OVS - Latest NewsOVS-Kerala News

തോമസ് മാർ അത്തനാസിയോസ് മെത്രോപോലിത്തയുടെ അശീതി ആഘോഷിച്ചു

ചെങ്ങന്നൂർ ∙ വളരുന്ന തലമുറയുടെ മനസ്സുകളിൽ പ്രകാശം നിറയ്ക്കുകയാണു വിദ്യാഭ്യാസത്തിന്‍റെ കാതലെന്നു വിശ്വസിച്ച് അതിനുവേണ്ടി പ്രവർത്തിക്കുന്നയാളാണു തോമസ് മാർ അത്തനാസിയോസ് എന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിന്‍റെ അശീതി (81–ാം പിറന്നാൾ) ആഘോഷത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവാ. ശത്രുവിനെയും മിത്രത്തെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശൈലി നമുക്കു വേണമെന്നു മനസ്സിലാക്കിയത് അദ്ദേഹത്തിൽനിന്നാണെന്നും ബാവാ പറഞ്ഞു. പിറന്നാൾ കേക്ക് മുറിച്ചു തോമസ് മാർ അത്തനാസിയോസ്, ബാവായ്ക്കു പങ്കുവച്ചു.

സഭയുടെ വളർച്ച മാത്രം ലക്ഷ്യമാക്കിയാണു താൻ ജീവിച്ചതെന്നും സഭയുടെ സമാധാനത്തിനുവേണ്ടി കഴിഞ്ഞ നവംബർ മൂന്നിന് ആരംഭിച്ച നോമ്പ് ലക്ഷ്യം കാണുന്നതുവരെ തുടരുമെന്നും മറുപടി പ്രസംഗത്തിൽ തോമസ് മാർ അത്തനാസിയോസ് പറഞ്ഞു. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. കരുതൽ ചാരിറ്റി ഫണ്ട് പദ്ധതി ഉദ്ഘാടനം കുര്യാക്കോസ് മാർ ക്ലിമ്മീസും സ്മരണിക പ്രകാശനം ഡോ. യുയാക്കിം മാർ കൂറിലോസും നിർവഹിച്ചു. ശ്രീമൂലം തിരുന‍ാൾ രാമവർമയുടെ പിറന്നാൾ സന്ദേശം ഫാ. ഡോ. ഫിലിക്സ് യോഹന്നാൻ വായിച്ചു. ഏബ്രഹാം മാത്യു വീരപ്പള്ളിൽ മംഗളപത്രം സമർപ്പിച്ചു. മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്, ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ. തോമസ് കൊക്കാപറമ്പിൽ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ.വൈ.തോമസ്, ജോസി പോൾ മാരേറ്റ്, ഫാ.രാജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

രാവിലെ മാതൃ ഇടവകയായ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ തോമസ് മാർ അത്തനാസിയോസ് കുർബാന അർപ്പിച്ചു. തുടർന്നു നടന്ന അനുമോദന യോഗത്തിൽ ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, കൊടിക്കുന്നിൽ സുരേഷ് എംപി, ഇടവക സഹവികാരി ഫാ. റെന്നി തോമസ്, സഭാ മാനേജിങ് കമ്മിറ്റി അഗം സുനിൽ പി.ഉമ്മൻ എന്നിവർ പ്രസംഗിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ആർച്ച് ബിഷപ് ‍ ഡോ. തോമസ് മാർ കൂറിലോസ്, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ തോമസ് മാർ അത്തനാസിയോസിനെ സന്ദർശിച്ചു പിറന്നാൾ ആശംസകൾ നേർന്നു.

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രൗഢ തേജസ്സ് ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി : തോമസ്‌ മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ അശീഥി ആഘോഷങ്ങളുടെ തത്സമയസംപ്രേക്ഷണംLive sponsered by: Anish Mathew,Bayonne New Jersey

Posted by EverLight Studio on Monday, 2 April 2018