OVS - Latest NewsOVS-Exclusive NewsOVS-Kerala News

കണ്ടനാട് സെൻറ് . മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ മലങ്കര സഭയ്ക്ക് സ്വന്തം.

ജൂലായ് 3 2017 ലെ വിധി ബാധകമാക്കി സുപ്രീം കോടതി.

ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ പ്രമുഖ പള്ളികളിൽ ഒന്നും ഒരുകാലത്ത് മലങ്കര മെത്രാപ്പോലീത്താ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്നതുമായ കണ്ടനാട് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നില നിന്നിരുന്ന സമാന്തര ആരാധന മലങ്കര ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടന അനുസരിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ നിയമിക്കുന്ന വൈദികരാൽ നടത്തപ്പെടണം എന്ന ആവശ്യം സുപ്രീം കോടതിയുടെ ഇന്നത്തെ ഉത്തരവോടുകൂടി യാഥാർത്ഥ്യമായി.

യാക്കോബായ വിഭാഗത്തിന് നിരോധനം ഏർപെടുത്തണമെന്ന ആവശ്യവുമായി ബഹു. കേരളാ ഹൈക്കോടതിയെ സമീപിച്ചെങ്കിലും എതിർ വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചു സമാന്തര സംവിധാനം തുടർന്നു പോകുന്നതിനുള്ള ഇടക്കാല ഉത്തരവ് ഉണ്ടായതിനെ തുടർന്നാണ് കണ്ടനാട് കത്തീഡ്രൽ വികാരി സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടെ കുത്സിത മാർഗത്തിലൂടെ പള്ളി ഭരണം പിടിക്കാൻ 1974 -ൽ അന്നത്തെ ഇടവക മെത്രാപ്പോലീത്ത ആയിരുന്ന പൗലോസ് മാർ പീലക്സീനോസ് (യാക്കോബായ വിഭാഗത്തിന്റെ പ്രഥമ ശ്രേഷ്ഠ കാതോലിക്ക) തുടങ്ങി വെച്ച വിഘടിത ശ്രെമങ്ങൾക്ക് വിരാമമായി.

കണ്ടനാട് പള്ളിയിൽ നിലവിലുണ്ടായിരുന്ന രണ്ടു ഓർത്തഡോക്സ് പുരോഹിതരിൽ ഒരാളെ നീക്കി പകരം യാക്കോബായ വിഭാത്തിന്റെ ചൊൽപടിയിൽ നിൽക്കുന്ന ഒരു പുരോഹിതനെ നിയമിച്ചാണ് ഇവിടെ യോജിപ്പിന് ശേഷം വിഭാഗീയത അരംഭിച്ചത്. റെവ. ഫാ. ജോർജ് കട്ടക്കയം അച്ചനെ സ്ഥലം മാറ്റി പകരം റെവ. ഫാ. K.P Peter കൈപ്പിള്ളിക്കുഴിയെ നിയമിച്ചതോടെ ഉടലെടുത്ത വിഭാഗീയതയ്ക്കാണ് ഇന്നത്തെ വിധിയോടെ അറുതി വന്നത്.

OS 21/2013 Ernakulam ജില്ലാ കോടതി തള്ളിയതിനെ തുടർന്ന് തൽസ്ഥിതി തുടരവെയാണ് ഹൈകോടതിയിൽ ഓർത്തഡോക്സ് സഭയുടെ വികാരി വെരി. റെവ. ഐസക് മട്ടമ്മേൽ കൊറെപ്പിസ്കോപ്പ വാദിയയി RFA 110/2019 ഫയൽ ചെയ്തത്. ഇതിൽ കൊടുത്ത injunction petition IA 1/2019 -ലാണ് യാക്കോബായ വിഭാഗത്തിന് സമാന്തരമായി പോകുന്നത് തുടർന്ന് പോകാൻ 2019 ജൂൺ 28-ന് ഉത്തരവായത്. എന്നാൽ ഈ ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമായതുകൊണ്ടും മലങ്കര സഭയ്ക്ക് നീതി ലഭിച്ചില്ല എന്നതുകൊണ്ടുമാണ് വികാരി സുപ്രീംകോടതിയെ സമീപിച്ചത്. ഇന്നത്തെ ഉത്തരവോടുകൂടി കണ്ടനാട് പള്ളിയിലെ ഒന്നിടവിട്ട തവണ വ്യവസ്ഥ അവസാനിച്ചു ഓർത്തഡോക്സ് സഭാ വൈദീകർക്ക് മാത്രം ശുശ്രൂഷ നടത്തുവാൻ സാധിക്കുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്.

ദീർഘ കാലം ഇടവകയെ സത്യവിശ്വാസത്തിൽ വഴി നടത്തിയ ദിവംഗതനായ മട്ടമ്മേൽ ജോർജ്ജ് അച്ചനെയും അദ്ദേഹത്തെ നിർലോഭം കൈപിടിച്ച് നടത്തിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായോടും ഈ ഇടവക എന്നും കടപ്പെട്ടിരിക്കുന്നു. കേസിൽ പെട്ട് ഉഴറിയ ഇടവകയെ എന്നും കരുതിയിരുന്ന ഇടവക മെത്രാപ്പോലീത്ത ആയിരുന്ന അഭി.ജോസഫ് മാർ പക്കോമിയോസ് തിരുമേനിയെയും ഇടവകയുടെ ഇന്നത്തെ വളർച്ചയ്ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ഇപ്പോഴത്തെ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ മാത്യൂസ് മാർ സേവേറിയോസ് തിരുമനസ്സിനോടും ഇടവക കൃതജ്ഞത ഉള്ളവരാണ്. ഇപ്പോഴത്തെ വികാരി വന്ദ്യ ഐസക്ക് മട്ടമ്മേൽ കോറെപ്പിസ്കോപ്പാ അച്ചനും സഹ വികാരി റവ.ഫാ.ജിത്തു മാത്യു അച്ചനുമാണ് ഇടവകയെ നയിക്കുന്നത്.

അനേകം ചരിത്ര സംഭവങ്ങൾക്കും വേദിയായിട്ടുള്ള കണ്ടനാട് പള്ളിയിൽ താമസിച്ചു മലങ്കര മെത്രാപ്പോലീത്താമാരായരുന്ന മാർത്തോമ്മാ മെത്രാപ്പൊലീത്താമാർ സഭാ ഭരണം നിർവഹിച്ചു പോന്നിരുന്നതാണ്. കായംകുളം ഫീലിപ്പോസ് റമ്പാന്റെ നേതൃത്വത്തിൽ ഈ പള്ളിയിൽ താമസിച്ചാണ് ബൈബിളിലെ സുവിശേഷങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്. കണ്ടനാട് പടിയോലയും പ്രസിദ്ധമാണല്ലോ. നാലാം മാർത്തോമ്മായുടേയും ശക്രള്ളാ മഫ്റിയാനയുടേയും കബറിടങ്ങളും ഈ പള്ളിയുടെ മദ്ബഹായുടെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നു.

സീനിയർ അഡ്വ. കൃഷ്ണൻ വേണുഗോപാലും ഇ. എം. സദറുൾ അനാമും ഓർത്തഡോക്സ്‌ സഭയ്ക്ക് വേണ്ടി ഹാജരായി.

ഓ.വി.എസ് ന്യൂസ് ഡെസ്ക്

മലങ്കര സഭയിലെ കക്ഷി പിരിച്ചിലും കണ്ടനാട് പള്ളിയും – ചില ഓർമ്മക്കുറിപ്പുകൾ