OVS - Latest NewsOVS-Exclusive News

സാമൂഹ്യ ക്ഷേമത്തിലൂന്നി ഓര്‍ത്തഡോക്‌സ് സഭ ബജറ്റ്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തേയ്ക്ക് (2018-19 സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ അവതരിപ്പിച്ച 560 കോടിയുടെ ബജറ്റിനോട് സഭാ മക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുകയാണ്. സാമൂഹ്യ ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കി രൂപീകരിച്ച വിവിധ പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. ബജറ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ഓ.വി.എസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കുന്നു. ജമ്മു കാശ്മീരില്‍ വീരമൃത്യൂ വരിച്ച മാവേലിക്കര ഭദ്രാസനത്തിലെ പുന്നമൂട് മാര്‍ ഗ്രീഗോറോയോസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം ലാന്‍സ് നായിക് സാം എബ്രഹമിന് അദേഹത്തിന്റെ ധീര ദേശാഭിമാനത്തോടുള്ള ആദരസൂചികമായി ആ കുടുംബത്തിനു ചെറിയ സ്മരണാഞ്ജലിയായി അഞ്ചു ലക്ഷം രൂപ രണ്ടു കുഞ്ഞുങ്ങളുടെ പേരിലും ഫിക്സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ -വിദ്യാഭ്യാസ സാഹായങ്ങള്‍ക്ക് 10 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി വര്‍ദ്ധിപ്പിച്ചു. സണ്‍‌ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യസത്തിനായി സഹായം 15 ലക്ഷമാക്കി ഉയര്‍ത്തി. ഓഖി ദുരന്തം മൂലം കഷ്ടപ്പെടുന്ന തീരദേശ വാസികള്‍ക്ക് 5 ലക്ഷം രൂപ മിഷന്‍ ബോര്‍ഡുമായി സഹകരിച്ചു വിതരണം ചെയ്യും. അട്ടപ്പാടിയിലെ ഗിരി വര്‍ഗ്ഗ വിദ്യാര്‍ത്ഥികളളുടെ വിദ്യാഭ്യാസത്തിനായി നടത്തപ്പെടുന്ന പദ്ധതിക്ക് 2 ലക്ഷം കൂടി അനുവദിച്ചു. ഡയാലിസിസ് – കരള്‍ മാറ്റിവെക്കല്‍ പദ്ധതിക്ക് 30 ലക്ഷം രൂപ. ശുശ്രൂഷകരുടെയും പള്ളി സൂക്ഷിപ്പുകാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് – പെന്‍ഷന്‍ എന്നിവയ്ക്ക് 13 ലക്ഷം വകയിരുത്തി. സഭയിലെ അര്‍ഹരായ വിധവകള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിനു ആദ്യ ഘട്ടമായി 25 ലക്ഷം രൂപ. ഭവന നിര്‍മ്മാണ സഹായ പദ്ധതിക്ക് 35 ലക്ഷം.വിവാഹ സഹായം 35.10 ലക്ഷം. നാച്ചുറല്‍ കലാമിറ്റി അസിസ്റ്റന്‍സ് ഫണ്ട്‌ 15.5 ലക്ഷം. സ്വയം സകരണ സംഘം 10.7 ലക്ഷവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

വൈദീകരുടെ കുടുംബങ്ങളെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം വിപുലീകരിച്ച വൈദീക മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2018 ഫെബ്രുവരി 8 വരെ 107 ക്ലയിമുകളില്‍ 45,34,242 രൂപയുടെ ആനുകൂല്യങ്ങള്‍ വൈദീകര്‍ക്കും കുടുംബങ്ങള്‍ക്കും ലഭിച്ചു. ഈ വര്‍ഷം സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് ഓഫീസിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തി ആകെ 77 ലക്ഷം രൂപ വകയിരുത്തി.കാതോലിക്കേറ്റ് അരമന ചാപ്പലിന്റെ നവീകരണത്തിനായി കഴിഞ്ഞ വര്‍ഷത്തെ 50 ലക്ഷത്തിനു പുറമേ 50 ലക്ഷം രൂപയും വകക്കൊള്ളിച്ചിട്ടുണ്ട്. പരുമല കാന്‍സര്‍ സെന്ററിന് 50 ലക്ഷം.

പിതാക്കന്മാരുടെ രചനകളുടെ പുനപ്രസിദ്ധീകരണത്തിനായി ആവിഷ്കരിച്ച “സഭാസാഹീതീസരണി” പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ലക്ഷം രൂപ. മലങ്കര അസോസിയേഷന്‍ സ്ഥിരം ഫണ്ടായി കഴിഞ്ഞ വര്‍ഷം വകയിരുത്തിയ 20 ലക്ഷത്തിനോടൊപ്പം 30 ലക്ഷം രൂപ കൂടി ജനറല്‍ അക്കൗണ്ടില്‍ വകയിരുത്തി. പരുമലയില്‍ സ്ഥാപിക്കുന്ന ലോ കോളേജിനു പ്രാരംഭ ചിലവുകള്‍ക്ക് `1 കോടി. കോട്ടയം എം ഡി കൊമേര്‍സ്യല്‍ സെന്ററിന്റെ മൂന്നാംഘട്ട വികസനത്തിന് 2 കോടി. കാതോലിക്ക ദിനപ്പിരിവ് ധന സമാഹരണത്തില്‍ നിന്ന് 10 കോടി പ്രതീക്ഷിക്കുന്നു. ഇതില്‍ നിന്ന് ഇരു സെമിനാരികള്‍ക്കും 5 ലക്ഷം വീതം, വൈദീക സംഘത്തിനു 1 ലക്ഷം, അവികസിത പള്ളികള്‍ക്ക് ഗ്രാന്റ് 20 ലക്ഷം, പാഴ്സനേജു നിര്‍മ്മാണ സഹായം 20 ലക്ഷം, അവികിസിത ചാപ്പലുകള്‍ക്കും കാതോലിക്കേറ്റ് സെന്‍ററുകള്‍ക്കും 5 ലക്ഷം , വൈദീകരുടെ ശബള സബ്സീഡിക്കായി 70 ലക്ഷം രൂപ. വൈദീക ക്ഷേമ നിധി 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.