OVS - Latest NewsOVS-Kerala News

നിരണം പള്ളിയിൽ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വത്തിന്റെ സ്മരണയിൽ സമ്മേളനം നടത്തി

വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ പെരുന്നാളിനോട് അനുബന്ധിച്ച് ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു.

അനുസ്യൂതം ഒഴുകുന്ന ചരിത്രഗതിയില്‍ തോമാശ്ലീഹായുടെ ചരിത്രം ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതാണെന്ന്‌ ഗോവ ഗവര്‍ണര്‍ പി.എസ്‌. ശ്രീധരന്‍പിള്ള. ചരിത്രം തിരിച്ചൊഴുക്കില്ലാത്ത പ്രവാഹമാണെന്നും തിരിച്ചൊഴുക്ക്‌ ഇല്ലാത്തതുകൊണ്ട്‌ ചരിത്രത്തെ വളച്ചൊടിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിരണം ചരിത്രം ഉറങ്ങുന്ന നാടാണ്‌. ഒന്നാം ശതകത്തിൽ ക്രിസ്തീയ വിശ്വാസം എത്തിയ രാജ്യമാണ്‌ ഇന്ത്യ. കേരളത്തിലെ 75 ശതമാനം ക്രൈസ്തവരും തോമാശ്ലീഹായുടെ പരമ്പരയിലപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു

തോമാശ്ലീഹായുടെ 1950-ഠം രക്തസാക്ഷിത്വ പെരുന്നാളിനോട്‌ അനുബന്ധിച്ച്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നേതൃത്വത്തില്‍ നിരണം സെന്റ്‌ മേരിസ്‌ ഓര്‍ത്തഡോക്സ്‌ വലിയ പള്ളിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ പ്രഭാഷണം നടത്തി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബഹാം, വൈദീക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ.തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.