OVS - Latest NewsOVS-Kerala News

കേരളം മതസൗഹാർദം നിലനിൽക്കുന്ന സംസ്ഥാനം: ഗവർണർ സദാശിവം

തിരുവല്ല :- രാജ്യത്ത് മതസൗഹാർദം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഗവർണർ ജസ്‍റ്റിസ് പി. സദാശിവം. കാരയ്ക്കൽ സെന്റ് ജോർജ് ഒ‍ാർത്തഡോക്സ് ഇടവകയുടെ ശതോത്തര സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.67 വർഷത്തിനുള്ളിൽ ആദ്യമായാണ് ശബരിമലയി‍ൽ പോയത്. അവിടെ എത്തിയപ്പോൾ ഒരു മുസ്‍ലിം സഹോദരൻ ഭസ്മം നൽകുന്നതു കണ്ടു. ഇതു കേരളത്തിലല്ലാതെ മറ്റെങ്ങും കാണാൻ കഴിയുകയില്ല. ചടങ്ങുകൾക്കു വിളക്കുകെ‍ാളുത്തുകയെന്നത് ഹൈന്ദവ സംസ്കാരമാണ്. ഇതു മറ്റുസമുദായങ്ങളും പിൻതുടരുന്നതു കേരളത്തിൽ നിലനിൽക്കുന്ന മതമൈത്രിയുടെ വലിയ തെളിവാണ്. സൗഹാർദം ഊട്ടിയുറപ്പിക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഗവർണറായതി‍ൽ സന്തോഷിക്കുന്നു.

കേരളത്തിലെത്തിയ ക്രൈസ്തവ മിഷനിമാ‍ർ വിദ്യാഭ്യാസ രംഗത്തും ആരോഗ്യപരിപാലനത്തിലും നൽകിയ സംഭാവനകൾ വലുതാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. ആരാധനയിൽ എല്ലാവരെയും ഉൾക്കെ‍ാള്ളുന്നതാണ് ദേവാലയങ്ങളെന്ന് ബാവാ പറഞ്ഞു.

ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അനുഗ്രഹപ്രഭാഷണവും മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ജെ. ബി. കോശി മുഖ്യപ്രഭാഷണവും നടത്തി. ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎൽഎ, ജനറൽ കൺവീനർ ഡോ. അലക്സാണ്ടർ കാരയ്ക്കൽ, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം, വികാരി ഫാ. കുരുവിള  മാത്യു എന്നിവർ പ്രസംഗിച്ചു.