OVS - Latest NewsOVS-Kerala News

സ്ലീബാദാസ സമൂഹത്തിൽ നിന്നും “ആജീവനാന്ത പെൻഷൻ പദ്ധതി “യുടെ ആദ്യ ഗഡു വിതരണം ചെയ്തു.

സ്ലീബാദാസസമൂഹംസ്ഥാപകൻ ഭാഗ്യസ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ചരമ സുവർണ്ണ ജൂബിലിയുടെ ഭാഗമായി 2018 ഫെബ്രുവരി 2-ന് ആരംഭിച്ച “ആജീവനാന്ത തുടർ പെൻഷൻ” പദ്ധതിയുടെ തുടക്കം കുറിച്ച് അശരണരും രോഗികളും വിധവകളുമായ 50 സാധുക്കൾക്ക് കണ്ട നാട് കർമ്മേൽ ദയറയിൽ നിന്നും പെൻഷൻ വിതരണം ചെയ്തു. മലങ്കര ഓർത്തഡോക്സ് സഭയിലെ വിവിധ ഇടവകകളിലുള്ള ആളുകൾക്കാണ് ഇപ്പോൾ തുക വിതരണം ചെയ്തിരിക്കുന്നത്.

ഒരു വർഷം 6000 രൂപയാണ് ഇപ്പോൾ നൽകുന്ന പെൻഷൻ തുക. 4 ഗഡുക്കളായാണ് ഇത് ആളുകൾക്ക് നൽകുന്നത്. ആദ്യ ഗഡു വിതരണമാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. ദുബായ് സെന്റ്. തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആ ഇടവക യാണ് 2018ലെ പെൻഷൻവിതരണത്തിനുള്ള മുഴുവൻ തുകയായ 3 ലക്ഷം രൂപയും സംഭാവനയായി നൽകിയിരിക്കുന്നത്. അർഹരായ കൂടുതൽ അപേക്ഷകർ ഉള്ളതിനാൽ വരും വർഷങ്ങളിൽ പദ്ധതി വിപുലീകരിച്ച് കൂടുതൽ ആളുകളെ ഉൾപ്പെടുത്തേണ്ടതുണ്ട്. ദുബായ് സെന്റ്. തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ സാധു ക്ഷേമ പ്രവർത്തനങ്ങളെ മാതൃകയാക്കി കൂടുതൽ സഭാമക്കൾ ഈ തുടർ പെൻഷൻ പദ്ധതിക്കു വേണ്ടതായ കൈത്താങ്ങലുകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പദ്ധതിയുടെ ചുമതല വഹിക്കുന്ന ഫാ. സോമു പ്രക്കാനം അഭിപ്രായപ്പെട്ടു.