OVS - ArticlesOVS - Latest News

പൂന്തോട്ടത്തിൽ വെണ്മയുള്ള പൂക്കളാവാൻ വരൂ

സ്‌തുതി ചൊവ്വാക്കപ്പെട്ട ഓർത്തഡോൿസ് കുടുംബത്തിലെ രണ്ടു സഹോദരി സഭകളാണ് മലങ്കര ഓർത്തഡോൿസ് സഭയും സുറിയാനി ഓർത്തഡോൿസ് സഭയും. പരസ്‌പര സഹരണത്തോടെ മുൻപോട്ടു പോയ ഈ രണ്ടു സഭകളുടെയും ഐക്യം തകർന്നത് മലങ്കര ഓർത്തഡോൿസ് സഭയിലെ ഒരു ചെറിയ വിഭാഗം അധികാര ധനമോഹങ്ങളുടെ അടിസ്ഥാനത്തിൽ വിഘടിച്ചു പോവുകയും അവർ സുറിയാനി ഓർത്തഡോൿസ് സഭയുടെ സംരക്ഷണം തേടുകയും ചെയ്‌തത്‌ മുതലാണ്. പല തവണയായി സമാധാനത്തിന്‍റെ  നല്ലകാലങ്ങൾ മലങ്കര സഭയെ തേടി വന്നു എങ്കിലും ചില ബാലയറുകളുടെ കൂട്ടം അതിനെ നശിപ്പിച്ചു.

മാർത്തോമ്മായുടെ പരിശുദ്ധ സഭ പലവിധ കടന്നാക്രമണങ്ങൾ സഹിച്ചാണ് 2017-ൽ എത്തി നിൽക്കുന്നത്. പുറത്തു നിന്നേറ്റ ആക്രമണങ്ങളെക്കാൾ ഉള്ളില്‍നിന്നുള്ള വിഘടനവാദവും വൈദേശിക അക്രമണങ്ങളുമാണ് മലങ്കര സഭയെ വേദനിപ്പിച്ചത്. കൂനൻകുരിശു സത്യം പോലെയുള്ള ധീരമായ നിലപാടുകളിലൂടെ പ്രതിരോധ വലയങ്ങൾ തീർത്ത നസ്രാണി കേസരികൾ അവരുടെ സഭയെ സ്വന്തം ജീവൻ കൊടുത്തും സംരക്ഷിച്ചു. വർക്കി ആശാൻ മുതൽ മലങ്കര വർഗ്ഗിസ് വരെയുള്ള ധീരരക്തസാക്ഷികൾ അവരുടെ രക്തവും ജീവനും നൽകി പരിശുദ്ധ സഭയുടെ അടിസ്ഥാനത്തെ ബലപ്പെടുത്തി.

പരിശുദ്ധ അന്ത്യോഖ്യൻ പാത്രിയാർക്കിസ് ബാവ എന്നാൽ വിഘടിത വിഭാഗത്തിന് സർവ്വവും സർവ്വതുമാണ് എന്നാണ് വെപ്പ്. എന്നാൽ വിഘടിത വിഭാഗത്തിന്‍റെ നേതൃത്വത്തെ പോലെ ആ പരിശുദ്ധ സിംഹാസനത്തെ ഇത്രെയേറെ അപമാനിച്ച മറ്റാരും കാണില്ല. പരിശുദ്ധ പാത്രിയാർക്കിസ് ബാവായുടെ വാർദ്ധക്യത്തെ പോലും അപമാനിക്കുകയും മുതലെടുക്കുകയും ചെയ്‌തു എന്നതിന്‍റെ തെളിവാണ് സഖാ പ്രഥമൻ ബാവായുടെ കാലഘട്ടത്തിൽ അദ്ദേഹത്തിന്‍റെത് എന്ന പേരിൽ ഇറങ്ങിയ വ്യാജ കൽപനകളും  പൈസ വാങ്ങി മെത്രാൻ സ്ഥാനം നൽകി എന്ന ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തലും.

ഞങ്ങളുടെ പിതാവായ മാർത്തോമ്മായുടെ ചെറിയ പെരുന്നാൾ ദിവസം പരിശുദ്ധ സഭക്ക് ദൈവം സമാധാനം നിറഞ്ഞ ഒരു വിധി സുപ്രീം കോടതിയിൽ നിന്ന് സമ്മാനിച്ചു. മലങ്കര സഭയിൽ വിഘടിത പ്രവർത്തനങ്ങളെ തടഞ്ഞ വിധി, ഐക്യവും സമാധാനവും ആഹ്വാനം ചെയ്‌ത വിധി, മലങ്കര സഭയുടെ പിതാക്കന്മാരുടെ നിലപാടുകളെ ശരിവെച്ച വിധി, പരിശുദ്ധ കാതോലിക്കായെയും മലങ്കര മെത്രാപ്പോലീത്തായെയും മാർത്തോമ്മായുടെ സിംഹാസനത്തെയും അസന്നിഗ്ദ്ധമായി അംഗീകരിച്ച വിധി. അതുകൊണ്ടു തന്നെ ഇത് കാലത്തിന്‍റെ നിയോഗമാണ്, ദൈവം എഴുതിയ വിധിയാണ് ഇത്.

വിശ്വാസി സമൂഹത്തോട് സമാധാനത്തെ പ്രസംഗിക്കേണ്ട വിഘടിത വിഭാഗത്തിലെ മെത്രാപ്പോലീത്താമാരും വൈദീകരും സഹോദരങ്ങളായി കണ്ടു സമാധാന ചുംബനം നൽകേണ്ട മലങ്കര സഭയുടെ വൈദീകരെയും വൈദീക വിദ്യാർത്ഥികളെയും ഇരുട്ടിന്‍റെ മറവിൽ സംഘം ചേർന്ന് ആക്രമിച്ചു. പള്ളികൾക്കുള്ളിൽ പെട്രോൾ ഒഴിച്ച് വലിയ ഒരു ദുരന്തം സൃഷ്ടിക്കുന്ന തലത്തിലേക്ക് വരെ വിഘടിത വിഭാഗത്തിലെ വിശ്വാസികൾ എത്തിച്ചേർന്നു. കോടതി വിധിയെ ലംഘിക്കുന്നതിനു പരസ്യമായി ആഹ്വാനം ചെയ്‌ത വിഘടിത മെത്രാന്മാർ വിശ്വാസികൾ നടത്തുന്ന അക്രമ പരമ്പരകൾക്കും മറുപടി പറയാൻ ബാധ്യസ്ഥരാണ്. മടങ്ങി വരുന്ന എല്ലാ വിശ്വാസികൾക്കും പൂർണ ആരാധന സ്വാതന്ത്ര്യം മലങ്കര സഭ നൽകുന്നുണ്ട്. വിഘടിത പ്രവർത്തനങ്ങളെ മാത്രമാണ് എതിർക്കുന്നത്. അത് നിലവിൽ നിയമവിരുദ്ധവുമാണ്.

മലങ്കര സഭ 1934-ലെ ഭരണഘടനയുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തിലുള്ള സമാധാനത്തിനും ഐക്യത്തിനും തയ്യാറാണ് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ വർഷങ്ങൾക്കു മുൻപ് തന്നെ ആഹ്വാനം ചെയ്‌തു കഴിഞ്ഞു. പരിശുദ്ധ കാതോലിക്കായും പരിശുദ്ധ പാത്രിയാർക്കിസ് ബാവായും പൂർണ സാഹോദര്യ ബന്ധത്തിൽ നിലനിൽക്കുന്നു. ഇനി എങ്കിലും നമ്മുക്ക് സമാധാനത്തിൽ ഐക്യത്തോടെ നമ്മുക്കും മുന്നേറാം. ഞങ്ങളുടെ പൂന്തോട്ടത്തിൽ വെണ്മയുള്ള പൂക്കളാവാൻ നിങ്ങൾക്കും ഹൃദയപൂർവ്വം സ്വാഗതം.

വിധികാര്യം ചിന്തിച്ചയ്യോ വിറകൊള്ളുക ….