OVS - Latest NewsOVS-Kerala News

പാപബോധം നഷ്ടപ്പെട്ട മനസുകൾ കാലഘട്ടത്തിന്റെ അപകടം: പരിശുദ്ധ കാതോലിക്കാ ബാവാ

പത്തനംതിട്ട:- പാപബോധം നഷ്ടപ്പെട്ട മനസുകളാണ് കാലഘട്ടത്തിന്റെ അപകടമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷൻ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദൈവത്തിൽ നിന്ന് അകലുന്നവരുടെ എണ്ണം കൂടുകയാണ്. ദൈവസന്നിധിയിലേക്ക് തിരിച്ചുപോകേണ്ടതില്ലേ എന്ന ചോദ്യം സ്വയം ചോദിക്കണം. ആ തിരിച്ചുപോക്കിനുള്ള തിരിച്ചറിവാണ് കൺവൻഷനുകളിലൂടെ ഉണ്ടാകേണ്ടത്.ദൈവത്തിന്റെ വചനം കേൾക്കാനുള്ളതല്ല; അത് അനുഷ്ഠിക്കാനുള്ളതാണെന്നും കേൾവി അതിന്റെ ആദ്യപടിയേ ആകുന്നുള്ളൂവെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

ശതാബ്ദി ലോഗോ ഡോ. ജോസഫ് മാർ ദിവന്നാസിയോസും ശതാബ്ദി മംഗളഗാന സിഡി മാത്യൂസ് മാർ തേവോദോസിയോസും കാതോലിക്കാ ബാവായിൽ നിന്ന് ഏറ്റുവാങ്ങി. യുവജീവൻ സപ്ലിമെന്റിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.

കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ഒ. തോമസ് വചനപ്രസംഗം നടത്തി. അപ്രേം റമ്പാൻ, ഔഗേൻ റമ്പാൻ, നഥാനിയേൽ റമ്പാൻ, ഫാ. ബിജു മാത്യുസ്, ആന്റോ ആന്റണി എംപി, കെ. ശിവദാസൻ നായർ എംഎൽഎ, നഗരസഭാധ്യക്ഷ രജനി പ്രദീപ്, വൈസ് ചെയർമാൻ പി. കെ. ജേക്കബ്, പോൾ മത്തായി, റോയ് എം. മുത്തൂറ്റ്, ബാബുജി ഈശോ, സണ്ണി വർഗീസ്, ബാബു വർഗീസ്, അനിൽ വർഗീസ്, എം. എം. ഡാനിയൽ, ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ് എന്നിവർ പ്രസംഗിച്ചു. സുവിശേഷ സമ്മേളനത്തിൽ ഫാ. വർഗീസ് വർഗീസ് മീനടം പ്രസംഗിച്ചു. . ഏബ്രഹാം മാർ സെറാഫിം സംബന്ധിച്ചു. വൈകിട്ട് സുവിശേഷ സമ്മേളനത്തിൽ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് പ്രസംഗിച്ചു.

കൺവൻഷനിൽ ഇന്ന്

9.00– മൂന്നാം മണി, ആറാം മണി, ഒൻപതാം മണി നമസ്കാരം. 9.30– അനുഗ്രഹ പ്രഭാഷണം. 10.00– ധ്യാനം. 11.00– കുർബാന. 1.30–സുവിശേഷ സംഘ സമ്മേളനം. ക്ലാസ്– ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്. 4.00– കുമ്പസാരം, കൗൺസലിങ്. 6.00– സന്ധ്യാനമസ്കാരം. 6.45– ഗാനശുശ്രൂഷ. 7.15– കുടുംബസംഗമം. അധ്യക്ഷൻ– കുര്യാക്കോസ് മാർ ക്ലിമ്മീസ്.