OVS-Kerala News

പരിശുദ്ധ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ കബറിടത്തിലേക്ക് ഓണക്കൂർ വലിയ പള്ളിയിൽ നിന്നും പദയാത്ര നടത്തി

ഓണക്കൂർ / പിറവം: സ്ലീബാ ദാസ സമൂഹ സ്ഥാപകനും മലങ്കര ഗാന്ധിയും പുണ്യശ്ലോകനുമായ പരി.പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ കബറിടത്തിലേക്ക് ആണ്ടുതോറും നടത്തിവരാറുള്ള പദയാത്ര നടന്നു. ഓണക്കൂർ വലിയ പള്ളി വികാരി ഫാ.ജോസ് തോമസ് പൂവത്തുങ്കൽ പദയാത്രക്ക് നേതൃത്വം നൽകി. ഭക്ത്യാദരവുകളോടെ സംഘടിപ്പിച്ച പദയാത്രയിൽ ഇടവകയിലെ അനേകം വിശ്വാസികൾ പങ്കെടുത്തു.കൂടാതെ കർമ്മേൽ ദയറായിൽ നിന്നുള്ള ഫാ.സോമു, ഫാ.മനോജ് എന്നിവരും പദയാത്രയിൽ പങ്കുകൊണ്ടു. രാവിലെ 11:30 ന് ഓണക്കൂർ വലിയ പള്ളിയിൽ നിന്നും പുറപ്പെട്ട പദയാത്ര നെച്ചൂർ പള്ളിയിലെ സ്വീകരണത്തിനു ശേഷം വെട്ടിക്കൽ സെന്റ്.തോമസ് ദയറായിൽ എത്തുകയും വിശ്രമത്തിന് ശേഷം മുളന്തുരുത്തി കാതോലിക്കേറ്റ് സെന്ററിലെ സ്വീകരണവും ഏറ്റുവാങ്ങി യാത്ര തുടർന്ന് കർമ്മേൽ ദയറായിൽ എത്തിച്ചേർന്നു. നെച്ചൂർ പള്ളിയിൽ നിന്നും മുളന്തുരുത്തി പള്ളിയിൽ നിന്നും അനേകം വിശ്വാസികൾ തുടർ യാത്രയിൽ പങ്കെടുത്തിരുന്നു. സന്ധ്യാനമസ്കാരത്തിലും തുടർന്നുള്ള നേർച്ചയിലും വിശ്വാസികൾ പങ്കുചേർന്ന് അനുഗ്രഹം പ്രാപിച്ചു.