OVS - Latest NewsOVS-Kerala News

മാർ തെയോഫിലോസ്; എവിടെയും കാരുണ്യദൂതൻ

കോഴിക്കോട് ∙ ജാതിമതഭേദമില്ലാത്ത കരുണയുടെ സാന്നിധ്യമായാണ് ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിനെ ഏവരും ഓർമിക്കുന്നത്. ശരീരത്തിൽ വേദനയായി അർബുദം പിടിമുറുക്കിയപ്പോഴും മാർ തെയോഫിലോസിന്‍റെ ഹൃദയത്തിൽനിന്ന് കരുണ ഒഴുകിക്കൊണ്ടേയിരുന്നു.

‘‘സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു (2 കൊറിന്ത്യർ 9:7)’’ എന്ന വചനമായിരുന്നു കാരുണ്യ ദൂതനായിരുന്ന അദ്ദേഹത്തെ എപ്പോഴും നയിച്ചത്. ദൈവത്തിന്‍റെ കരുണ സ്വീകരിക്കുന്നവർ സഹജീവികൾക്കു കരുണ പങ്കുവയ്ക്കണമെന്ന സന്ദേശം അദ്ദേഹം അവസാനനാളുകളിൽ വരെ കാത്തുപാലിക്കുകയും ചെയ്തു.

മാർ തെയോഫിലോസ് അധ്യക്ഷനായി ചുമതലയേറ്റതു മുതൽ ഭദ്രാസനത്തിൽ ജീവകാരുണ്യ പദ്ധതികളുടെ പുതുചരിത്രം ആരംഭിക്കുകയായിരുന്നു. ഭദ്രാസനത്തിലെ വൈദികരുടെയടക്കം നാലായിരത്തിലധികം കുടുംബങ്ങൾ സന്ദർശിച്ചു. വീടില്ലാത്തവർക്കു വീടു വച്ചു കൊടുക്കുന്ന ഹോം ഫോർ ദ് ഹോംലെസ് പദ്ധതി ഈ യാത്രയുടെ അവസാനം രൂപം കൊണ്ടു.

150 കുടുംബങ്ങൾക്കു ഭദ്രാസനം നേരിട്ടും 150 കുടുംബങ്ങൾക്കു സംസ്ഥാന സർക്കാരുമായി ചേർന്നും വീടുകൾ പണിതു നൽകി. ഇതുകൂടാതെ സ്വന്തമായി സ്ഥലമില്ലാത്ത 25 കുടുംബങ്ങൾക്കും വീടു പണിതു നൽകി. മെഡിക്കൽ കോളജിലെയും ബീച്ച് ആശുപത്രിയിലെയും ചെസ്റ്റ് ഹോസ്പിറ്റലിലെയും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതി 2006-ൽ തുടങ്ങിയിരുന്നു. വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലും ഭക്ഷണം നൽകി വരുന്നുണ്ടായിരുന്നു.

450 വിധവകൾക്കു കോഴി, ആട് എന്നിവ നൽകുന്ന പദ്ധതിയും ഭദ്രാസനം വഴി നടപ്പാക്കുന്നുണ്ടായിരുന്നു. നിലമ്പൂർ എരുമമുണ്ടയിൽ തുടങ്ങിയ ലഹരി വിമുക്ത കേന്ദ്രവും മാർ തെയോഫിലോസിന്‍റെ മനസ്സിലാണു രൂപംകൊണ്ടത്. വൈദിക പട്ടം സ്വീകരിച്ചതിന്‍റെ രജത ജൂബിലി ആഘോഷം ജീവകാരുണ്യ പ്രവർത്തനത്തിൽ‍ നിറഞ്ഞതായിരുന്നുവെന്നു മലബാറുകാർ ഓർമിക്കുന്നു.

ഒരു കോടി രൂപയുടെ ജീവകാരുണ്യ പദ്ധതിയാണു നടപ്പാക്കിയത്. നാനാജാതിമതസ്ഥരായ 25 പേരുടെ വിവാഹം, 100 കോളജ് വിദ്യാർഥികൾക്ക് 25,000 രൂപയുടെ സഹായം, ഭദ്രാസനത്തിനു 100 പശുക്കൾ, 100 തയ്യൽമെഷീൻ, ലഹരിവിമുക്ത ചികിൽസയ്ക്കു 100 പേരെ സ്പോൺസർ ചെയ്യൽ എന്നിങ്ങനെ പോയി ‘ആഘോഷം.

മാർ തെയോഫിലോസിന് 60 വയസ്സായപ്പോഴും ഇതുപോലൊരു ആഘോഷം നടന്നിരുന്നു, ആരെയും അറിയിക്കാതെ. നഴ്സിങ്, എൻജിനീയറിങ് വിദ്യാർഥികളടക്കം 60 വിദ്യാർഥികൾക്ക് 25,000 രൂപയുടെ സ്കോളർഷിപ്പാണു നൽകിയത്. എം.ജി.ഒ.സി.എസ്.എം ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ ഒരു കോടിയിലധികം രൂപ സംഭരിച്ചു പാവപ്പെട്ട വിദ്യാർഥികൾക്കു പഠനസഹായം നൽകിയതു ശ്രദ്ധയ സംഭവമായിരുന്നു.

രാജ്യാന്തര അത്‌ലറ്റിക്സ് താരം വരകിൽ നീനയ്ക്കു വീടില്ല എന്നറിഞ്ഞപ്പോൾ ഓടിയെത്തി കുടുംബത്തെ കാണുകയും വീട് വച്ചു നൽകുക തന്റെ ദൗത്യമായി ഏറ്റെടുക്കുകയും ചെയ്തു അദ്ദേഹം. പ്രിയപ്പെട്ട സുഹൃത്ത് ആരാണെന്നു ചോദിച്ചവരോടെല്ലാം അദ്ദേഹം പറഞ്ഞൊരു നാമമുണ്ട്– ജീസസ്. ആത്മസുഹൃത്തിനൊപ്പം നിത്യതയിലേക്കു നടന്നുപോകുന്ന മെത്രാപ്പൊലീത്തയെക്കുറിച്ചു വിശ്വാസികൾ പറയുന്നത് ഇങ്ങനെയാണ്, തെയോഫിലോസ് എന്ന പേരിന്‍റെ അർഥം പോലെ തിരുമേനി ദൈവസ്നേഹിയായി ജീവിച്ചു, ദൈവസ്നേഹിയായി മരിച്ചു.

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വിദ്യാർഥി പ്രസ്‌ഥാനത്തിന്റെ (എംജിഒസിഎസ്എം) ജനറൽ സെക്രട്ടറി, എംജിഒസിഎസ്എം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി, ഓർത്തഡോക്‌സ് സ്‌റ്റഡി ബൈബിൾ കൺവീനർ, മാർ ഗ്രിഗോറിയോസ് റീഹാബിലിറ്റേഷൻ സെന്റർ ഫോർ ബ്ലൈൻഡ് വൈസ് പ്രസിഡന്റ്, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രിസ്‌ത്യൻ മേഴ്‌സി ഫെലോഷിപ് പ്രസിഡന്റ്, മർത്തമറിയം സമാജം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

അനുശോചന പ്രവാഹം

മലങ്കര ഓർത്തഡോക്സ് സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിന്‍റെ നിര്യാണത്തിൽ ബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് അനുശോചിച്ചു. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കായി തന്റെ ജീവിതം മാറ്റിവച്ച നല്ല ഇടയനായിരുന്നു വന്ദ്യ പിതാവെന്ന് അദ്ദേഹം പറഞ്ഞു

ഡോ. സഖറിയ മാർ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ മന്ത്രി മാത്യു ടി. തോമസ്, കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി. കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി എന്നിവര്‍ അനുശോചിച്ചു. വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പാവങ്ങളുടെ ആശ്രയമായിരുന്നു തിരുമേനിയെന്നും എം.പി. ജോസ് കെ.മാണി എം.പി പറഞ്ഞു

മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്ത,ഡോ. തോമസ് മാർ ഡോ. തോമസ് മാർ തീത്തോസ് . മലങ്കര കത്തോലിക്കാ സഭ തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, യൂയാക്കിം മാർ കൂറിലോസ്, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കര, ഓർത്തഡോക്സ് വൈദിക സംഘം ഭാരവാഹികളായ ഫാ. സജി അമയിൽ, ഫാ. ചെറിയാൻ സാമുവൽ എന്നിവർ മലബാര്‍ ഭദ്രാസാനാധിപന്‍ മാര്‍ സഖറിയാസ് തെയോഫിലോസ് മെത്രോപ്പൊലീത്തയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

മാർ തെയോഫിലോസിന്‍റെ പ്രവർത്തനങ്ങൾ സഭ തുടരും: കാതോലിക്കാ ബാവാ