OVS - ArticlesOVS - Latest News

സഭ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തണമോ?

ഈ ചോദ്യം അടുത്തിടെ സഭയുടെ ഒരു ഉന്നത കേന്ദ്രത്തിൽ നിന്നും ഉയർന്നത് അൽപം അത്ഭുതത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് കേൾക്കാൻ ഇടയായത്. ആശങ്ക എന്തുകൊണ്ട് എന്നു ചോദിച്ചാൽ സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇത് ഒരു മാർഗദർശമായി മാറുമോ എന്നുള്ള ഭയത്താലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് സഭയുടെ ദൗത്യമല്ല എന്നും ഇക്കാലത്ത് ഇതിൽ കച്ചവട താൽപര്യമാണ് മുന്നിലെന്നും മറ്റുമുള്ള ചിന്തയിൽ നിന്നാണ് ഇത്തരം ഒരു നിലപാട് ഉണ്ടായത് എന്നു തോന്നുന്നു. എന്തെല്ലാം കുറവുകൾ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും സഭയുടെ മേൽനോട്ടത്തിൽ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഭയുടെ വളർച്ചയ്ക്കും സമൂഹത്തിൽ സഭ അപ്രസക്തമാകാതിരിക്കാനും ആവശ്യമാണ് എന്ന് ആദ്യമേ തന്നെ പറയട്ടെ. ചില വസ്തുതകൾ ചൂണ്ടിക്കാണിക്കട്ടെ.

ഒന്ന്. ഭരണഘടനാവകാശം
ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷങ്ങൾക്കും ഇതര സമൂഹങ്ങൾക്കും നൽകുന്ന അവകാശവും പരിരക്ഷയുമാണ് അവർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താമെന്നുള്ളത്. ന്യൂനപക്ഷ സമുദായങ്ങൾക്ക് തങ്ങളുടെ പ്രത്യേകമായിട്ടുള്ള സവിശേഷതകളും (characteristics) മൂല്ല്യങ്ങളും (values) സാംസ്കാരിക തനിമയും (cultural identity) നിലനിർത്താൻ ഉതകുന്ന വിധത്തിലും അവർ പാർശ്വവൽക്കരിക്കപ്പെട്ടു പോകാതെയിരിക്കാനുള്ള ഒരു പരിരക്ഷ എന്ന നിലയിലും ഭരണഘടനാ ശിൽപികൾ വളരെ ഉദാരമായും ദീർഘ വീക്ഷണത്തോടെയും വിഭാവനം ചെയ്തു നൽകിയ അവകാശങ്ങളാണ് ഇവ. അത് നമ്മൾ തന്നെ തട്ടിത്തെറിപ്പിച്ചു കളയുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു തുല്യമായ പ്രവൃത്തി ആയിരിക്കും.

രണ്ട്. മലങ്കര സഭാ ചരിത്രം.
പള്ളിയോടു ചേർന്നു നടത്തുന്ന സ്ഥാപനം ആയതുകൊണ്ടാണല്ലോ സ്കൂളിന് പച്ച മലയാളത്തിൽ പള്ളിക്കൂടം എന്ന വിളിപ്പേര് വന്നതു തന്നെ. പാശ്ചാത്യ മിഷണറിമാരുടെ പ്രോൽസാഹനത്താലാണല്ലോ കേരളത്തിലെ ക്രൈസ്തവർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനായി മുന്നോട്ടു വന്നതും അതിന്റെ ഗുണഫലങ്ങൾ തങ്ങൾക്കും സമൂഹത്തിനാകമാനവും ലഭിക്കാൻ ഇടയാക്കിയത്. മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ രണ്ടാമൻ (ദീവന്നാസിയോസ് അഞ്ചാമൻ) ഈ രംഗത്ത് നടത്തിയ വിപ്ളവകരമായ ഇടപെടലാണ് ഏതാണ്ട് 200-ൽ അധികം വിദ്യാലയങ്ങൾ സ്ഥാപിക്കാനും ഇക്കാര്യത്തിൽ ഇതര സഭകളുടെ മുൻപന്തിയിൽ നിൽക്കുന്ന സഭയായി മലങ്കര സഭയെ മാറ്റുവാനും ഇടയാക്കിയത്. ഇതിന്റെ ഗുണം സഭയ്ക്കും സമൂഹത്തിനും ലഭിച്ചു എന്നത് നിഷേധിക്കാനാവുമോ? ഇതിന്റെ ചുവടു പിടിച്ചാണ് പ. പരുമല തിരുമേനിയും വിജാതീയർക്കായി വിദ്യാലയങ്ങൾ സ്ഥാപിച്ചത്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ പോലും ഈ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഉപോൽപന്നങ്ങളാണ്. വിദ്യാഭ്യാസത്തിലൂടെ ക്രിസ്ത്യാനികൾ നേടിയ സാമൂഹ്യ-സാമ്പത്തിക ഉന്നമനം കണ്ടിട്ടാണല്ലോ ഇതര സമുദായങ്ങളും ഇതിന്റെ ചുവടു പിടിച്ച് തങ്ങളുടെതായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ മുന്നോട്ടു വന്നത്. വിദ്യയിലൂടെ വിമോചനം നേടുക എന്ന ഉപദേശം നാരായണ ഗുരു ഈഴവർക്ക് നൽകിയതും ഈ പശ്ചാത്തലത്തിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് സഭയുടെ ജോലിയല്ല എന്ന ചിന്താഗതി പണ്ട് ഇല്ലാതിരുന്നതിനാൽ അങ്ങനെ സ്ഥാപിതമായ ഒരു കോളേജിൽ പഠിക്കുവാൻ ഈ ലേഖകനെപ്പോലെ അനേകം സഭാംഗങ്ങൾക്കു കഴിഞ്ഞു. ഇക്കാര്യത്തിൽ ദീർഘ വീക്ഷണമുണ്ടായിരുന്ന സഭാ പിതാക്കന്മാരെ ഇത്തരുണത്തിൽ നന്ദി പൂർവ്വം സ്മരിക്കുന്നു.

പ. മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഈ രംഗത്ത് നൽകിയ നേതൃത്വം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. പ. പിതാവിന്റെ ഭരണകാലത്ത് എൻജിനീയറിങ് കോളേജ് ഉൾപ്പെടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കാൻ ഇടയായി. ഈ സന്ദർഭത്തിൽ ഒരു സംഭവം ഓർമയിൽ വരുന്നു. 1993-ലാണ് ഇത് നടന്നത്. എറണാകുളം മറിയാ പാർക്കിൽ (ഈ സ്ഥാപനം ഇന്ന് നിലവിലില്ല) വച്ച് കൊച്ചി നഗരത്തിലുള്ള സഭാംഗങ്ങൾ അവരുടെ ഇടവകകളുടെ ആഭിമുഖ്യത്തിൽ ഒരു കൂടിച്ചേരൽ നടത്തി. പ. മാത്യൂസ് ദ്വിതീയൻ ബാവായുടെ അനുഗ്രഹ പ്രഭാഷണത്തിൽ തിരുമേനി പറഞ്ഞ വാക്കുകൾ ഇന്നലെയെന്നോണം ചെവിയിൽ മുഴങ്ങുന്നു: “ഇത്രയേറെ ഓർത്തഡോക്സുകാർ ഈ പട്ടണത്തിൽ ഉണ്ടായിരുന്നിട്ടും നിങ്ങൾക്ക് ഒരു കുടിപ്പള്ളിക്കൂടമെങ്കിലും സ്ഥാപിക്കണമെന്ന ചിന്ത ഉണ്ടായില്ലല്ലോ”.

മൂന്ന്. ഇതര സഭകളും സമുദായങ്ങളും
ക്രിസ്തീയ സഭകൾ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നൽകിയ ഊന്നൽ വഴി ലഭിച്ച വിവിധ തലങ്ങളിലുള്ള നേട്ടങ്ങൾ കണ്ട് ഇതര സമുദായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ. നായർ, ഈഴവ സമുദായങ്ങളും വിദ്യാലയങ്ങൾ നടത്താൻ മൽസരിച്ചു രംഗത്തിറങ്ങി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരൊറ്റ ദിവസം 13 ആർട്സ് ആന്റ് സയൻസ് കോളേജുകളാണ് വെള്ളാപ്പള്ളി നടേശന്റെ ശക്തമായ ഇടപെടലിലൂടെ നേടിയെടുത്തത്. ഇക്കാര്യത്തിൽ അദ്ദേഹം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വരച്ച വരയിൽ നിർത്തി. ഇത് പൊതു സമൂഹം കണ്ടതാണ്. കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ രംഗത്തെ സാന്നിധ്യം അവർക്ക് സർക്കാരിലും സമൂഹത്തിലും നൽകുന്ന സ്വാധീനം ചില്ലറയല്ല. ഒരു ചെറിയ ഉദാഹരണം മാത്രം എടുക്കാം. വളരെ ചെറിയ ഒരു സഭയായ മലങ്കര റീത്തുകാർ തിരുവനന്തപുരത്ത് സ്ഥാപിച്ച മാർ ഈവാനിയോസ് കോളജിലൂടെ അവർ കൈവരിച്ച നേട്ടങ്ങൾ എത്രയെന്നു കാണുക. തലസ്ഥാന നഗരിയിലെ സ്ഥാപനം എന്ന നിലയിൽ അവർക്ക് ഭരണകർത്താക്കൾക്കിടയിൽ ലഭിക്കുന്ന സ്വാധീനം ചില്ലറയല്ല. അതുവഴി കർദ്ദിനാൾ ക്ലീമിസിന് പല കാര്യങ്ങളിലും ലഭിക്കുന്ന മുൻനിര പരിഗണന പോലും ഈ കൂട്ടത്തിൽ പെടുത്താം.

ഈ രംഗത്ത് ഏറ്റവും അധികം നേട്ടങ്ങൾ ഉണ്ടാക്കീയത് മുസ്ലിം സമുദായമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോഴൊക്കെ വിദ്യാഭ്യാസ വകുപ്പ് അവർക്ക് സ്വന്തം. പുറമെ സംവരണവുമുണ്ട്. സംസ്ഥാന-കേന്ദ്ര പദ്ധതികൾ വേറെ. ഇതിന്റെയൊക്കെ ആകെത്തുക ഇന്ന് നമുക്ക് കാണാവുന്നതാണ്. സിവിൽ സർവീസ്, മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ മിക്ക പരീക്ഷകളിലും ആ സമുദായത്തിൽ നിന്നുള്ള കുട്ടികൾ ആദ്യ റാങ്കുകളിൽ ഇടം പിടിക്കുന്നു. സർക്കാർ സർവീസിലും അവർ പ്രധാന തസ്തികകൾ നേടുന്നു. ഇക്കാര്യത്തിൽ നാം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഇതിന്റെ പേരിൽ അവരോട് അസൂയപ്പെട്ടിട്ടോ അസഹിഷ്ണുത കാണിച്ചിട്ടോ കാര്യമില്ല. ആ സമുദായ നേതാക്കളും സംഘടനകളും വിദ്യാഭ്യാസത്തിന്റെ വിലയറിഞ്ഞു. അത്രമാത്രം. എന്നാൽ നമ്മളാകട്ടെ സഭ എന്തിനു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തണം എന്ന ധാർമിക പ്രശ്നം ഉന്നയിച്ച് പിന്നോക്കം പോകുന്നു.

നാല്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലവരി വാങ്ങുന്നത് മാത്രം നാം കാണുന്നു.
തലവരി വാങ്ങുന്നു, അധ്യാപകർക്ക് ശമ്പളം കുറച്ചു നൽകുന്നു ഇതൊക്കെ അധാർമിക മാണ്, അതുകൊണ്ട് നാം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുകയേ വേണ്ട എന്നു പറഞ്ഞു നാം ധാർമിക രോഷം നടിക്കുമ്പോൾ അവിടേക്ക് ഇടിച്ചു കയറാൻ നൂറു പേരുണ്ട് എന്ന കാര്യം മറക്കരുത്. വിദ്യാഭ്യാസ രംഗത്ത് മൂല്ല്യച്യുതിയുണ്ടെന്നത് ശരിയാണ്. പക്ഷേ അതു വിദ്യാഭ്യാസ രംഗത്ത് മാത്രമോ? ആത്മീയ രംഗത്തും ഇല്ലേ? അതുകൊണ്ട് ഇനി ദേവാലയങ്ങളും വൈദികരും ബിഷപ്പുമാരും വേണ്ട എന്നു പറയുമോ? ആത്മീയ രംഗത്തെ മൂല്ല്യച്യുതിയാണ് ഏറ്റവും വലിയ പാപം എന്നതല്ലേ ശരി?

അഞ്ച്. Catching them young.
ഒരു കത്തോലിക്കാ സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ അനുഭവത്തിൽ നിന്ന് ചൂണ്ടിക്കാണിക്കട്ടെ. വീട്ടിൽ പ്രാർഥനയ്ക്കിരിക്കുമ്പോൾ ഓർത്തഡോക്സ് സഭയുടെ പ്രാർത്ഥനയ്ക്കു പകരം അവന് കത്തോലിക്കരുടെ പ്രാർത്ഥനയാണ് അറിയാതെ നാക്കിൽ വരിക. സ്കൂളിലെ ചാപ്പലിൽ അതു പതിവായി കേൾക്കുന്നതിനാൽ അവൻ അതാണ് ഹൃദിസ്ഥമാക്കിയിരിക്കുന്നത്. ഓർത്തഡോക്സ് ആരാധന അവന് വഴങ്ങുന്നില്ല. കുട്ടിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ക്രമേണ അവൻ സഭയിൽ നിന്നും അകന്നു പോയാലും അത്ഭുതപ്പെടാനില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ അഡ്മിഷനുമായി പോകുമ്പോൾ സ്വസമുദായക്കാർക്ക് മുൻഗണന ലഭിക്കുന്നത് നാം നിത്യേന കാണുന്നു. അവിടങ്ങളിൽ ജോലി ലഭിക്കാനും ഇത്തരം പരിഗണനകൾ ഉണ്ട്. അഡ്മിഷൻ, ജോലി എന്നിവയ്ക്കൊക്കെ മറ്റു സമുദായക്കാരുടെ മുമ്പിൽ പോയി കൈ നീട്ടുന്നത് അഭിലഷണീയമോ എന്ന് ചിന്തിക്കേണ്ടതാണ്. ഒരു ഇതര സഭ നടത്തുന്ന സ്കൂളിൽ നമ്മുടെ സഭാംഗത്തെ തങ്ങളുടെ സഭയിൽ ചേർന്നാൽ ജോലി നൽകാം എന്ന പ്രലോഭനത്തിൽ വീഴ്ത്തി അവിടെ ജോലി നൽകിയ ചില സംഭവങ്ങൾ ഈ ലേഖകന് അറിയാം.

ഒരു കത്തോലിക്കാ സ്ഥാപനത്തിൽ നിന്നും ഉന്നത ബിരുദം നേടിയ അക്രൈസ്തവൻ സിവിൽ സർവീസ് ലഭിച്ചശേഷം കേരളത്തിൽ നിയമിതനായി വന്നു. ആ സഭയുമായി ബന്ധപ്പെട്ട പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ ഇടയായ ഉദ്യോഗസ്ഥൻ ഉടനീളം അവർക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുകയുണ്ടായി. ഒരു സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞത്, പഠനകാലത്ത് ആ കോളജ് നടത്തുന്ന സഭയെ ആഴമായി മനസ്സിലാക്കാൻ തനിക്ക് കഴിഞ്ഞു എന്നും അതുകൊണ്ട് ആ സഭയെ സഹായിക്കുന്ന നിലപാടു സ്വീകരിക്കുക എന്നത് തന്റെ ഒരു കടപ്പാടിന്റെ വിഷയം കൂടിയാണ് എന്നുമാണ്. മലങ്കര സഭയിലെ തർക്ക വിഷയങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ പലപ്പോഴും നമുക്ക് അനുകൂല സമീപനം ലഭിക്കാത്തതിനു പിന്നിൽ ഇങ്ങനെയൊക്കെയുള്ള കാരണങ്ങൾ കൂടി ഉണ്ടെന്നുള്ളത് ഉൾക്കൊള്ളാൻ നാം തയ്യാറാകണം. പ. കാതോലിക്കാ ബാവായോട് സഭാ ഭരണഘടനയുടെ ഒറിജിനലുമായി തന്റെ മുന്നിൽ ഹാജരാവാൻ നോട്ടീസ് നൽകിയ ചീഫ് സെക്രട്ടറിയെ ഇവിടെ നമുക്ക് ഓർക്കാവുന്നതാണ്. സഭയെ അടുത്തറിയാനും goodwill സൃഷ്ടിച്ച് അതു നിലനിർത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കാരണമാകാറുണ്ട്. ഇതിനെ ലഘൂകരിച്ചു കാണുന്നത് ഭൂഷണമല്ല.

രാഷ്ട്രീയ രംഗത്തും ഓർത്തഡോക്സ് സഭ പിൻതള്ളപ്പെടുന്നു. ഒരു കാലത്ത് സഭാംഗങ്ങൾ സംസ്ഥാന-കേന്ദ്ര തലങ്ങളിൽ രാഷ്ട്രീയത്തിലും ഭരണത്തിലും അസൂയാവഹമായ സ്വാധീനം ചെലുത്തിയിരുന്നു. ഇന്ന് സ്ഥിതി എന്താണ്? സഭയ്ക്ക് അനുകൂലമായ സുശക്തമായ ഒരു സുപ്രീം കോടതി വിധി ലഭിച്ചിട്ടു പോലും നമ്മോടൊപ്പം നിൽക്കുന്ന എത്ര രാഷ്ട്രീയക്കാരുണ്ട്? രാഷ്ട്രീയ പിൻബലം ഇല്ലാത്തതു കൊണ്ട് മാത്രമാണ് ആ വിധി ഇന്നും പൂർണ്ണമായി നടപ്പാക്കി കിട്ടാത്തത് എന്ന സത്യം നാം തിരിച്ചറിയണം. വിദ്യാഭ്യാസ – രാഷട്രീയ – സാമൂഹ്യ രംഗങ്ങളിൽ നാം പിന്നോട്ടടിക്കുന്നതിന്റെ കാരണങ്ങൾ പരിശോധിക്കേണ്ടതല്ലേ?

ആറ്. മലങ്കര സഭ വഴി കാട്ടും, പിന്നീട് ഉൾവലിയും.
ഒരു പക്ഷെ കേരളത്തിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്റർ ആരംഭിച്ച ആദ്യ സമുദായം മലങ്കര സഭ തന്നെ ആയിരിക്കും. തിരുവനന്തപുരത്ത് സഭ ആരംഭിച്ച ആ കേന്ദ്രം ആദ്യ വർഷങ്ങളിൽ അസൂയാവഹമായ നേട്ടം കൈവരിച്ചു. സഭാംഗവും മുൻ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുമായിരുന്ന കെ. കെ കൊച്ചുകോശി IAS ആയിരുന്നു അന്ന് അതിന് ചുക്കാൻ പിടിച്ചത്. എന്തുകൊണ്ടോ കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ സഭയ്ക്ക് ഇതിലൊക്കെ താല്പര്യം കുറഞ്ഞു. ഇതിലൊന്നും വലിയ കാര്യമില്ല എന്ന മനോഭാവമാണ് ഇതിനു പിന്നിൽ. ഇപ്പോൾ അത് MGOCSM-ന്റെ കയ്യിലാണെന്നറിയുന്നു. അതിന്റെ നടത്തിപ്പ് ആർക്കോ ഔട്ട്സോഴ്സിങ് ചെയ്തിരിക്കുകയാണ് എന്നാണ് ഒരു സമാജത്തിൽ നിന്നും കേൾക്കാൻ ഇടയായത്. സഭാംഗങ്ങൾ കൂടുതലായി ഉദ്യോഗസ്ഥ തലപ്പത്തും താക്കോൽ സ്ഥാനങ്ങളിലും വരണം എന്ന കാഴ്ചപ്പാടിന് ഇടിവു തട്ടി എന്ന് അനുമാനിക്കാം. ഏതായാലും, ഈ കേന്ദ്രത്തിന്റെ ആദ്യകാല നേട്ടങ്ങൾ കണ്ടിട്ടാവണം ഇന്ന് കത്തോലിക്കാ സഭയും എസ്.എൻ.ഡി.പി. പോലുള്ള സമുദായങ്ങളും സിവിൽ സർവീസ് കോച്ചിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നു. വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് സെമിനാറുകൾ സംഘടിപ്പിച്ച് നമുക്ക് സായൂജ്യം അടയാം.

ഏഴ്. ചാരിറ്റി, ചാരിറ്റി, ചാരിറ്റി
ജീവകാരുണ്യ പ്രവർത്തനം സഭയുടെ ഒരു വലിയ ദൗത്യമാണ് എന്നതിൽ ഒരു തർക്കവുമില്ല. അത് അനസ്യൂതം തുടരുകയും വേണം. എന്നാൽ ഏതൊക്കെ രീതിയിൽ ഇതു നടത്താനാവും എന്നത് ഇക്കാലത്ത് ആലോചിക്കേണ്ട വിഷയമാണ്. ഒരു ദരിദ്ര കുടുംബത്തിന് എല്ലാ മാസവും ഭക്ഷണ കിറ്റും മറ്റും നൽകി സഹായിക്കുന്നത് ഒരു രീതി. പല സംഘടനകൾക്കും വ്യക്തികൾക്കും ഇത്തരം സഹായം നൽകാനാണ് കൂടുതൽ താല്പര്യം. അതിലൂടെയുള്ള പബ്ലിസിറ്റി ഒരു കാരണമാണ്. (പബ്ലിസിറ്റി ആഗ്രഹിക്കാത്തവരുമുണ്ട്- പക്ഷേ ഒരു ന്യൂനപക്ഷം). എന്നാൽ വേറൊരു രീതി അവലംബിച്ചാലോ? ഉദാഹരണത്തിന്, ആ കുടുംബത്തിലെ ഒരാൾക്ക് ഒരു ജോലി (ചെറുതോ, വലുതോ, യോഗ്യതയനുസരിച്ചോ) നൽകുകയോ അല്ലെങ്കിൽ അയാളെ അതിന് പ്രാപ്തനാക്കുകയോ ചെയ്തും സഹായിക്കാമല്ലോ. കിറ്റ് (kit) സംസ്കാരം മനുഷ്യന്റെ ആത്മാഭിമാനം ഉയർത്തുന്നില്ല. എന്നാൽ സ്വന്തം അധ്വാനത്തിലൂടെ ഒരാൾ ജീവിക്കാൻ പഠിച്ചാൽ അയാളുടെ ആത്മാഭിമാനം ഉയരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തി ഇവിടെയാണ്. വിദ്യയോ ജോലിയോ നൽകാം. അല്ലെങ്കിൽ സ്വന്തം തൊഴിൽ കണ്ടെത്താൻ പ്രാപ്തനാക്കാം.

ഈ പശ്ചാത്തലത്തിൽ ഒരു സംഭവം ഓർമ വരുന്നു. കത്തോലിക്കാ സഭ ബുദ്ധി പരിമിത കുട്ടികൾക്കായി നടത്തുന്ന ഒരു കേന്ദ്രം സന്ദർശിച്ചപ്പോൾ കണ്ടത് വേറിട്ട ഒരു കാഴ്ചയായിരുന്നു. പരിമിതമായ അവരുടെ ബുദ്ധിയും കഴിവും അനുസരിച്ച് അവർ പണി ചെയ്യുന്നു. ഗുണമേന്മയുള്ള പല വസ്തുക്കളും അവർ നിർമിക്കുന്നു. അവർ അതിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നു. മറിച്ച് വ്യാജ അനുകമ്പയുടെ പേരിൽ അവരെ വെറുതെയിരുത്തി, മടിയരാക്കി, ഭക്ഷണം മാത്രം നൽകുന്നതിൽ എന്തു ചാരിറ്റിയാണുള്ളത്? മൃഗശാലയിലെ ജീവികൾക്കു നൽകുന്ന പരിഗണനയും ഇത്തരത്തിലുള്ളതല്ലേ?

അതുകൊണ്ട്, ചാരിറ്റി എന്ന വാക്കിന് ഒരു പുനർവായന വേണം. അതിനെ ശരിയായ രീതിയിൽ കാണണം. അടിയന്തര സാഹചര്യത്തിൽ ഒരാളെ സഹായിക്കാൻ നമുക്ക് ബാധ്യതയുണ്ട്. അത് സഭയുടെ ദൗത്യങ്ങളിൽ ഒന്നാണ്. അതേസമയം തന്നെ സ്ഥായിയായ സഹായം എന്നത് കിറ്റ് സംസ്കാരം നിലനിർത്തുന്നതിലല്ല, വ്യക്തിയെ അതിൽ നിന്ന് മോചിപ്പിച്ച് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാക്കുന്നതിലാണ്.

ഉപസംഹാരം
നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടൊഴിയുകയല്ല വേണ്ടത്. മറിച്ച് അവ നല്ല രീതിയിൽ നടത്തുകയും പുതിയ മേഖലകളിലേക്ക് ശ്രദ്ധ ചെലുത്തുകയുമാണ് നാം ചെയ്യേണ്ടത്. നമ്മുടെ എത്രയോ പെൺകുട്ടികൾ നഴ്സിംഗ് രംഗത്ത് ജോലിചെയ്യുന്നു. അവർക്കായി നഴ്സിംഗ് സ്കൂൾ/കോളജുകൾ സ്ഥാപിക്കാനാകും. ഒരു ലോ കോളേജ് ആരംഭിക്കുന്ന കാര്യവും പ്രത്യേക പരിഗണന അർഹിക്കുന്നു. ചില സമുദായങ്ങൾ അവ സ്ഥാപിച്ചു കഴിഞ്ഞു. കണ്ണുണ്ടായാൽ പോരാ കാണുകയും വേണമല്ലോ.

പി.വി.മാത്യു.
(ലേഖകൻ ജോർജിയൻ മിറർ ത്രൈമാസികയുടെ മാനേജിങ് എഡിറ്റർ ആണ്. കൊച്ചി പാലാരിവട്ടം സെ. ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗം. ഫോൺ: 9809599123)