OVS-Kerala News

പരി. പരുമല തിരുമേനിയുടെ നാമത്തിൽ നിർമ്മിക്കുന്ന തൃപ്പൂണിത്തുറ പള്ളിയ്ക്കു വേണ്ടി സഹായിയ്ക്കൂ.

പ്രിയരേ, പരിശുദ്ധനായ പരുമല തിരുമേനി ശെമ്മാശനായ ഇടം, സ്ലീബാദാസ സമൂഹ സ്ഥാപകൻ അഭിവന്ദ്യ പത്രോസ് മാർ ഒസ്താത്തിയോസ്, ലോക പ്രശസ്തനായ അഭിവന്ദ്യ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തുടങ്ങിയ പുണ്യ പിതാക്കന്മാർ ജനിച്ചു വളർന്ന് ജീവിച്ച ഇടം, അങ്ങനെ മലങ്കര സഭയുടെ പൈതൃകങ്ങൾ ഏറെ പേറുന്ന മണ്ണാണ് തൃപ്പൂണിത്തുറ. എന്നാൽ മലങ്കര സഭക്ക് സ്വന്തമായി ഒരു ദേവാലയം ഇന്ന് ഇവിടെ ഇല്ല.

തൃപ്പൂണിത്തുറയിലെ സഭാഅംഗങ്ങളെ ഒന്നിച്ചു കൂട്ടി ഒരു പ്രാർത്ഥനാ യോഗം 2010 ൽ ആരംഭിച്ചു. 15 – 08 – 2014 മുതൽ നമ്മുടെ ഒരംഗത്തിന്റെ ഉടമസ്ഥതയിലുള്ള നഴ്സറി സ്കൂളിന്റെ മുകൾ നില താത്കാലികമായി സജ്ജീകരിച്ച് വി. കുർബാന ആരംഭിച്ചു. എല്ലാ ഞായറാഴ്ചകളിലും വി. കുർബാനയും ആത്മീയ പ്രസ്ഥാനങ്ങളും പരിമിതമായ സൗകര്യങ്ങളിൽ അനുഗ്രഹകരമായി നടക്കുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ, കൊച്ചി ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ യാക്കോബ് മാർ ഐറേനിയോസ് തിരുമേനി 01 – 01 – 2016 ൽ ഒരു ഇടവകയായ പ്രഖ്യാപിച്ചു. 35 കുടുംബങ്ങൾ ഇതുവരെ അംഗങ്ങളായി.

മലങ്കര സഭക്ക് ഒരു ആരാധനാലയം ഇവിടെ അത്യാവശ്യമാണ്. അതിനായി 35 സെൻറ് സ്ഥലം 1 കോടി 75 ലക്ഷം രൂപ മുടക്കി 2017 ൽ വാങ്ങുകയുണ്ടായി. അതിൽ 1 കോടി രൂപയും ഈ 35 കുടുംബങ്ങളുടെയും അദ്ധ്വാനവും പരിശ്രമവുമാണ്. ബാക്കി തുകക്കായി സഭയിലെ പല ഇടവകകളും, ജാതി മത വ്യത്യാസമില്ലാതെ നിരവധി ആളുകളും ആത്മാർത്ഥമായി സഹകരിച്ചു എന്നത് നന്ദിപൂർവം ഓർക്കുന്നു. ഒരു ദേവാലയം എത്രയും വേഗം നിർമ്മിക്കേണ്ടിയിരിക്കുന്നു. 26 -11 -2017 ൽ അഭിവന്ദ്യ ഇടവക മെത്രാപോലിത്ത ദേവാലയ ശിലാസ്ഥാപനം നിർവഹിച്ചു. 60 ലക്ഷം രൂപ നിർമാണത്തിന് ചിലവ് വരും. സ്ഥലം വാങ്ങുവാനായി തന്നെ ഈ ചെറിയ ഇടവകയിൽ നിന്നും പരമാവധി സ്വരൂപിച്ചു. അതിനാൽ നിങ്ങളുടെ സഹായം തേടുകയാണ്. ദേവാലയം പൊളിച്ച് പണിയുന്നതിനല്ല, ഇല്ലാത്തിടത്ത് ഒരു പുതിയ ആരാധനാലയം നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഈ സഹായ അഭ്യർത്ഥന. താങ്കൾ ചെയുന്ന ഒരു ചെറു സഹായം പോലും തൃപ്പൂണിത്തുറ ഇടവകയ്ക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് ഓർക്കണമേ.

പ്രാർത്ഥനയോടെ വികാരി ഫാ തോമസ് കെ ഏലിയാസ്.