OVS - Latest NewsOVS-Kerala News

ആരാധനാലയങ്ങൾ അക്രമത്തിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമം നടക്കില്ല: കാതോലിക്കാ ബാവാ

കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഉടമസ്ഥതയിലുള്ള ആരാധനാലയങ്ങളും സ്ഥാപനങ്ങളും സംഘടിത അക്രമത്തിലൂടെ പിടിച്ചെടുക്കാനുള്ള നീക്കം വിലപ്പോവില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശാലേം സെന്‍റ് മേരീസ് പള്ളിയിൽ പെരുന്നാളിൽ പങ്കെടുക്കാൻ എത്തിയ സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തടയുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്ത യാക്കോബായ സഭാംഗങ്ങൾക്ക് ഒത്താശ ചെയ്ത പൊലീസ് അധികൃതരുടെ സമീപനം പ്രതിഷേധാർഹമാണ്. ജനാധിപത്യ സംവിധാനത്തിന്‍റെ അടിത്തറയായ നീതിന്യായ കോടതികളുടെ വ്യക്തമായ വിധികൾ അവഗണിച്ച് മനഃപൂർവം സംഘർഷം സൃഷ്ടിച്ച് പള്ളികൾ പൂട്ടിക്കാനുള്ള ശ്രമം മലങ്കരസഭ ചെറുത്തു തോൽപ്പിക്കും.

ഭാരതത്തിന്‍റെ ജനാധിപത്യ വ്യവസ്ഥിതിയെ ബഹുമാനിക്കുന്നവർ നീതിന്യായ കോടതികളുടെ വിധിന്യായങ്ങളെ അംഗീകരിക്കണം. അനധികൃതമായ സമാന്തര സംവിധാനത്തിലൂടെ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തിന് തീരാക്കളങ്കം സൃഷ്ടിക്കുമെന്നും കാതോലിക്കാ ബാവാ പറഞ്ഞു. നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നിഷ്പക്ഷ നടപടി സർക്കാർ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മലങ്കര സഭ അസ്സോസിയേഷൻ സെക്രട്ടറിയെ വഴി തടഞ്ഞത് പൗരാവകാശ ലംഘനവും ഭീരുത്വവും.