മലങ്കര സഭയുടെ സ്വയം ശീര്‍ഷകത്തിന്‍റെ പ്രഥമ സാക്ഷി
അബ്‌ദേദ് മശിഹാ പാത്രിയര്‍ക്കീസ് ബാവാ മലങ്കര സഭയില്‍ കാതോലിക്കേറ്റു സ്ഥാപിച്ചു പ്രഖ്യാപിച്ചത് 1912 സെപ്റ്റംബര്‍ 15-ാം തീയതിയാണ്. അദ്ദേഹം 17 -09- 1912 -ല്‍ പുറപ്പെടുവിച്ച ഒന്നാം കല്പനയില്‍ കാതോലിക്ക മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ ശ്ലൈഹിക സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നതാണെന്നും മെത്രാപ്പോലീത്താമാരെ വാഴിക്കുവാനും മൂറോന്‍ കൂദാശ ചെയ്യുന്നതിനും തുടങ്ങി സഭയ്ക്കാവശ്യമുള്ള എല്ലാ ആത്മീയാവശ്യങ്ങളും നിര്‍വഹിക്കുവാനുള്ള അധികാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെപ്പോലെ മലങ്കരസഭയില്‍ കാതോലിക്കായ്ക്ക് ഉണ്ടായിരിക്കുന്നതാണെന്നും രേഖപ്പെടുത്തി. തുടര്‍ന്ന് 19 -02 -1913 -ല്‍ അദ്ദേഹം തന്നെ പുറപ്പെടുവിച്ച രണ്ടാം കല്പനയില്‍ മലങ്കരസഭയില്‍ ഒരു കാതോലിക്ക കാലം ചെയ്തു കഴിയുമ്പോള്‍ സഭ്ക്കുവേണ്ടി പുതിയ കാതോലിക്കായെ വാഴിക്കുവാനുള്ള അധികാരവും അവകാശവും മലങ്കരസഭയിലെ മെത്രാപ്പോലീത്തന്മാരില്‍ നിക്ഷിപ്തമാണെന്ന് പ്രഖ്യാപിച്ചു.
ഈ രണ്ടു കല്പനകളുമാണ് മലങ്കരസഭയുടെ സ്വയം ശീര്‍ഷകത്വത്തിന്‍റെ (Autocephaly) അടിസ്ഥാനരേഖ. ഇതിന്‍റെ അടിസ്ഥാനത്തില്‍ അബ്‌ദേദുമശിഹായാല്‍ 1912-ല്‍ സ്ഥാനാരോഹണം ചെയ്യപ്പെട്ട ഒന്നാം കാതോലിക്ക ബസേലിയോസ് പൗലൂസ് പ്രഥമന്‍ ബാവാ കാലം ചെയ്തശേഷം 1925 ഏപ്രില്‍ 30 -ന് വാകത്താനം കാരുചിറ ഗീവറുഗീസ് മാര്‍ പീലക്‌സിനോസിനെ ബസേലിയോസ് ഗീവറുഗീസ് പ്രഥമന്‍ എന്നപേരില്‍ മലങ്കര മെത്രാപ്പോലീത്ത ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ്, ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ്, യുയാക്കിം മാര്‍ ഈവാനിയോസ് എന്നിവരടങ്ങുന്ന മലങ്കരസഭാ സുന്നഹദോസിനാല്‍ മലങ്കര സഭയുടെ രണ്ടാം കാതോലിക്ക ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. അപ്രകാരം മലങ്കരസഭയുടെ സ്വയം ശീര്‍ഷക സ്ഥാനത്തിന്‍റെ ആദ്യസാക്ഷിയായി രണ്ടാം കാതോലിക്ക അറിയപ്പെടുന്നു. അന്ത്യോഖ്യ പാത്രിയര്‍ക്കീസന്മാര്‍ ഇത് അംഗീകരിച്ചില്ല.
1928 ഡിസംബര്‍ 17-ന് രണ്ടാം കാതോലിക്ക കാലം ചെയ്തതിനെ തുടര്‍ന്ന് 1929 ഫെബ്രുവരി 15-ന് മാര്‍ ഏലിയാ ചാപ്പലില്‍ വച്ച് വട്ടശ്ശേരില്‍ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മലങ്കരസഭാ സുന്നഹദോസിനാല്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് മൂന്നാം കാതോലിക്ക ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തെ വെറും വൃദ്ധന്‍ പുന്നീസ് എന്ന് യാക്കോബായ വിഭാഗം ആക്ഷേപിച്ചു. എന്നാല്‍ 1958 ഡിസംബര്‍ 9-ാം തീയതി അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ ബാവാ സമാധാന കല്പനമൂലം ഗീവറുഗീസ് ദ്വിതീയന്‍ ബാവായെ മലങ്കരസഭയുടെ കാതോലിക്ക ആയി അംഗീകരിച്ചു. ഇപ്രകാരം മലങ്കരസഭയുടെ സുന്നഹദോസ് തെരഞ്ഞെടുത്തു വാഴിച്ച രണ്ടും മൂന്നും കാതോലിക്കാമാരെ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് അംഗീകരിച്ചതുവഴി മലങ്കരസഭയുടെ സ്വയം ശീര്‍ഷകത്വവും അവര്‍ അപ്പാടെ അംഗീകരിക്കേണ്ടിവന്നു. ആയതിനാല്‍ 1958, 1995 എന്നീ സുപ്രീം കോടതി വിധികളില്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസിന് മലങ്കരസഭയിന്മേലുള്ള ആത്മീയ അധികാരം ശൂന്യബിന്ദുവില്‍ എത്തിയെന്ന് ആവര്‍ത്തിച്ചു തീര്‍പ്പുകല്‍പ്പിച്ചു.
ഈ സ്വയം ശീര്‍ഷകത്വം ആവിഷ്‌ക്കരിച്ചുകൊണ്ട് രണ്ടാം കാതോലിക്ക 1925-ല്‍ തന്നെ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിന്‍റെയും യുയാക്കീം മാര്‍ ഈവാനിയോസിന്‍റെയും സഹകരണത്തില്‍ ബഥനിയിലെ ഫാ. പി. റ്റി. ഗീവറുഗീസിനെ മാര്‍ ഈവാനിയോസ് എന്ന നാമത്തില്‍ മെത്രാനായി വാഴിച്ചു. മാത്രമല്ല മലങ്കരസഭയില്‍ ഇദംപ്രഥമമായി ഒരു സഭാപഞ്ചാംഗം രൂപപ്പെടുത്തുവാനും അത് മലങ്കരസഭയുടെ ഒരു വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്ന നിലയില്‍ പ്രസിദ്ധീകരിക്കാനും രണ്ടാം കാതോലിക്ക ശ്രദ്ധിച്ചു. മാര്‍ത്തോമ്മാ ഒന്നാമന്‍ മുതലുള്ള മലങ്കരസഭാ സാരഥികളുടെയെല്ലാം വിവരണങ്ങള്‍ ഉള്ള പട്ടികതന്നെ അതില്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസരംഗത്തും ആത്മീയ കാര്യരംഗങ്ങളിലും ഭരണപരമായ കാര്യങ്ങളിലും മലങ്കരസഭയുടെ സ്വയംശീര്‍ഷകത്വം സാംശീകരിക്കുന്നതിനുവേണ്ടി തനതായ ശൈലികള്‍ രണ്ടാം കാതോലിക്ക കൈക്കൊണ്ടു പ്രവര്‍ത്തിച്ചു. പുതിയ മാനേജിംഗ് കമ്മറ്റിയും മലങ്കരസഭയുടെ സുവിശേഷീകരണ ദൗത്യത്തിനായി ഒരു സുവിശേഷ സംഘവും അനേകം സണ്ടേസ്‌കൂളുകളും അദ്ദേഹം വേണ്ട ശുഷ്‌ക്കാന്തിയോടെ പ്രവര്‍ത്തിച്ചു.
പ്രാദേശിക സഭകള്‍ പരസ്പരം സ്വയംശീര്‍ഷകത്വം അംഗീകരിക്കുവാന്‍ മടിക്കുന്നത് വേദപുസ്തകപരമായും സഭയുടെ ആദ്യകാല സാര്‍വ്വത്രിക സുന്നഹദോസുകളുടെ കാനോനാകള്‍ക്കും എതിരാണ്. മറ്റുള്ളവരുടെ സ്ഥാനങ്ങളും മഹിമകളും അംഗീകരിക്കുവാന്‍ കഴിയാതിരിക്കുന്ന ആത്മീയ പാപ്പരത്വത്തില്‍ നിന്നും സഭകള്‍ വിമുക്തമാകണം ഈ മൂന്നാം സഹസ്രാബ്ദത്തിലെങ്കിലും. പത്താം നൂറ്റാണ്ടില്‍ (ഏ.ഡി. 988) ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിലെ മിഷനറിമാരുടെ പ്രവര്‍ത്തനത്താല്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ച റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ 15-ാം നൂറ്റാണ്ടുമുതല്‍ (1448) സ്വയം ശീര്‍ഷകത്വമുള്ള ഒരു സഭയായിത്തീര്‍ന്നു.16-ാം നൂറ്റാണ്ടില്‍ (1589) ബൈസന്റിയന്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സ്വയം ശീര്‍ഷകത്വം അംഗീകരിച്ചു മാതൃകകാട്ടി. മാത്രമല്ല ഒന്നാം നൂറ്റാണ്ടുമുതല്‍ ക്രിസ്ത്യാനികളാവുകയും നാലാം നൂറ്റാണ്ടു മുതല്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണസീമയില്‍ ഉള്‍പ്പെട്ടിരുന്നതുമായ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയെ 1959 മുതല്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ സ്വയശീര്‍ഷക സഭയായി പ്രഖ്യാപിച്ചു എന്ന സത്യവും വിസ്മരിക്കാവുന്നതല്ല. എങ്കില്‍ പിന്നെ ഏ.ഡി. 52 -ല്‍ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കരസഭ 19-ാം നൂറ്റാണ്ടുമുതല്‍ അന്ത്യോഖ്യന്‍ സഭയുടെ ഭരണത്തിലായിരുന്നെങ്കിലും 1912 -ല്‍ മലങ്കരസഭയ്ക്ക് ഒരു അന്ത്യോഖ്യ പാത്രിയര്‍ക്കസു തന്നെ നല്‍കിയ സ്വയശീര്‍ഷകത്വത്തെ അംഗീകരിക്കുവാന്‍ തുടര്‍ന്നുവന്ന അന്ത്യോഖ്യ പാത്രിയര്‍ക്കീസന്മാര്‍ തയ്യാറാകാതിരിക്കുന്നത് എന്തുകൊണ്ട്? 2017 ജൂലൈ 3 -ന് ഉണ്ടായ ഇന്ത്യയിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അന്ത്യോഖ്യയിലെ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സ്വയം ശീര്‍ഷകത്വം അംഗീകരിക്കുവാനുള്ള വിശാലമനസ്‌കത കാണിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം.
ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത