്പം ഇവയില്‍നിന്നുള്ള തങ്ങളുടെ രക്ഷാപ്രതീക്ഷയായി കണ്ട മാര്‍ അഹത്തുള്ള എന്ന പൗരസ്ത്യ മെത്രാൻ്റെ വധത്തെപ്പറ്റിയുള്ള വാര്‍ത്തയും അവരെ ക്ഷുഭിതരാക്കി എന്നും അവര്‍ വിലയിരുത്തി. അതിനാലാണ് സത്യത്തെത്തുടര്‍ന്ന് ജസ്യൂട്ടുകളെ പിന്‍വലിച്ച് പകരം കര്‍മ്മലീത്തരെ റോം രംഗത്തിറക്കിയത്. എന്നിട്ടും അവര്‍ പ്രതീക്ഷിച്ചതുപോലെ ശീശ്മ ശമിച്ചില്ല എന്നതുതന്നെ നസ്രാണികളുടേത് സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു എന്നതിൻ്റെ തെളിവാണ്.

റോമോ-സുറിയാനിക്കാരടക്കം നസ്രാണി പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ എല്ലാ സഭകള്‍ക്കും കൂനന്‍ കുരിശു സത്യത്തിൻ്റെ അസ്തിത്വം ബാധകമാണ്. അവരാരും ഇടതുകാലിലെ മന്ത് വലതുകാലിലാക്കുന്നതുപോലെ ഒരു പാരതന്ത്ര്യത്തെ പറിച്ചറിഞ്ഞ് മറ്റൊരു അടിമനുകം ചുമലിലേറ്റിയ ഒന്നായിരുന്നു കൂനന്‍ കുരിശു സത്യം എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അവയില്‍ ചിലതുമാത്രം പരിശോധിക്കാം.

റോമാ-സുറിയാനി ചരിത്രകാരനായ ഫാ. ക. നി. മൂ. സ. ബര്‍ണാഡ് തൻ്റെ 1916-ല്‍ പ്രസിദ്ധീകരിച്ച തൻ്റെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ എന്ന ഗ്രന്ഥത്തില്‍ …1653-മാണ്ടിൻ്റെ ആരംഭത്തില്‍ ജനുവരി 3-ാം തീയതി വെള്ളിയാഴ്ച അവിടെ സമീപെയുള്ളതും ‘കൂനന്‍ കരിശു’ എന്ന നാമത്തില്‍ ഇന്നും പൂജ്യതയോടുകൂടി സൂക്ഷിക്കപ്പെടുന്നതമായ കുരിശില്‍ കയര്‍കെട്ടി അതില്‍ എല്ലാവരും പിടിച്ചുകൊണ്ട് മേലാല്‍ ഒരിക്കലും ഈശോ സഭക്കാര്‍ക്ക് വണക്കം ചെയ്കില്ലെന്നും അവരില്‍ ആരെയും സ്വന്തമതാദ്ധ്യക്ഷ്യനായി സ്വീകരിക്കില്ലെന്നും ശപഥം ചെയ്തു… എന്നാണ് കൂനന്‍കുരിശു സത്യത്തെ പരാമര്‍ശിക്കുന്നത് .

പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെ 1976-ലെ പൗരസ്ത്യ സഭാചരിത്ര പ്രവേശിക എന്ന ഗ്രന്ഥത്തില്‍ …1599-ലെ ഉദയംപേരൂര്‍ സുന്നഹദോസുമുതല്‍ 1653 വരെ റോമാ അടിമത്ത്വത്തില്‍ കഴിഞ്ഞു കൂടിയ സുറിയാനിക്കാര്‍ കൂനന്‍കുരിശ് സത്യത്തോടുകൂടി സ്വതന്ത്രമായ ഒരു ഭരണസംവിധാനത്തിനായി തീരുമാനിച്ചുറച്ചു… എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാചരിത്ര സംഗ്രഹം എന്ന 1936-ല്‍ പ്രസിദ്ധീകരിച്ച തൻ്റെ കൃതിയില്‍ റ്റി. സി. ചാക്കോ …അപ്പോള്‍ അങ്ങോട്ടു അടുക്കുന്നത് ബുദ്ധിയല്ലന്നു അര്‍ക്കദിയാക്കോനും മറ്റും തോന്നുകയാല്‍ അവര്‍ കൊച്ചിയില്‍ മട്ടാഞ്ചേരിയിലെ പഴയപള്ളിപറമ്പില്‍കൂടി അവിടെ ഉണ്ടായിരുന്ന കൂനന്‍ കുരിശു എന്നു പറയപ്പെടുന്ന കുരിശില്‍നിന്ന് അനേകം ആലാത്തുകള്‍ കെട്ടി അതിന്മേല്‍ പിടിച്ചുകൊണ്ട് സത്യം ചെയ്ത് റോമ്മാസഭയില്‍നിന്ന് പിരിഞ്ഞു. അങ്ങനെ ഉദയംപേരൂര്‍ സുന്നഹദോസുകൊണ്ട് സുറിയാനി സമുദായം സമ്പാദിച്ച നിന്ദയെ കൂനന്‍കുരിശ് സത്യംകൊണ്ട് 1653 മകരം 3-നു വെള്ളിയാഴ്ച്ച നീക്കികളഞ്ഞ് മലങ്കരസഭയുടെ അഭിമാനത്തെയും സ്വാതന്ത്രത്തെയും വീണ്ടെടുത്തു… എന്ന് എഴുതിയിരിക്കുന്നു.

മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ ചരിത്രം എന്ന ഗ്രന്ഥത്തില്‍ കെ. സി. വര്‍ഗീസ് കശീശാ …ഇങ്ങനെ 1599 മുതല്‍ 50-തോളം വര്‍ഷത്തേക്ക് നിലവിലിരുന്ന കത്തോലിക്കാ ഭരണത്തിന് കൂനന്‍കുരിശ് സത്യം പൂര്‍ണ്ണവിരാമമിടുകയും ഉദയംപേരൂര്‍ സുന്നഹദോസില്‍ വച്ച് കളഞ്ഞുകുളിച്ച അഭിമാനം വീണ്ടെടുക്കുകയും ചെയ്തു… എന്നു പരാമര്‍ശിക്കുന്നു.

സി.എസ്.ഐ. സഭയുടെ ഭാഗമായി മാറിയ ആംഗ്ലിക്കന്‍ ഇടവകയിലെ റവ. ജോര്‍ജ്ജ് കുര്യന്‍ പാദ്രി 1872-ല്‍ രചിച്ച മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തേയും കുറിച്ചുള്ള ഒരു പ്രകരണം എന്ന ഗ്രന്ഥത്തില്‍ …അനന്തരം സുറിയാനിക്കാര്‍ മട്ടാഞ്ചേരിപ്പള്ളിയില്‍ കൂടിയാലോചിച്ചതാവിതു. പറങ്കികള്‍ ഈവണ്ണം നമ്മുടെ മെത്രാനോട് ചെയ്തു കൊണ്ട് അവരോടുകൂടെ ഇനി നാം ചേരരുതെന്നു അവരുമായിട്ടു ഐക്യമത്വും സ്‌നേഹവും ഇനി വേണ്ടായെന്നും ആ കാലത്തില്‍വാഴുന്ന പ്രഞ്ചിക്കുറോസു മെത്രാന്‍ നമ്മുടെ മെത്രാനല്ല എന്നും, അവരുടെ പ്രജകള്‍ നാം അല്ല എന്നും, അവരുടെ മെത്രാന്മാരെ ഇനിമേലാല്‍ നാം അനുസരിക്കയില്ലെന്നും, നമ്മുടെ തോമ്മാ അര്‍ക്കദിയാക്കോന്‍ മെത്രാനായിട്ട് വാഴണമെന്നും എഴുതിപ്പിചിച്ച് എല്ലാവരും കൂടെ 1653 മകരം 3-ാം തീയതി വെള്ളിയാഴ്ച്ച കൂനന്‍കുരിശു എന്നു പറയുന്നതിന്മേല്‍ കയറുകെട്ടിപ്പിടിച്ച് സത്യം ചൊല്ലി… എന്നു വിശദീകരിക്കുന്നു.

അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ആയിരുന്ന ഇഗ്നാത്തിയോസ് യാക്കൂബ് തൃതിയന്‍ പാത്രിയര്‍ക്കീസ് രചിച്ച് ഇന്ത്യയിലെ സുറിയാനി സഭാചരിത്രം എന്ന പേരില്‍ 2010-ല്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ …അവര്‍ കൊച്ചിക്കുസമീപമുള്ള മട്ടാംഞ്ചേരിയില്‍ 1653 ജനുവരി 3-ാം തീയതി ഒത്തുചേര്‍ന്ന് അവിടെ ഉണ്ടായിരുന്ന കൂനന്‍കുരിശ് എന്ന് പില്‍കാലത്ത് പ്രസിദ്ധമായ കല്‍കുരിശില്‍ നീളമുള്ള ഒരു ആലാത്ത് കെട്ടി അതില്‍ പിടിച്ചുകൊണ്ട് റോമായുമായുള്ള ബന്ധത്തെ ഉപേക്ഷിച്ചു പ്രതിജ്ഞ ചെയ്തു. അവരുടെ പ്രതിജ്ഞ ഉള്‍ക്കൊള്ളുന്ന ഒരു ഉടമ്പടിയും ഉണ്ടാക്കി ഒപ്പിട്ടു… എന്നു കൂനന്‍ കുരിശു സത്യത്തെ വിശദീകരിക്കുന്നു.

ക്‌നാനായ സമുദായാംഗവും പഴയ സെമിനാരിയിലെ ആദ്യ വിദ്യാര്‍ത്ഥികളില്‍ ഒരുവനും സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമൻ്റെ ശെമ്മാശനും സെക്രട്ടറിയുമായിരുന്ന ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാര്‍ 1815-ല്‍ എഴുത്താരംഭിച്ച് നാള്‍വഴി രൂപത്തില്‍ 1915 വരെ അദ്ദേഹത്തിൻ്റെ അനന്തര തലമുറക്കാര്‍ അവിഛിന്നം എഴുതിവന്ന ഒരു രേഖയാണ് ഇടവഴിക്കല്‍ ഡയറി. 1815-നു മുമ്പുള്ള ലഭ്യമായ വിവരങ്ങള്‍ ഇടവഴിക്കല്‍ ഡയറിയില്‍ ആമുഖമായി ചേര്‍ത്തിട്ടുണ്ട്.

ഈ കൈയ്യെഴുത്തു കൃതിയില്‍ നിന്നും മലങ്കരസഭയുടെ ഔദ്യോഗിക ജ്വിഹ ആയിരുന്ന ഇടവക പത്രികയുടെ പത്രാധിപരായിരുന്ന ഇടവഴിക്കല്‍ ഇ. എം. ഫിലിപ്പിന് മുകളില്‍ യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് പരാമര്‍ശിക്കുന്ന പടിയോലയുടെ പകര്‍പ്പു ലഭിച്ചു. അദ്ദേഹം എഴുതിയ 1896 പുസ്തകം 5, ലക്കം 3, ഈയോര്‍ – മീനം ലക്കം ഇടവകപത്രികയുടെ മുഖപ്രസംഗത്തില്‍ പടിയോലയുടെ പൂര്‍ണ്ണരൂപം ചേര്‍ത്തിട്ടുണ്ട്. അതിനാസ്പദമായ ഇടവഴിക്കല്‍ ഡയറിയിലെ പ്രസക്തഭാഗമാണ് താഴെ ഉദ്ധരിക്കുന്നത്:

‘…അനന്തരം ഇത്ര ക്രൂരപാതകം ചെയ്ത പറങ്കികളോടും അവരുടെ കൂട്ടത്തോടും യാതൊരു ചേര്‍ച്ചയും അരുതെന്ന സുറിയാനിക്കാര്‍ നിശ്ചയിച്ചു. എല്ലാവരുംകൂടി കൊച്ചിയില്‍ കൂനന്‍കുരിശിന്മേല്‍ ഒരു കയറ കെട്ടിപ്പിടിച്ച 1653 മകരം 3-ാം തീയതി സത്യം ചെയ്കയും ഒരു പടിയോല എഴുതി ഒപ്പിടുകയും ചെയ്തു. ആ പടിയോലയുടെ പേര്‍പ്പ.

മോറാന്‍ ഈശോമശിഹാ പിറന്നിട്ട 1653-ാമത് മകരമാസം 3-ാം തീയതി വെള്ളിയാഴ്ചനാള്‍ അര്‍ക്കദിയാക്കോന്‍ അച്ചനും മലങ്കര എടവകയിലുള്ള പള്ളികളിലെ വികാരിമാരും ദേശത്തുപട്ടക്കാറരും എല്ലാവരുംകൂടി മട്ടാഞ്ചേരില്‍ പള്ളിയില്‍വച്ച നിശ്ചയിച്ച കല്പിച്ച കാര്യം: അയ്ത ശുദ്ധമാന കാതോലിക്കാ പള്ളി കല്പിച്ച നമുക്കായിട്ട മലങ്കരയ്ക്കു യാത്രയാക്കിയ പാത്രിയര്‍ക്കീസിനെ ബലത്താലെ മെത്രാനും സാമ്പാളൂര്‍ പാതിരിമാരും കൂടി പിടിച്ച, നമുക്ക് അനുഭവിക്കരുതെന്ന കല്പിച്ചതകൊണ്ടും ആ പാത്രിയര്‍ക്കീസ മലങ്കരയ്ക്കുവന്ന നമ്മുടെ കണ്ണുംമുന്നില്‍ കാണോളംനേരം (പൊടിവ്) ഇപ്പോള്‍ മലങ്കര വാഴുന്ന മാര്‍ ഫ്രഞ്ചിയൂസ മെത്രാന്‍ നമുക്ക മെത്രാനല്ല. നാം അയാളുടെ ഇടവകയിലുള്ള പ്രജകളുമല്ല എന്ന ഒന്മ. ശുദ്ധമാന പള്ളിയുടെ ക്രമത്തില്‍ തക്കവണ്ണം നമ്മുടെ എടവക വാഴുവാന്‍ മേല്പട്ടക്കാരന്‍ വേണ്ടുന്നതിന ഇപ്പോള്‍തൊട്ട തോമ്മാ അര്‍ക്കദിയാക്കോന്‍ തന്നെ വാണുകൊള്ളുകയും വേണമെന്ന ഒന്മ. ഇതിന വിചാരരായിട്ട കല്ലിശ്ശേരി പള്ളിയില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരും കടുത്തുരുത്തി പള്ളിയില്‍ കടവില്‍ ചാണ്ടിക്കത്തനാരും അങ്കമാലി പള്ളിയില്‍ വേങ്ങൂര്‍ ഗീവറുഗീസ കത്തനാരും കുറവിലങ്ങാട്ടു പള്ളിയില്‍ പള്ളിവീട്ടില്‍ ചാണ്ടിക്കത്തനാരും ഇവര്‍ നാലുപേരും വിചാരക്കാരായിരുന്നു മൂവ്വാണ്ടില്‍ മൂവ്വാണ്ടില്‍ കൂടിവിചാരിച്ച കല്പിച്ചു കൊള്‍കയുംവേണം എന്ന ഒന്മ. ഈ കല്പിച്ചമേക്ക കടവില്‍ ചാണ്ടിക്കത്തനാര്‍ കയ്യെഴുത്ത.

ഇപ്രകാരം ഒരു ഉടമ്പടി തീര്‍ത്ത ഒപ്പിട്ടപടി എല്ലാവരും ആലങ്ങാട്ടകൂടി തോമ്മാ അര്‍ക്കദിയാക്കോനെ പാത്രിയര്‍ക്കീസിൻ്റെ കല്പന അനുസരിച്ച മെത്രാനായി വാഴിക്കയും ഇട്ടിത്തൊമ്മന്‍ കത്തനാര്‍ മുതലായ നാല കത്തങ്ങളെ ആലോചനക്കാരായി നിയമിക്കുകയും ചെയ്തു…’

വളരെ വ്യക്തമായ ഈ രേഖയിലെ അത്ര പരിചിതമല്ലാത്ത ചില പ്രയോഗങ്ങല്‍ മാത്രം വിശദീകരിക്കട്ടെ.

1. റോമന്‍ കത്തോലിക്കര്‍ വധിച്ചു എന്നു നസ്രാണികള്‍ ഉറച്ചു വിശ്വസിക്കുന്ന മാര്‍ അഹത്തുള്ളയെ ‘മലങ്കരയ്ക്കുവന്ന നമ്മുടെ കണ്ണുംമുന്നില്‍ കാണോളംനേരം’ എന്നു വിശേഷിപ്പിക്കുമ്പോള്‍ അസംഭാവ്യമായത് സംഭവിച്ചാലല്ലാതെ ഇനി മുറികൂട്ടലില്ല എന്നുതന്നെയാണ് നസ്രാണികള്‍ അര്‍ത്ഥമാക്കുന്നത്.

2. സെന്റ് പോള്‍സ് കോളജ് (സാന്‍ പോളാ) ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ജസ്വൂട്ട് മിഷിനറിമാരാണ് ‘സാമ്പാളൂര്‍ പാതിരിമാര്‍’ എന്നു ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. നസ്രാണികളുടെ മുമ്പിലെ റോമന്‍ കത്തോലിക്കാ സഭയുടെ അന്നത്തെ ദൃശ്യ പ്രതീകം ഇവര്‍ മാത്രമായിരുന്നു.

3 ‘മലങ്കര വാഴുന്ന മാര്‍ ഫ്രഞ്ചിയൂസ മെത്രാന്‍‘ എന്നു വിവക്ഷിക്കുന്നത് മലങ്കര നസ്രാണികളെ അന്ന് ഭരിച്ചിരുന്ന കൊടുങ്ങല്ലൂര്‍ രൂപതയുടെ ഫ്രാന്‍സിസ് ഗാര്‍ഷ്യ എസ്. ജെ. എന്ന യൂറോപ്യന്‍ റോമന്‍ കത്തോലിക്കാ മെത്രാനാണ്.

4. ‘നാം അയാളുടെ ഇടവകയിലുള്ള പ്രജകളുമല്ല‘ എന്നു രേഖപ്പെടുത്തുമ്പോള്‍ നസ്രാണികളെ 1599-ന് ശേഷം റോമാസഭ കെട്ടിയ തൊഴുത്തായ കൊടുങ്ങല്ലൂര്‍ രൂപത തങ്ങളുടെ ഭരണ മേല്‍ക്കോയ്മ അല്ല എന്ന പ്രഖ്യാപനമാണ്. ആത്യന്തികമായി, റോമന്‍ കത്തോലിക്കാ സഭയുടെ നിരസനവും.

5. ‘നമ്മുടെ എടവക വാഴുവാന്‍ മേല്പട്ടക്കാരന്‍ വേണ്ടുന്നതിന ഇപ്പോള്‍തൊട്ട തോമ്മാ അര്‍ക്കദിയാക്കോന്‍ തന്നെ വാണുകൊള്ളുകയും വേണമെന്ന’ എന്നതിനേക്കാള്‍ വ്യക്തമായ ഒരു വിദേശ മേല്‍ക്കോയ്മാ നിരസനം വേറൊന്നില്ല.

6. അന്ന് മലങ്കര നസ്രാണികള്‍ നേരിടുന്ന ഏക വൈദേശിക ആധിപത്യ ഭീഷണി എന്ന നിലയില്‍ റോമന്‍ കത്തോലിക്കാ സഭയുടെ നിരസനം പൊതുവായ വൈദേശിക ആധിപത്യ ത്യജനം ആയിത്തന്നെ കണക്കാക്കണം.

വസ്തുതകള്‍ ഇങ്ങനെയായിരിക്കെ 1653-ലെ കൂനന്‍ കുരിശു സത്യമെന്ന നസ്രാണിയുടെ വ്യക്തമായ സ്വാതന്ത്ര്യ പ്രഖ്യാപനം അടിമത്വ പ്രഖ്യാപനമാണന്ന പ്രചരണം കേരളത്തിലെ നസ്രാണി പാരമ്പര്യം അവകാശപ്പെടുന്ന എല്ലാ സഭാവിഭാഗങ്ങളേയും അപമാനിക്കുന്ന പ്രക്രിയയാണ്. ഇതിനു മറുപടി പറയേണ്ടതും അവരൊക്കെത്തന്നെയാണ്. നസ്രാണി പൈതൃകം അവകാശപ്പെടുന്ന എല്ലാവരും നിരസിക്കുന്നതും അവരുടെ ആത്മാഭിമാനത്തെയും പൈതൃകത്തയും ചോദ്യം ചെയ്യുനന്നതുമായ ഈ നവീന കൂനന്‍ കുരിശു സത്യ വാചകത്തിൻ്റെ നിര്‍മ്മാതാക്കള്‍ ചോദ്യം ചെയ്യുന്നത് തങ്ങളുടെ സ്വത്വബോധത്തെയാണന്നു തിരിച്ചറിയാത്തവരോടും അതിനെതിരെ പ്രതികരിക്കാത്തവരോടും സഹതപിക്കുകയല്ലാതെ മറ്റൊന്നും ഇവിടെ പ്രസക്തമല്ല.

ഡോ. എം. കുര്യന്‍ തോമസ്
(O.V.S. Online, 10 October 2019)