OVS-Pravasi News

ദുബായ് യുവജനപ്രസ്ഥാനം പുസ്തകോത്സവം 2018 സംഘടിപ്പിച്ചു

ദുബായ്: ജ്ഞാനസമ്പാദനത്തിൻറെയും വിവരണശേഖരണത്തിൻറെയും അടിസ്ഥാനഘടകമാണ് വായന. ആധുനിക മനുഷ്യൻറെ തിരക്കുപിടിച്ച ജീവിതത്തിൽ ഗ്രന്ഥപാരായണം വളർത്തിയെടുക്കുന്നതിൻറെ ഭാഗമായി ദുബായ് സെൻറ് തോമസ് ഓർത്തഡോക്സ്‌ ക്രൈസ്‌തവ യുവജനപ്രസ്ഥാനം നേതൃത്വത്തിൻറെ “പുസ്തകോത്സവം 2018” ഏപ്രിൽ 13 ന് വെള്ളിയാഴ്ച പള്ളി അങ്കണത്തിൽ വിശുദ്ധ കുർബ്ബാനന്തരം സംഘടിപ്പിച്ചു. ഡി .സി ബുക്ക്സ്, ബൈബിൾ സൊസൈറ്റി ഓഫ് ഇൻഡ്യ തുടങ്ങിയ പ്രശസ്ത പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ പുസ്തക പ്രദർശനം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വിവിധ മേഖലകളിൽ ഉള്ള പുസ്തകങ്ങൾ പരിചയപെടുന്നതിനുള്ള സുവർണാവസരമായി. പുസ്‌തകോത്സവത്തോട് അനുബന്ധിച് നടന്ന പൊതുസമ്മേളനം അഭിവന്ദ്യ ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി ഉദ്‌ഘാടനം ചെയ്തു. നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കുന്നതിൻറെ പ്രാധ്യാനത്തെ പറ്റി അഭിവന്ദ്യ തിരുമേനി തൻറെ പ്രസംഗത്തിൽ ഓർമിപ്പിച്ചു. മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ ശ്രീ ജെയ്‌മോൻ ജോർജ് വിശിഷ്ട അതിഥി ആയിരുന്നു. റവ ഫാ . കോശി കുന്നംപുറത്ത് , റവ ഫാ നൈനാൻ ഫിലിപ്പ് , ശ്രീ റെജു എസ് .ജോൺ തുടങ്ങിവർ പ്രസംഗിച്ചു.

ദുബായ് യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ പള്ളി കോംപൗണ്ടേൽ പ്രവർത്തിക്കുന്ന ലൈബ്രറിയുടെ പ്രവത്തനം മാതൃകാപരമാണ്. എല്ലാ വെള്ളിയാഴ്ചയും വി . കുർബാനന്തരം ലൈബ്രറി തുറന്നു പ്രവൃത്തിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങളിൽ, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകളിൽ ഉള്ള പതിനായിരത്തോളം പുസ്തകങ്ങൾ കൂടുതൽ പ്രയോജനപരമായ രീതിയിൽ ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളുമായി പ്രസ്ഥാനം മുന്നോട്ട് പോകുന്നുണ്ട്.