OVS - Latest NewsOVS-Kerala News

ആഭ്യന്തര അന്വേഷണം ശക്തമാക്കി ഓർത്തഡോക്സ്‌ സഭ : കമ്മീഷനിൽ വനിതകളെ ഉൾപ്പെടുത്തി വിപുലീകരിക്കും; ഹോട്ടൽ ദൃശ്യങ്ങൾ പരിശോധിക്കും

കോട്ടയം : വൈദീകർക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയ്ക്ക് ലഭിച്ച പരാതിയിൽ ആഭ്യന്തര അന്വേഷണം നിർണ്ണായക ഘട്ടത്തിൽ.

പരാതിയിൽ പറയുന്ന ഹോട്ടലിലെ സി.സി ടിവി ദൃശ്യങ്ങളും മറ്റ് രേഖകളും പരിശോധിക്കാനാണ് സഭ നിയോഗിച്ച അന്വേഷണ കമ്മിഷന്റെ തീരുമാനം.യുവതിയെ കണ്ടെത്തി രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും ഇതിനായി കമ്മിഷനിൽ വനിതകളെക്കൂടി ഉൾപ്പെടുത്തുമെന്നും കമ്മിഷൻ അംഗവും സഭ വൈദിക ട്രസ്റ്റിയുമായ ഫാ. ഡോ. എം.ഒ. ജോൺ പറഞ്ഞു.

അന്വേഷണ കമ്മിഷന് മുന്നിൽ കഴിഞ്ഞ ദിവസം ഹാജരായ ഒരു വൈദികൻ ആരോപണം മുഴുവൻ നിഷേധിച്ച പശ്ചാത്തലത്തിലാണ് പരാതിയിൽ പറയുന്ന കൊച്ചിയിലെ ഹോട്ടലിന്റെ സി.സി ടിവി ദൃശ്യങ്ങളും മുറിയെടുത്തതിന്റെ മറ്റ് രേഖകളും പരിശോധിക്കുന്നത്. നീതിപൂർവമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സഭാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹോട്ടലിൽ നിന്ന് വിവരം ശേഖരിക്കുക. ദൃശ്യങ്ങളും വിവരങ്ങളും കൈമാറാൻ ഹോട്ടൽ സഹകരിക്കുന്നില്ലെങ്കിൽ ഇതിനായി പൊലീസിന്റെ സഹായം തേടുന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്. പൊലീസിൽ പരാതി നൽകാൻ യുവതിയുടെ ഭർത്താവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.ഓഗസ്റ്റ് ആദ്യ വാരം റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം ആരോപണം തെളിഞ്ഞാൽ മാതൃകപരമായ നടപടി വേണമെന്ന് വിശ്വാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.വിശ്വാസികളുടെ വികാരം കണക്കിലെടുക്കുമെന്നുള്ള സൂചനയാണിതെല്ലാം. ആരോപണം അടിസ്ഥാന രഹിതമെന്നു തെളിഞ്ഞാൽ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും ആവിശ്യം.