OVS - Latest NewsOVS-Kerala News

ബെഥേൽ സുലോക്കോ പള്ളി തർക്കത്തിനു താത്കാലിക പരിഹാരം

പെരുമ്പാവൂർ: ബെഥേൽ സുലോക്കോ ഓർത്തഡോക്‌സ് പള്ളിയിലെ സംഘർഷത്തിന് താത്കാലിക പരിഹാരം. പള്ളിയുടെ താക്കോൽ കളക്ടറുടെ നിർദ്ദേശപ്രകാരം യാക്കോബായ വിഭാഗത്തിന്റെ കയ്യിൽ നിന്നും വില്ലജ് അധികൃതർ ഏറ്റെടുത്തതോടെയാണ് സംഘർഷത്തിന് അയവു വന്നത്. ഇരു വിഭാഗത്തിനുമുള്ള ആരാധനാ സമയം ക്രമീകരിക്കാൻ കലക്ടർ മുഹമ്മദ് സഫിറുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പള്ളിത്തർക്കവുമായി ബന്ധപ്പെട്ടു കോടതിയുടെ പുതിയ വിധി ഉണ്ടാകുന്നതു വരെയായിരിക്കും പുതിയ ആരാധനാ സമയം.

ഓർത്തഡോക്‌സ് സഭയുടെ ആരാധനാ സമയം രാവിലെ 6 മുതൽ 9 വരെയും യാക്കോബായ വിഭാകത്തിന്റെതു രാവിലെ 9 മുതൽ 12 വരെയുമായി നിശ്ചയിച്ചു. പള്ളി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാകും. പള്ളിയുടെ താക്കോൽ വില്ലേജ് ഓഫിസറോ മറ്റു സർക്കാർ ഉദ്യോഗസ്ഥനോ സൂക്ഷിക്കും. ആരാധനയ്ക്ക് അനുവദിച്ച സമയത്ത് പള്ളി തുറക്കും. വിവാഹം, മരണം തുടങ്ങിയ പ്രത്യേക സന്ദർഭങ്ങൾ പ്രത്യേകമായി പരിഗണിച്ചു തീരുമാനിക്കും.

ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായി വന്ന കോടതി വിധിയെ തുടർന്ന് യാക്കോബായ വിഭാഗം കഴിഞ്ഞ കുറെ ആഴ്ചകളായി പള്ളി കയ്യേറി കൈവശം വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഓർത്തഡോക്‌സ് സഭാംഗങ്ങൾ പള്ളിവളപ്പിൽ പ്രവേശിച്ചതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. ഇരു വിഭാഗം സഭാംഗങ്ങളും പള്ളിക്കകത്തും പുറത്തുമായി നിലയുറപ്പിച്ചതോടെ പൊലീസ് സുരക്ഷ ശക്തമാക്കി. സുപ്രീംകോടതി വിധി പ്രകാരം പള്ളി വിട്ടുകിട്ടണമെന്നാണ് ഓർത്തഡോക്‌സ് സഭയുടെ ആവശ്യം. എന്നാൽ, പള്ളി വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്നാണ് യാക്കോബായ സഭയുടെ നിലപാട്. ചർച്ചയിൽ ഇരു സഭാ വിഭാഗങ്ങളുടെയുംപ്രതിനിധികൾ പങ്കെടുത്തു.

പാതി നോമ്പ് ദിവസമായ ഇന്ന് പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 6 -ന് പ്രഭാത നമസ്കാരവും 7 -ന് വി. കുർബാനയും പാതി നോമ്പിന്റെ ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

അവകാശികളുടെ അതിജീവന പോരാട്ടം പെരുമ്പാവൂരിൽ