EditorialOVS - Latest News

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് … കത്ത് കുത്തായി മാറുന്നു

കഴിഞ്ഞ ദിവസം മെത്രാപ്പോലീത്തായുടെ കത്ത് എന്ന നിലയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്റെ തെരഞ്ഞെടുപ്പിനെ വിമർശിച്ചും നടക്കാൻ പോകുന്ന മലങ്കര അസോസിയേഷന്റെ നടത്തിപ്പിനെ സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചുമുളള കത്ത് കാണുകയുണ്ടായി. അത് വായിച്ചപ്പോൾ അത് കത്തല്ല സഭക്ക് എതിരെയുള്ള ” കുത്ത് ” ആയിട്ടാണ് മനസിലായത്.

A. “മലങ്കര അസോസിയേഷനിൽ മാത്രം തീരുമാനിക്കപ്പെടണം എന്ന് ഭരണഘടന നിഷ്കർഷിക്കുന്ന വിഷയങ്ങൾ പോലും പ്രാധിനിത്യ സ്വഭാവം തീർത്തും ഇല്ലാത്ത മെത്രാൻ സമിതിയിൽ വേണ്ടത്ര ചർച്ച പോലും ഇല്ലാതെ സഭയുടെ തീരുമാനമാക്കി ” എന്നതാണ് ഒന്നാമത്തെ ആരോപണം.

അങ്ങ് ഒരു കാര്യം മനസിലാക്കണം, മലങ്കര അസോസിയേഷന് മാത്രമായി മലങ്കര സഭയിൽ ഒരു കാര്യവും തീരുമാനിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല എന്നത് വ്യക്തമുള്ള കാര്യമല്ലേ?. 1934ൽ മലങ്കര അസോസിയേഷൻ പാസ്സാക്കിയ ഭരണഘടന അതിനു ശേഷം കൂടിയ സുന്നഹദോസ് അംഗീകരിച്ചാണ് നടപ്പിൽ വരുത്തിയത്. മലങ്കര അസോസിയേഷൻ പാസാക്കുന്ന തീരുമാനങ്ങൾ സുന്നഹദോസ് അംഗീകരിച്ചാലെ നടപ്പിൽ വരുകയുള്ളു എന്നതും തിരസ്ക്കരിക്കുകയാണെങ്കിൽ നടപ്പാക്കുകയില്ല എന്നതും വ്യക്തമാണ്.  ഇതിൻ്റെ തെളിവാണ് അഭിവന്ദ്യ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് (ഫാ.പോൾ വർഗീസ്) അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് (ഫാ.എം.വി.ജോർജ് ) എന്നിവരെ മെത്രാൻ സ്ഥാനത്തേക്ക് അസോസിയേഷൻ തെരഞ്ഞെടുത്തെങ്കിലും സുന്നഹദോസ് ആ തീരുമാനം അംഗീകരിച്ചില്ല എന്നതും  വാഴിക്കൽ നടന്നില്ല എന്നുള്ളതും.

ഇപ്പോഴത്തെ കാതോലിക്കാ ബാവയുടെ തെരഞ്ഞെടുപ്പ് സുന്നഹദോസ് അംഗീകരിച്ചതിനാലാണ് വാഴിക്കൽ നടന്നത്. ഇതിൽ നിന്ന് വ്യക്തമാകുന്നത് അസോസിയേഷൻ മാത്രം തീരുമാനിച്ചാൽ മതിയെന്ന വാദം തെറ്റാണെന്നാണ്. മലങ്കര അസോസിയേഷൻ തെരഞ്ഞെടുത്ത് വാഴിക്കപ്പെട്ട മെത്രാപ്പോലീത്താമാർ കൂടുന്ന സമിതിക്ക് പ്രാധിനിത്യ സ്വഭാവം ഇല്ലെന്ന്  തിരുമേനിയ്ക്ക് തോന്നുന്നത് സ്വാനുഭവമായ  “തെരഞ്ഞെടുക്കപ്പെടാതെ” മെത്രാനാകേണ്ടിവന്നത് ഒന്ന് കൊണ്ട് മാത്രമാകാം.

B.” അവിടെ ചിലർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം തന്ത്രപൂർവ്വം വിഷയം അവതരിപ്പിച്ച് മിക്ക മെത്രാന്മാരെയും സമ്മർദ്ദത്തിലാക്കുകയായിരുന്നു “

പലവിധത്തിലുള്ള പ്രലോഭനങ്ങൾ പലർക്കും കൊടുത്ത് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം കൈപ്പിടിയിൽ ആക്കാമെന്ന അങ്ങയുടെ വ്യാമോഹത്തിന് വേണ്ടി ചിലർ നടത്തിയ തിരക്കഥ പരിശുദ്ധാന്മാവിൻ്റെ ഇടപെടലിലൂടെ നടക്കാതെ പോയതിൻ്റെ പാപഭാരം മലങ്കര സഭയുടെ സുന്നഹദോസ് അംഗങ്ങളിൽ ചാർത്തുന്നത് പൈശാചികമാണ്. പരിശുദ്ധാന്മാവിൻ്റെ ഇടപെടലുണ്ടായപ്പോൾ മെത്രാന്മാർക്ക് ആർക്കെങ്കിലും സമ്മർദ്ദമുണ്ടായിട്ടുണ്ടെങ്കിൽ അതിനു കാരണം അവരുടെയുള്ളിൽ പിശാച് കുടികൊള്ളുന്നതു കൊണ്ടാണെന്ന് സാധാരണ വിശ്വാസികൾ ധരിക്കുന്നത് തെറ്റല്ല. ദൈവം ഇടപെടുന്നിടത്ത് പിശാച് സമ്മർദ്ദത്തിലാക്കും.

C.”സഭാ ഭരണഘടനയെ നിർവീര്യമാക്കി അൽമായ സമൂഹത്തെ മൂകസാക്ഷികളാക്കി കാര്യം നേടുന്നതിൽ സഭയിലെ സ്ഥാപിത താൽപര്യക്കാർ അങ്ങനെ വിജയിക്കുന്നു”.

വിജയിക്കുന്ന സ്ഥാപിത താൽപര്യക്കാർ ആരെന്ന് കഴിഞ്ഞ കാല ചെയ്തികൾ പരിശോധിച്ചാൽ മതി. പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവ മുതൽ മാത്യുസ് തൃതീയൻ ബാവ വരെ ഇത്തരം ചെയ്തികൾ കണ്ടില്ലായെന്ന് വയ്ക്കുന്നതിലൂടെ സ്ഥാപിത താൽപര്യക്കാരുടെ വിജയത്തിന് കാരണമാകാം. ഈ സ്ഥാപിത താൽപര്യക്കാരെ സംരക്ഷിക്കാൻ സഭ മുടക്കുന്ന പണം വളരെ വലുതാണ്.

D.” ഇപ്രകാരം അല്മായരുടെയും സഭാ സമിതികളുടെയും അവകാശ – സ്വാതന്ത്രങ്ങൾ കവർച്ച ചെയ്യപ്പെടുമ്പോൾ ഫലത്തിൽ സംഭവിക്കുന്നത് സഭയിലെ ജനാധിപത്യ സ്ഥാപനങ്ങളുടെ (institutions) ടെയും മൂല്യങ്ങളുടെ (values) യും തിരസ്കരണമാണ്.”

സഭയുടെ സമിതികളെയും മൂല്യങ്ങളെയും തിരസ്കരിച്ചു കൊണ്ടല്ലേ സ്വന്ത നിലയിൽ തക്സ അടക്കമുള്ള ആരാധനക്രമങ്ങൾ എഴുതി ഉണ്ടാക്കി ശുശ്രൂഷ നടത്തുന്നത്. സുന്നഹദോസ് അറിഞ്ഞാണോ അതോ സുന്നഹദോസിനെ സമ്മർദ്ദത്തിലാക്കിയാണോ?. മറ്റൊരു മെത്രാസന അതിർത്തിയിൽ കടന്ന് സഭാ വിശ്വാസത്തിന് എതിരായി പ്രവർത്തിക്കുന്നവരുടെ ആരാധനാലയങ്ങൾ കൂദാശ ചെയ്യുന്നത് സമിതികൾ അറിഞ്ഞാണോ?. ഗുർഗാനെ മെത്രാനാക്കിയത് സമിതികൾ അറിഞ്ഞാണോ?. ഇങ്ങനെ ഒരു സമിതികൾക്കും വിധേയപ്പെടാതെ, യാതൊരു വിധ മൂല്യങ്ങൾക്കും വില കല്പിക്കാതെ (കൂലി)എഴുത്തിലൂടെ മാത്രം ഇത് പ്രകടിപ്പിക്കുന്നത് മലങ്കര സഭാമക്കളെ ഏറെ ദുഖിപ്പിക്കുന്നതാണ്.

E. ” എപ്പിസ്കോപ്പസിയുടെ മറവിൽ ഏകാധിപത്യ പ്രവണതയെ ശക്തമാക്കുകയാണ് “

എപ്പിസ്കോപ്പസിയുടെ മറവിൽ ഏകാധിപത്യ പ്രവണതയെ ശക്തമാക്കുന്ന നടപടികൾ ഇപ്പോൾ മാത്രമല്ല മുൻപും ഉണ്ടായിരുന്നു. സഭാ മാനേജിംഗ് കമ്മിറ്റി ഏകകണ്ഠമായി പാസാക്കിയ പ്രമേയം സുന്നഹദോസ് ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞതിൽ ആരും വിയോജനക്കുറിപ്പ് പ്രകടിപ്പിച്ചില്ലല്ലോ. കാതോലിക്കാ തെരഞ്ഞെടുപ്പ് സംബന്ധിച്ചും ആരും എതിർപ്പ് പ്രകടിപ്പിച്ചില്ലല്ലോ.

F. ” ബഹു ഭൂരിപക്ഷം വിശ്വാസികളാകട്ടെ ഈ ജനാധിപത്യ ധ്വംസനത്തെ നിർവ്വികാരതയോടെ നോക്കി കണ്ട് നിസംഗത പുലർത്തുന്നു”

മലങ്കര സഭയിലെ വിഘടനവാദികളായ ഏതാനും ആളുകൾ ഒഴികെ മലങ്കര സഭാംഗങ്ങൾ ഒന്നടങ്കം ഉള്ളുരുകി മലങ്കര സഭക്കുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ നോമ്പെടുത്ത് പ്രാർത്ഥിച്ചു. അതിന്റെ ഫലവും ലഭിച്ചു. മലങ്കര സഭയുടെ കാതോലിക്കാ തെരഞ്ഞെടുപ്പും വാഴിക്കലും മലങ്കര മക്കൾ അഭിമാനത്തോടെയാണ് കാണുന്നത്. അതിനാലാണ് മലങ്കര മക്കൾ വികാരഭരിതമായ സ്വീകരണം നൽകുന്നത്. കാലത്തിൻ്റെ ചുവരെഴുത്ത് മനസിലാക്കാൻ പറ്റാത്തവർക്ക് ഇത് നിർവ്വികാരതയായി തോന്നാം. മലങ്കര സഭയിൽ പ്രശ്നമുണ്ടാകണം എന്നു കരുതി സഭക്കുള്ളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രശ്നമുണ്ടാക്കിയവർക്ക് സമാധാനത്തോടെ കാര്യങ്ങൾ നടക്കുന്നത് കാണുമ്പോൾ അവരിൽ ഇത് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. ഇങ്ങനെ സമാധാനപൂർവം കാര്യങ്ങൾ നടക്കാൻ കാരണം മൺമറഞ്ഞു പോയ പിതാക്കന്മാരുടെ പ്രാർത്ഥനയാണ്. പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെയും പരിശുദ്ധ ബാവമാരുടെയും ഓർമ്മ പെരുന്നാളിൽ സംബന്ധിക്കാത്തവർക്ക് ഈ പിതാക്കന്മാരുടെ ശക്തി അറിയില്ല.

G. “അല്മായ സമൂഹത്തിന്റെ ഈ ദുർവിധി സൂചിപ്പിക്കുന്നത് സഭയുടെ ഗതികേടിനെയാണ് “

ഒരു യോഗത്തിൽ സംബന്ധിക്കുക, തീരുമാനം എങ്ങനെ എടുക്കണമെന്ന് പറയുക, പറയുന്ന പോലെ തീരുമാനം എടുത്തു കഴിയുമ്പോൾ എടുത്ത തീരുമാനം തന്റെ ഇഷ്ടത്തിനെതിരാണെന്നു കൂടി അറിയുമ്പോൾ കൂടിയ യോഗത്തിനും അതിൽ പങ്കെടുത്തവർക്കും, കൈക്കൊണ്ട തീരുമാനത്തിനെതിരെയും പരസ്യമായി പ്രതികരിക്കുക- ഇതു കാണുന്ന അല്മായ സമൂഹത്തിന്റെ ദുർവിധി സൂചിപ്പിക്കുന്നത് സഭയുടെ ഗതികേടിനെ തന്നെയാണ്.

H.”ഭരണഘടനാ വിരുദ്ധമായ നടപടികൾക്കും അസോസിയേഷനിലെ അനുയായികളെക്കൊണ്ട് കൈയ്യടിപ്പിച്ച് സാധൂകരണം നേടിയതിന്റെ സാക്ഷ്യപത്രമാണ് കഴിഞ്ഞ കുറെ കാലമായി നടന്ന തെരഞ്ഞെടുപ്പുകൾ “

കഴിഞ്ഞ അസോസിയേഷനിൽ വൈദീക, അൽമായ ട്രസ്റ്റികളെയും അസോസിയേഷൻ സെക്രട്ടറിയെയും തെരഞ്ഞെടുത്തത് കൈയ്യടിച്ചല്ലല്ലോ. കൈയ്യടിച്ച് തെരഞ്ഞെടുപ്പ് കൂടുതലും നടക്കുന്നത് സുന്നഹദോസിലല്ലേ. സ്കൂൾ, കോളജ് മാനേജർമാർ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലെങ്കിലും കൈയ്യടി ഉപേക്ഷിക്കുന്നത് നന്നായിരിക്കും.

I. “സമാന രീതിയിലുള്ള തന്ത്രങ്ങൾ വരും തെരഞ്ഞെടുപ്പുകളിലും അരങ്ങേറുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന “

വളരെ നല്ല കാര്യം. തെരഞ്ഞെടുപ്പുകളെ കുറിച്ച് പിതാക്കൻമാർക്ക് ചിന്തകൾ വേണം. അതിന്റെ അന്തസത്ത പോകാതെ നടത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ അവരിൽ നിന്നുമുണ്ടാകണം. പക്ഷേ ഇതും അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത്. സഭയിൽ നാളിതു വരെ സുഗമവും സുതാര്യവുമായി നടന്നു വരുന്ന ഒരു സംവിധാനം ഇപ്രാവശ്യം അതുപോലെ നടക്കില്ല എന്ന ആശങ്കയാണ് സോഷ്യൽ മീഡിയ വഴി യാതൊരു വസ്തുതകളുമില്ലാതെ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയുള്ള ആ സുചന തിരുമേനിക്ക് മാത്രം എവിടുന്ന് കിട്ടി? അങ്ങനെ ഒരു ഗൂഡാലോചന ഉണ്ടെങ്കിൽ അത് വ്യക്തമാക്കേണ്ട സ്ഥലങ്ങളിൽ തിരുമേനി വ്യക്തമാക്കണമായിരുന്നു. അതിനുള്ള സമിതികൾ പലതും സഭയ്ക്കുണ്ട്. അല്ലാതെ ഇതു പോലുള്ള സമൂഹ മാധ്യമങ്ങളിൽ അല്ല അത് പറയേണ്ടത്. ഇങ്ങനെ പറയുന്നത് കൊണ്ട് ആർക്ക് എന്ത് മെച്ചമാണുണ്ടാകുന്നത്. ആവശ്യമില്ലാത്ത വിഷയങ്ങൾ എഴുതിപ്പിടിപ്പിച്ച് സഭയെ ദ്രോഹിക്കാതിരിക്കുക.

അർഹിക്കുന്ന സ്ഥാനം ലഭിയ്ക്കേണ്ടിയിടത്ത് ഒഴിഞ്ഞു മാറുകയും സഭയേക്കാളുമുപരി സമ്പന്നരായ വ്യക്തികളുടെ താല്പര്യവും കാര്യങ്ങളും നടത്തിക്കൊടുക്കാൻ ഉത്സാഹിക്കുമ്പോൾ വിശ്വാസികൾക്കുണ്ടാകുന്ന തിരിച്ചറിവ് പരിശുദ്ധ ബാവാ തിരുമേനി കാലംചെയ്തപ്പോൾ അന്നത്തെ ദിവസം അങ്ങയുടെ അസാന്നിധ്യം കൊണ്ടു മാത്രം വിശ്വാസികളിലുണ്ടായ മനോവിഷമം എന്നിവ ഓർക്കുന്നിടത്തോളം ഒരു അസോസിയേഷനും അങ്ങയുടെ ആഗ്രഹം സഫലീകരിക്കില്ലായിരുന്നുവെന്ന് കൂടി തിരിച്ചറിയാൻ വൈകരുത്