OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ സഭയ്ക്ക് നാല് കോർ എപ്പിസ്‌കോപ്പമാർ കൂടി

ചെങ്ങന്നൂർ- ഭദ്രാസനത്തിലെ നാലു വൈദികർക്കു പൗരോഹിത്യ ശുശ്രൂഷയുടെ  അംഗീകാരമായ  കോറെപ്പിസ്‌കോപ്പ സ്ഥാനം നൽകി ആദരിച്ചു . ഫാ. സഖറിയാ പനയ്ക്കാമറ്റം, ഫാ. മാത്യു തോമസ്, ഫാ. കെ.എസ്. ശാമുവേൽ, ഫാ. തോമസ് തേക്കിൽ എന്നീ വൈദികരാണു കോറെപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്.

ശനിയാഴ്ച്ച രാവിലെ ബഥേൽ മാർ ഗ്രിഗോറിയോസ് അരമനപ്പള്ളിയിൽ തോമസ് മാർ അത്തനാസിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ് എന്നിവർ ചേർന്നു സ്ഥാനാരോഹണ ശുശ്രൂഷ നടത്തി. “ചെറിയ ദേശത്തിന്റെ അധികാരി” എന്നതാണു കോറെപ്പിസ്‌കോപ്പ സ്ഥാനത്തിന്റെ അർഥം. മലങ്കര സഭ പിന്തുടരുന്ന പാശ്ചാത്യ സു സഭാ വിജ്ഞാനീയത്തിൽ വിവാഹിത പട്ടക്കാരനു ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവിയാണിത്.

ഫാ. സഖറിയാ പനയ്ക്കാമറ്റം

നിരണം സെന്റ് മേരീസ് കത്തീഡ്രൽ ഇടവകാംഗമായ ഫാ. സഖറിയാ പനയ്ക്കാമറ്റം 1971 ജൂൺ 29നു തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള നിരണം കത്തീഡ്രൽ ദേവാലയത്തിൽ നിന്നു കോറെപ്പിസ്‌കോപ്പ സ്ഥാനം ലഭിക്കുന്ന ആദ്യ വ്യക്തിയാണ്.

ഫാ. മാത്യു തോമസ്

പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രൽ ഇടവകാംഗമായ ഫാ. മാത്യു തോമസ് 1979 ജൂലൈ മൂന്നിനു ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. പുത്തൻകാവ് ഹയർ സെക്കൻഡറി സ്‌കൂളിൽ ദീർഘകാലം രസതന്ത്ര വിഭാഗം അധ്യാപകനായിരുന്നു. ഇപ്പോൾ പാണ്ടനാട് സെന്റ് മേരീസ് പള്ളി വികാരിയാണ്.

ഫാ. കെ. എസ് ശാമുവേൽ

വെൺമണി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ ഇടവകാംഗമായ ഫാ. കെ.എസ്. ശാമുവേൽ 1980 ഓഗസ്റ്റ് 23നു തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. ദീർഘകാലം സഭാവക സ്‌കൂളുകളിൽ അധ്യാപകനായിരുന്നു. തഴക്കര എംഎസ്എസ് ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ടീച്ചർ എജ്യൂക്കേറ്ററായി വിരമിച്ചു. ഇപ്പോൾ ഓലിക്കൽ മാർ ഗ്രിഗോറിയോസ് പള്ളി വികാരി.

ഫാ. തോമസ് തേക്കിൽ

കല്ലുങ്കൽ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്‌സ് പള്ളി ഇടവകാംഗമായ ഫാ. തോമസ് തേക്കിൽ 1979 ഓഗസ്റ്റ് 15-ാം തീയതി ഗീവർഗീസ് മാർ ദിയസ്‌കോറോസിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. ഇപ്പോൾ കല്ലുങ്കൽ സെന്റ് ജോർജ് പള്ളിയുടെ വികാരിയാണ്.