OVS - ArticlesOVS - Latest NewsOVS-Kerala News

സുപ്രീം കോടതി വിധികൾ നടപ്പാക്കുന്നതിൽ കേരള സർക്കാരിന് ഇരട്ടത്താപ്പോ?

കൊച്ചി / കോട്ടയം: ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകുന്ന ഉത്തരവുകളും വിധികളും നടപ്പാക്കുന്നതിൽ കേരള സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നു. ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് സർക്കാരും കാണിക്കാത്ത രീതിയിലുള്ള നയമാണ് ഇപ്പോഴത്തെ കേരള സർക്കാർ മലങ്കര സഭയോട് കാണിക്കുന്നത്. 2017 ജൂലൈ മൂന്നാം തീയതി മലങ്കര സഭയുടെ ദേവാലയങ്ങളെ സംബന്ധിച്ച് വ്യക്തവും ശക്തവുമായ ഒരു ഉത്തരവ് ബഹുമാനപ്പെട്ട സുപ്രീം കോടതി പ്രഖ്യാപിക്കുകയുണ്ടായി. അതിനെതുടർന്ന് ഒട്ടനവധി ഉത്തരവുകളും സുപ്രീംകോടതിയിൽ നിന്നുമുണ്ടായി. എന്നാൽ ഉത്തരവുകളൊന്നും കണ്ടില്ലെന്ന് നടിക്കുന്നതായ ഒരു സമീപനമാണ് കേരള സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കഴിഞ്ഞദിവസം ശബരിമലയിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ ഉത്തരവ് എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി മലങ്കര സഭയെ സംബന്ധിച്ച ഇന്ത്യയിലെ നീതിന്യായ കോടതികളിൽ നിന്നും ഉണ്ടാകുന്ന ഉത്തരവുകൾക്കും വിധികൾക്കും യാതൊരു മാന്യതയും നൽകാത്ത ഗവൺമെൻറ് ശബരിമല വിഷയത്തിൽ മാത്രം തിടുക്കം കാണിക്കുന്നത് സർക്കാരിൻ്റെ ഇരട്ടത്താപ്പ് വെളിവാക്കുന്ന വസ്തുതയാണ്.

ഇന്ത്യയിലെ നീതിന്യായ കോടതികളിൽ നിന്നും ഉണ്ടാകുന്ന ഉത്തരവുകളും വിധികളും നടപ്പാക്കുക എന്നുള്ളത് ഒരു ജനാധിപത്യ സർക്കാരിനെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളിൽ ഒന്നാണ്. കോടതികളിൽ നിന്നും യാതൊരു പ്രത്യേകമായ നിർദ്ദേശങ്ങളും ഇല്ലാതെതന്നെ കോടതിവിധികൾ നടപ്പാക്കുക എന്നുള്ളത് സർക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വവും ബാധ്യതയുമാണ്. എന്നാൽ ഇന്ന് കേരളത്തിൽ നിലനിൽക്കുന്ന ഒരു പ്രത്യേക സമ്പ്രദായമാണ് കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം കോടതിയിൽനിന്ന് വാങ്ങേണ്ട ഒരു അവസ്ഥാവിശേഷം. ഇത് തീർത്തും അപലപനീയമായ ഒരു സ്ഥിതിയാണ്. കോടതി വിധികൾ നടപ്പാക്കേണ്ടത് ആയിട്ടുള്ള സർക്കാരുകൾ തങ്ങളുടെ കർത്തവ്യങ്ങളിൽ നിന്നും മനപ്പൂർവമായി മാറി നിൽക്കുമ്പോഴാണ് വിധികൾ നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കക്ഷികൾക്ക് വീണ്ടും കോടതിയെ തന്നെ സമീപിക്കേണ്ട ഗതികേട് ഉണ്ടാകുന്നത്. ഇന്നത്തെ കാലത്ത് കോടതിയിൽ കേസുകൾ നടത്തുന്നത് തന്നെ വൻസാമ്പത്തിക ബാധിത ഉണ്ടാക്കുമ്പോൾ ഉത്തരവുകൾ നടപ്പാക്കുവാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കുന്നത് അതിലേറെ സാമ്പത്തിക ബാധ്യതയാണ് കക്ഷികൾക്ക് ഉണ്ടാക്കുന്നത്. ഇത് നീതിന്യായവ്യവസ്ഥയും മനസ്സിലാക്കേണ്ടതായ യാഥാർത്ഥ്യമാണ്. ഇതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുവാൻ നീതിന്യായ വ്യവസ്ഥിതി തയ്യാറാവുകയാണെങ്കിൽ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന കീർത്തി കേട്ട ഇന്ത്യാമഹാരാജ്യത്തെ പൗരന്മാർക്ക് തങ്ങൾക്ക് ബഹുമാനപ്പെട്ട കോടതികളിൽ നിന്നും ലഭ്യമായ നീതിയും ന്യായവും നടത്തിയെടുക്കാൻ ആയിട്ട് വീണ്ടും വൻ തുക ചെലവാക്കി കേസുകൾ നടത്തേണ്ടതായ ഗതികേട് ഒഴിവായിക്കിട്ടും. മലങ്കര സഭയുടെ പിറവം പള്ളിയെ സംബന്ധിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ ഉത്തരവുകൾ (Civil Appeal No(S). 3986-3989 of 2018 dated 19/04/2018) ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ല. ഈ വിധിന്യായത്തിൽ എല്ലാ ബന്ധപ്പെട്ട കോടതികളും അധികാരികളും സുപ്രീംകോടതിയുടെ വിധിന്യായം അനുസരിച്ച് പ്രവർത്തിക്കണമെന്ന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുമുണ്ട്. മാത്രമല്ല ഇതിനെ സംബന്ധിച്ച് ഇനി കേസുകളുടെ ആധിക്യം ഉണ്ടാവാൻ പാടില്ല എന്ന് പ്രത്യേക നിർദ്ദേശവും ബഹുമാനപ്പെട്ട സുപ്രീംകോടതി നൽകിയിട്ടുണ്ട്. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് ഭാവമാണ് കേരളത്തിലെ അധികാരികൾ നടിക്കുന്നത്. ആയതുമൂലം സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ മലങ്കര സഭ വീണ്ടും അനവധി കേസുകൾ നടത്തേണ്ടതായ ഗതികേടിൽ എത്തിച്ചേർന്നിരിക്കുകയാണ്.

കട്ടച്ചിറ കട്ടച്ചിറ പള്ളിയെ സംബന്ധിച്ച ഉണ്ടായ ഉത്തരവുകളും (Civil Appeal No(S). 6263-6265 of 2001 dated 28/08/2018) ഇതുവരെയും നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. എന്നാൽ ശബരിമല കേസിൽ വിധി നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഉന്നതതലയോഗം കൂടി മാസ്റ്റർ പ്ലാനുകളും തയ്യാറായിക്കഴിഞ്ഞു. എന്തുകൊണ്ടാണ് മലങ്കരസഭയോട് മാത്രം കേരളത്തിലെ സർക്കാരുകൾ ചിറ്റമ്മനയം പുലർത്തിപ്പോരുന്നത് എന്ന് ഇപ്പോഴും മനസ്സിലാകാത്ത സംഗതിയായി തുടരുന്നു. പിറവം പള്ളി കേസിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിലനിൽക്കുന്ന പോലീസ് സംരക്ഷണ ഹർജിയിൽ സർക്കാർ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ പലതും വസ്തുതകൾക്കും നിരക്കാത്തതും കോടതി ഉത്തരവുകളെ അപമാനിക്കുന്ന തരത്തിൽ ഉള്ളതുമാണ്. കോതമംഗലം മാർതോമ ചെറിയ പള്ളിയെ സംബന്ധിച്ച 1995 സുപ്രീംകോടതിയിൽ ഉണ്ടായിട്ടുള്ള വിധി ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ല. വീണ്ടും കോടതിയിൽ നിന്നും കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ മലങ്കര സഭാ ഭരണഘടന അനുസരിച്ചുള്ള വൈദിക നിയമനങ്ങൾ മാത്രമേ അംഗീകരിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയല്ലാത്ത വൈദികർക്ക് കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ പ്രവേശിക്കുന്നതിന് കോടതി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വിധികളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് നഗ്നമായ കോടതി ഉത്തരവിനെ ലംഘനങ്ങൾ കോതമംഗലത്ത് നടന്നുകൊണ്ടിരിക്കുന്നു.

കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിന് സംരക്ഷണം നൽകേണ്ട സർക്കാറും പോലീസും കോടതി ഉത്തരവുകൾ ലംഘിക്കുന്നതിന് സംരക്ഷണം കൊടുക്കുന്ന ദയനീയമായ കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. കോതമംഗലം മാർതോമ്മ ചെറിയ പള്ളിയിൽ നിയമാനുസൃതം നിയമിതനായ വൈദികനോട് താങ്കൾ അവിടെ പ്രവേശിക്കുവാൻ പാടില്ല എന്ന് ഒരു സിവിൽ കോടതിയുടെ മുകളിൽ ഉത്തരവിടാൻ മാത്രം ധൈര്യം കേരള പോലീസിന് എവിടെ നിന്ന് കിട്ടി എന്നു മാത്രം മനസ്സിലാകുന്നില്ല. ഒരുപക്ഷേ പണത്തിന്റെ സ്വാധീനമാകാം അല്ലെങ്കിൽ വോട്ടുബാങ്ക് രാഷ്ട്രീയം ആകാം. എന്തായാലും ഇവിടെ അപമാനിക്കപ്പെടുന്നത് ഇന്ത്യൻ നീതിന്യായവ്യവസ്ഥയും ഇന്ത്യൻ ഭരണഘടനയും ആണ്. കേരളത്തിലെ പ്രബുദ്ധരായ പൗരന്മാർ ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും മലങ്കര സഭയ്ക്കും അവകാശപ്പെട്ടതാണ്. എന്നാൽ തുടർച്ചയായി മലങ്കരസഭയ്ക്ക് അവകാശപ്പെട്ട, അർഹതപ്പെട്ട നീതി സർക്കാരുകളുടെ ഭാഗത്തു നിന്ന് നിഷേധിക്കപ്പെടുമ്പോൾ മലങ്കര സഭാമക്കൾക്ക് വീണ്ടും ബഹുമാനപ്പെട്ട കോടതികളെ തന്നെ സമീപിക്കേണ്ടി വരുന്നു.

എത്രയും വേഗം കേരള സർക്കാരിന്റെ ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ശ്രദ്ധയിൽ പെടുത്തുവാൻ മലങ്കര സഭ മക്കൾ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലെ രാഷ്ട്രീയ മേലാളന്മാർ നടത്തുന്ന ഈ വോട്ടുബാങ്ക് രാഷ്ട്രീയം മലങ്കര സഭാമക്കൾ തിരിച്ചറിഞ്ഞ് നിലപാടുകൾ സ്വീകരിച്ചാൽ അതിനെ തെറ്റ് പറയുവാൻ കഴിയുകയുമില്ല.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി