OVS - Latest NewsOVS-Kerala News

അനുഗ്രഹം തേടി അടുപ്പുട്ടി പെരുന്നാളിന് ആയിരങ്ങൾ

കുന്നംകുളം : വിശ്വാസവും ആഘോഷവും സമന്വയിച്ച അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ നാടിന്റെ സ്നേഹ സംഗമ വേദിയായി. രണ്ടു ദിവസങ്ങളിലായി നടത്തിയ മാർ ഓസിയോ താപസന്റെ ഓർമപ്പെരുന്നാളിന് ആയിരങ്ങളാണ് അനുഗ്രഹം തേടിയെത്തിയത്.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിലായിരുന്നു പെരുന്നാൾ ശുശ്രൂഷകൾ. പെലക്കാട്ടുപയ്യൂർ, പുതുശേരി, കാണിപ്പയ്യൂർ, പയ്യൂർ സ്കൂൾ, മാന്തോപ്പ്, പുത്തനങ്ങാടി, തോമാച്ചൻ റോഡ്, ടൗൺ, കൊട്ടി‍ൽപ്പടി കുരിശ് എന്നിവിടങ്ങളിലെ കുരിശുപള്ളികളിൽ നടത്തിയ ധൂപപ്രാർഥനയോടെയായിരുന്നു പെരുന്നാളിനു തുടക്കം.

ദീപാലങ്കാരങ്ങൾ നിറഞ്ഞ വീഥികളിലൂടെ വാദ്യമേളങ്ങൾ, പൊൻ, വെള്ളി കുരിശുകൾ തുടങ്ങിയവയുടെ അകമ്പടിയോടെ പ്രദക്ഷിണം നടത്തി. സന്ധ്യാനമസ്കാരത്തിനു ശേഷം പള്ളിയിൽനിന്നു പുറപ്പെട്ട് പള്ളിനട പരുമല കുരിശുപള്ളി വഴി തിരിച്ചെത്തി. ശ്ലൈഹീക വാഴ്‌വിനു ശേഷം തുടങ്ങിയ വിവിധ ദേശക്കാരുടെ പെരുന്നാൾ ആഘോഷം പുലർച്ചെയാണ് സമാപിച്ചത്.

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)

ഇന്നലെ പ്രഭാത നമസ്കാരത്തിനു ശേഷം പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാനയർപ്പിച്ച ശേഷം അനുഗ്രഹം നൽകി. ഉച്ചയോടെ ദേശങ്ങളിൽനിന്നു വാദ്യമേളങ്ങളും 25 ആനകളുമായി എഴുന്നള്ളിപ്പു തുടങ്ങി. എഴുന്നള്ളിപ്പ് പള്ളിയിലെത്തിയതോടെ പരിസരമാകെ ജനസാഗരമായി. വനം വകുപ്പ് നിർദേശിച്ച സ്ഥലത്താണ് ആനകളെ നിരത്തിയത്. പിന്നീട് ആനകൾ പള്ളിനടയിൽ വണങ്ങി പിരിഞ്ഞുപോയി. വികാരി ഫാ. ഗീവർഗീസ് തോലത്ത്, കൈസ്ഥാനി പി.കെ.പ്രജോദ്, സെക്രട്ടറി ബിനോയ് കെ.കൊച്ചുണ്ണി എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകി.