OVS - Latest NewsOVS-Kerala News

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ഉൾപെടുന്ന ഡിവിഷൻ ബെഞ്ച് കോലഞ്ചേരി പള്ളിക്ക് പോലീസ് സംരക്ഷണം അനുവദിച്ചു

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിൽപെട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്‍സ്‌ പള്ളിയിലെ ഇടവകാഗങ്ങൾ ആയ ഓ. വി മാത്തുക്കുട്ടി, തോമസ്‌ എം. ഏലിയാസ്, ജോജി ജോര്‍ജ് എന്നിവർ ചേര്‍ന്ന് സമർപ്പിച്ച WPC 25413/2013 ഹർജിയില്‍ ആണ് ഇന്ന് (08.02.2016) പള്ളിക്കും വികാരിമാർക്കും പോലീസ് സംരക്ഷണം കൊടുക്കാനുള്ള  ഉത്തരവ് ഉണ്ടായിരിക്കുന്നത്.

അല്പം ചരിത്രം

11988551_1626649070943094_8550857923631777751_n

 

1995 – ല്‍ ഇന്ത്യയുടെ പരമോന്നത കോടതി മലങ്കര സഭാ തർക്കം പരിഹരിക്കുന്നതിനായി ഇരു കൂട്ടരും 1934ലെ മലങ്കര സഭാ ഭരണഘടന അന്ഗീകരിക്കണം എന്നും സഭയില്‍ അത് വഴി സമാധാനം ഉണ്ടാക്കണം എന്ന തീരുമാനത്തില്‍  സഭാ കേസുകൾ അന്തിമമായി അവസാനിപ്പിച്ചുകൊണ്ട് വിധിയുണ്ടായി. അങ്ങനെ സഭാ ഭരണഘടന അംഗീകരിക്കുന്നവർക്ക് പുതിയ തിരഞ്ഞെടുപ്പ് വരെ സ്റ്റാറ്റസ് കോയുടെ ആനുകൂല്യം കിട്ടുമെന്നും വിധിയുണ്ടായി. ഇരു കൂട്ടരും ഈ ഭരണഘടന അംഗീകരിച്ചതായി കോടതികളില്‍ എഴുതികൊടുക്കുകയും ചെയ്തു. അതനുസരിച്ച് കോടതി നിയോഗിച്ച നിരീക്ഷകന്റെ മേൽനോ‍ട്ടത്തില്‍ പുതിയ അസോസിയേഷന്‍ കൂടുവാനും മലങ്കര മെത്രാപ്പോലീത്ത സഭാ മാനേജിംഗ് കമ്മറ്റി എന്നിവയെ തിരഞ്ഞെടുക്കുന്നതിനും ഉത്തവായി. എന്നാൽ ഇവ കോടതിയില്‍ സമ്മതിക്കുകയും അതിനു വേണ്ടുന്ന ചെലവുകൾ കോടതിയില്‍  കെട്ടി വെക്കുകയും ചെയ്ത ശേഷം ഒരു വിഭാഗം (ഇന്നത്തെ യാക്കോബായ) കോടതിക്ക് പുറത്തു അതിനു വിഭിന്നമായി ഒരു പുതിയ സഭയും പുതിയ ഭരണഘടനയും ഉണ്ടാക്കി മാതൃസഭയായ മലങ്കര സഭയില്‍ നിന്ന് വിഘടിച്ചു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്നു അവകാശപ്പെടുന്ന ഒരു വിഭാഗമായി മാറി.

ഓര്‍ത്തഡോക്‍സ്‌ സഭയിൽ നിന്നും പുറത്തു പോയവർ ഓര്‍ത്തഡോക്‍സ്‌ സഭയുടെ കോലഞ്ചേരി സെന്റ് സെന്റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് പള്ളിയിൽ അവകാശം ഉണ്ട് എന്നും അവിടുത്തെ ഭരണഘടന 1934ലെ അല്ല മറിച്ച് ആ പള്ളിയിൽ ഉണ്ടാക്കിയ 1913 ലെ ഉടമ്പടി ആണെന്നും ആയതിനാൽ അവിടെ 1934 ലെ ഭരണഘടനാ അനുസരിച്ച് ഭരിക്കുന്ന ഫാ ജേക്കബ്‌ കുര്യനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും ശാശ്വതമായി നിരോധിക്കണം എന്നും 1913ലെ ഉടമ്പടി അനുസരിച്ച് പുതിയ തിരഞ്ഞെടുപ്പ് നടത്തി പള്ളി ഭരണം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു. എറണാകുളം ജില്ലാക്കോടതിയില്‍ O.S 43/2007 ആയി കേസ് കൊടുത്തു. തർക്കം മൂലം റവന്യു ഉദ്യോഗസ്ഥർ പൂട്ടിയ ഈ പള്ളിയുടെ താക്കോൽ ആർക്കാണ് കൊടുക്കേണ്ടത് എന്നുള്ള കേസിൽ വാദിഭാഗവും പ്രതിഭാഗവും കോടതിയിൽ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുനതിനു വേണ്ടി രണ്ട് ഇടക്കാല ഹർജികൾ ഫയൽ ചെയ്യുകയും (IA 3868/2007 & IA 3984/2010) ചെയ്തു. ഇതിൽ യാക്കോബായ വിഭാഗം ഫയൽ ചെയ്ത IA 3868/2007 തള്ളുകയും ഓർത്തഡോക്സ് സഭ ഫയൽ ചെയ്ത IA 3984/2010  അംഗീകരിക്കുകയും ചെയ്‌ത ബഹു. ജില്ലാ കോടതി പള്ളിയുടെ താക്കോൽ ഫാ. ജേക്കബ്‌ കുര്യന് കൈമാറാന്‍ 02.12.2010 ൽ ഉത്തരവായി. ഇതിനെതിരെ യാക്കോബായക്കാർ ഈ കോടതിയിൽ അപ്പീൽ നല്കുകയും അപ്പീൽ തീരുമാനം അനുസരിച്ച് ജില്ല കോടതിയിൽ നൽകിയ OS 43/07 വേഗം തീർപ്പു കല്പിക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 16.08.2011ല്‍ യാക്കോബായക്കാർ നൽകിയ കേസ് തള്ളി ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക്  അനുകൂലമായി നല്കിയ വിധികൾ ഉറപ്പിച്ചു. ഇതിനെതിരെ  ഹൈക്കോടതിയിൽ വിവിധ ബഞ്ചുകളിൽ ബഹു ജില്ല കോടതി വിധി സ്റ്റേ ചെയ്തു സ്റ്റാറ്റസ് കോ അനുവദിച്ചു തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വിഖടിത വിഭാഗം ഹർജികൾ നല്കുകയും എന്നാൽ അവ ഒന്നും അനുവദിക്കാതെ അപ്പീല്‍ മാത്രം അനുവദിച്ചുകൊണ്ട് ഉത്തരവായി. ഈ അപ്പീലുകൾ ( RFA Nos. 589 & 655 of 2011) കേരളാ ഹൈക്കോടതി 04.10.2013ൽ തള്ളി പൂർണ്ണമായും ഓർത്തഡോൿസ്‌ സഭയ്ക്ക് 1934ലെ ഭരണഘടന പ്രകാരം കോലഞ്ചേരി പള്ളി ഭരിക്കാം എന്നു വിവിധ തെളിവുകൾ പരിശോദിച്ചു ഉത്തരവായി.

ഈ പള്ളി 1913 ഉടമ്പടി പ്രകാരം ഭരിക്കപ്പെടണം എന്നും കേസ് കൊടുത്തവർ അത് തള്ളി ഉത്തരവ് വന്നതിനു ശേഷം കോടതി വിധികളെ  വെല്ലുവിളിച്ചുകൊണ്ട് പള്ളിയുടെ ഗേറ്റിൽ പന്തല്‍ കെട്ടി ഉപരോധിച്ചു, ഓര്‍ത്തഡോക്‍സ്‌  സഭയുടെ ആരാധന നിരന്തരമായി മുടക്കി, വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നടക്കാതെ പള്ളി പൂട്ടി ഇടുന്നതിലേക്ക് കാര്യങ്ങൾ അവസാനിച്ചു., പള്ളിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുകയും, ശവസംസ്കാര ചടങ്ങുകൾ പോലും പള്ളിയിൽ നടത്തുന്നതിനു തടസ്സപ്പെടുത്തുകയും പള്ളിയുടെ നിയമാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിയെ മര്‍ദ്ദിക്കുകയും ചെയ്തു. കൂടാതെ ഓര്‍ത്തഡോക്‍സ്‌  സഭയുടെ വിശ്വാസികൾക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് സാധിക്കാത്ത വിധം തടസ്സം ചെയ്യുകയും പള്ളിപരിസരം ഒരു കലാപ ഭൂമിയായി മാറ്റുന്നതിനും ഇടവരുത്തി. പള്ളിയുടെ താക്കോൽ ദ്വാരത്തിൽ നാണയത്തുട്ടുകൾ , കമ്പികഷണം എന്നിവ കുത്തി നിറച്ചു കേടുവരുത്തി പള്ളിയുടെ മുന്‍ഭാഗം ജനൽ പാളികളും വിഘടിത വിഭാഗം വൈദീകന്റെ നേതൃത്വത്തിൽ തല്ലിപ്പൊളിച്ചു. എന്നാൽ സർക്കാരും പോലീസ് ഉദ്യോഗസ്ഥന്മാരും  ഇതെല്ലാം കാഴ്ചക്കാരായി കണ്ടു നോക്കി നിന്നു. മാത്രമല്ല ഈ പള്ളി ഇടവകയിലെ പൂക്കാട്ടിൽ പത്രോസ് മകന്‍ എബ്രഹാമിന്റെ സംസ്ക്കാരം പള്ളിയകത്തു വച്ചു നടത്തേണ്ട ശുശ്രുഷകൾ നടത്താതെ ബഹു. ജില്ല കലക്ടര്‍, തഹസിൽദാർ എന്നിവരുടെ 26.10.2013 ലെ നിയമ വിരുദ്ധ ഉത്തരവനുസരിച്ച് പള്ളിയിൽ പ്രവേശിപ്പിക്കാതെ സംസ്ക്കാരം നടത്തേണ്ടിയും വന്നു. ഇതു തന്നെ പിന്നീടു ഉണ്ടായ എല്ലാ ശവ സംസ്കാര ചടങ്ങുകളിലും ആവർത്തിച്ചു. പള്ളിയുടെ നടയ്ക്കൽ പന്തൽ കെട്ടി മാർഗം തടസ്സപ്പെടുത്തുകയും പിന്നീട് അത് ഉണ്ടാക്കിയവർ തന്നെ സ്വയം കത്തിക്കുകയും ചെയ്തു. അതിനു ശേഷം അത് വീണ്ടും പുനസ്ഥാപിക്കുന്നതിനു ശ്രമിക്കുകയും പോലീസ് 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. അത് ഇപ്പോഴും തുടരുന്നു. ബഹു പള്ളി വികാരി ഫാ ജേക്കബ്‌ കുര്യന്‍ നിരവധി പരാതികൾ യാക്കോബായ സഭയുടെ പ്രവർത്തനങ്ങൾക്ക് എതിരെ നല്കിയെങ്കിലും ഒരു നടപടിയും ഈ അന്യായത്തിന് എതിരെ പോലീസ് സ്വീകരിച്ചിട്ടില്ല എന്നത് ഇപ്പോഴും കൌതുകം ഉണർത്തുന്ന കാര്യമായി അവശേഷിക്കുന്നു.

കേരളാ ഹൈക്കോടതിയുടെ ഉത്തരവ് കാറ്റിൽ പറത്തി വെല്ലുവിളി നടത്തുന്നത് കണ്ടുനില്ക്കാനാവാതെ ഇടവകാംഗങ്ങൾ കേരളാ ഹൈക്കോടതിയിൽ നല്കിയ പരാതിയിൽ ആണ് ഇന്ന് പോലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിരിക്കുന്നത്. 1934 ലെ ഭരണഘടനാ അംഗീകരിക്കുന്നവരെ തടയുന്നതിനെതിരെ പോലീസ് ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ടാണ് ഹർജി നല്കിയത്. ഈ ഹർജി കോടതി ഇന്ന് അംഗീകരിച്ചു.

എന്നാല്‍ ഈ ഹർജി അനുവദിക്കരുത് എന്ന് കേരള സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഒരു സെക്കുലർ ഗവണ്മെന്റിന് ചേരാത്ത രീതിയിൽ ഉള്ള പ്രകടനം ആണ് ഇന്ന് സർക്കാർ കോടതിയിൽ കാഴ്ച വച്ചത്. പള്ളി തുറന്നാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് വിഘടിത വിഭാഗത്തിനൊപ്പം ചേർന്ന് വീറോടെ വാദിക്കുന്നത് സർക്കാരിന്റെ താല്പര്യം എന്തായിരുന്നു എന്ന് മനസിലാക്കാന്‍ സഹായിച്ചു. ഇത് മാത്രമായിരുന്നു ഈ പള്ളി നാളുകൾ ആയി പൂട്ടപ്പെട്ടു കിടന്നതിനു കാരണം എന്നും മനസിലാക്കാം.

കോടതി വിധി എന്തായാലും അത് നടപ്പാക്കണം എന്നുള്ള കോടതിയുടെ ഉറച്ച തീരുമാനം മാത്രമാണ് ഈ കേസിൽ പള്ളി വികാരിക്ക് പോലീസ് സംരക്ഷണത്തിനു കാരണമായത് എന്ന് വേണം മനസിലാക്കാന്‍. ആലുവ റൂറൽ എസ്.പി ക്കാണ് സംരക്ഷണ ചുമതല എന്നത് അതിനോടൊപ്പം എടുത്തു പറയേണ്ട കാര്യമാണ്. പള്ളിയിലോ പരിസരത്തോ പള്ളിയാകത്തോ എതെകിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ റൂറൽ എസ്.പി മേൽനടപടി സ്വീകരിക്കണം. പള്ളിയകത്തു സി സി ടി വി മുതലായുള്ള കാര്യങ്ങൾ ഇതിനായി വേണമെകിൽ ഒരുക്കാം.
കേരള ഹൈക്കോടതിയുടെ നിലവിലെ ഉത്തരവ് (സിവില്‍ കേസ്) സുപ്രീം കോടതിയിൽ യാക്കോബായ വിഭാഗം ചോദ്യം ചെയ്തിട്ടുണ്ട്. ആയതിനാൽ ആ ഉത്തരവ് വരുന്നത് വരെ മാത്രമാണ് ഇപ്പോൾ നല്കിയ പോലീസ് സംരക്ഷണം എന്നും കോടതി ഇന്ന് നൽകിയ വിധിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. സുപ്രീം കോടതിയിൽ നിന്ന് ഓർത്തഡോൿസ്‌ സഭക്ക് അനുകൂല ഉത്തരവ് ഉണ്ടായാൽ പോലീസ് സംരക്ഷണ ഉത്തരവ് തുടരുകയും ചെയ്യും.

മലങ്കര ഓര്‍ത്തഡോക്‍സ്‌  സഭയ്ക്ക് വേണ്ടിയും പ്രത്യേകാൽ കോലഞ്ചേരി പള്ളിക്ക് വേണ്ടിയും യാതനയും കഷ്ടതയും അനുഭവിച്ച പരി.കാതോലിക്ക ബാവാ തിരുമേനി, ഇടവക മെത്രാപ്പോലീത്താ , മറ്റു ഭദ്രാസനാധിപന്മാർ, പള്ളി വികാരി, പള്ളി ഭരണസമതി അംഗങ്ങൾ , ഇടവക ജനങ്ങൾ , ഇടവകക്ക് പുറത്തുനിന്നും പള്ളിക്കും സഭയ്ക്കും വേണ്ടി അനവധി തവണ കഷ്ടത അനുഭവിച്ച് കണ്ണു നീരോടെ  പ്രാർത്ഥന കഴിച്ച എല്ലാവര്ക്കും ഓര്‍ത്തഡോക്‍സ്‌  വിശ്വാസ സംരക്ഷകൻ അഭിനന്ദനങ്ങൾ നേരുന്നു. വലിയ നോമ്പിന്റെ ആദ്യ ദിവസം കർത്താവ്‌  ചൊരിഞ്ഞ കരുണയ്ക്കായി ദൈവത്തെ മഹത്വപെടുത്താം . നിരപ്പിന്റെ ദിവസമായ ഇന്ന് വിഘടിത വിഭാഗത്തോട് പൊറുക്കാം. മനസ് പുതുക്കാം ഈ വിധി എല്ലാവരാലും അംഗീകരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു.