OVS - Latest NewsOVS-Pravasi News

വിശ്വാസദീപ്തിയില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

പോക്കണോസ് (പെന്‍സില്‍വേനിയ)∙ അടിയുറച്ച സഭാസ്‌നേഹത്തിന്റെയും ആത്മവിശുദ്ധിയുടെ മഹത്വവും വിളിച്ചോതി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം. കുടുംബക്കൂട്ടായ്മയുടെ പ്രാധാന്യം ഉയര്‍ത്തിക്കാണിച്ച് വൈകിട്ട് ഏഴിനു നടന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. ഭക്തിഗാനങ്ങളുടെയും സഭാവിശ്വാസപ്രഖ്യാപനങ്ങളുടെയും, സഭയോടും മെത്രാപ്പോലീത്തമാരോടുമുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ടും ശിങ്കാരിമേളത്തിന്‍റെയും അകമ്പടിയോടെ കുട്ടികളും, യുവജനങ്ങളും, സ്ത്രീപുരുഷന്മാരും വൈദികരും മെത്രാപ്പോലീത്തന്മാരും ഒരുമിച്ചു ചേര്‍ന്നു നടത്തിയ ഘോഷയാത്ര അവിസ്മരണീയമായി. മുത്തുക്കുടകളും കൊടികളും വഹിച്ചു കൊണ്ടായിരുന്നു ഘോഷയാത്ര. ശിങ്കാരിമേളമായിരുന്നു ഒരു ഹൈലൈറ്റ്. എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ നേതൃത്വത്തിലായിരുന്നു മേളം.

Malankara Church Newsസന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്നു നടന്ന ഉദ്ഘാടന സമ്മേളനം ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തായും കോണ്‍ഫറന്‍സ് നേതാക്കളും അതിഥികളും ചേര്‍ന്നു ‘വെളിവു നിറഞ്ഞോരീശോ നിന്‍ വെളിവാല്‍ കാണുന്നു‘ എന്ന പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു കൊണ്ട്, വിളക്കു കൊളുത്തി പരിപാടികള്‍ക്ക് തുടക്കമിട്ടു.

സഭയുടെയും സമൂഹത്തിന്‍റെയും ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും നാം ഓരോരുത്തരും പരസ്പരം പ്രോത്സഹാപ്പിക്കേണ്ടതും ശക്തീകരിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്നും തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു. കോണ്‍ഫറന്‍സിന്‍റെ സുഗമമായ നടത്തിപ്പിന് 500-ല്‍ കൂടാത്ത അംഗസംഖ്യ മതിയെന്നു തീരുമാനിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ താത്പര്യവും ആവശ്യവും പരിഗണിച്ച് ആയിരം പേരെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞുവെന്നത് തികച്ചും ചാരിതാര്‍ത്ഥ്യജനകമാണെന്നു തിരുമേനി അറിയിച്ചു

Malankara Church Newsഫാമിലി കോണ്‍ഫറന്‍സിന്‍റെ ചരിത്രത്തിലാദ്യമായി ഭദ്രാസനത്തിലെ 53 ഇടവകകളില്‍ നിന്നുള്ള പങ്കാളിത്തമായിരുന്നു ശ്രദ്ധേയം. കാനഡ- ടൊറന്റോയിലെ വിവിധ ഇടവകകളില്‍ നിന്നും വൈദികരടക്കം നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഐസ് ബ്രേക്കിങ് സെഷന്‍ (അന്യോന്യം പരിചയപ്പെടുന്നതിനുള്ള സമയം) ഒരുക്കിയിരുന്നു. ക്യാമ്പ് ഫയറും അവര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്‍റെ രണ്ടാം ദിവസം വിശ്വാസദീപ്തിയില്‍ കുളിര്‍ന്നു നിന്നു. കലഹാരി റിസോര്‍ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രഭാതപ്രാര്‍ത്ഥന യോടെയായിരുന്നു വ്യാഴാഴ്ച പരിപാടികള്‍ക്ക് തുടക്കമിട്ടത്. റവ. ഡോ. രാജു വറുഗീസ് ധ്യാനപ്രസംഗം നടത്തി. മുതിര്‍ന്നവര്‍ക്ക് മുഖ്യപ്രാംസംഗികനായ റവ. ഡോ. എം. ഒ. ജോണ്‍ വേദ പുസ്തകത്തിലെ 1 തെസ്സലോനിക്യര്‍ അഞ്ചാം അധ്യായം 11-ാം വാചകത്തെ ആസ്പദമാക്കിയുള്ള പരസ്പരം പ്രോത്സാഹിപ്പിക്കുക, പരസ്പരം ശക്തിപ്പെടുത്തുക എന്ന വിഷയത്തെ മുന്‍നിര്‍ത്തി പ്രസംഗിച്ചു.

പ്രയാസങ്ങളും പ്രശ്‌നങ്ങളും തിരിച്ചറിയുമ്പോള്‍ പരസ്പരം പ്രബോധിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ക്രിസ്തീയ ധര്‍മ്മമാണെന്ന് റവ. ഡോ. എം. ഒ. ജോണ്‍ ഉദ്‌ബോധിപ്പിച്ചു. ക്രൈസ്തവ സഭയുടെ ആരംഭകാലത്ത് ഗ്രീസിലെ പട്ടണമായിരുന്ന തെസ്സലോനിക്യയിലെ സഭയിലുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പരിശുദ്ധനായ പൗലോസ് ശ്ലീഹാ എഴുതിയ ലേഖനത്തിലെ ഉള്ളടക്കമാണ് പ്രതിപാദ്യവിഷയം. പുതിയതായി രൂപം കൊണ്ട സഭയെന്ന നിലയില്‍ തെസ്സലോനിക്യാ സഭയ്ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍, അതിനെ കൈകാര്യം ചെയ്യുന്നതിനും സഭ മക്കളുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിനും പൗലോസിന്റെ ലേഖനങ്ങള്‍ ഏറെ പ്രയോജനപ്പെട്ടു. സഭയ്ക്കുള്ളിലും ബാഹ്യമായും പീഢകളും പ്രശ്‌നങ്ങളും ഏറെയായി. ഈ സാഹചര്യത്തിലാണ് പൗലോസ് ശ്ലീഹ അവരോട് പറയുന്നത്. പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനും ആത്മവര്‍ദ്ധന വരുത്തുന്നതിനും ശക്തീകരിക്കുന്നതിനും അങ്ങനെ വിശ്വാസവും സമാധാനവും സഭയില്‍ നിലനിര്‍ത്തുന്നതിന് കഴിയുമെന്നുമാണ് അദ്ദേഹം ഉപദേശിക്കുന്നത്. സഭയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം സാഹചര്യങ്ങള്‍ സഭയില്‍ തുടര്‍ന്നും ഉണ്ടായിട്ടുണ്ടെന്നും അത് ഇന്നും നിലനില്‍ക്കുന്നുവെന്നും അതിനു പരസ്പരം ശാക്തീകരണത്തിന്റെ ആവശ്യകത അനിവാര്യമാണെന്നും ജോണ്‍ അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.

Malankara Church Newsഇന്നു ക്രൈസ്തവ സഭ നേരിടുന്ന മറ്റൊരു പ്രശ്‌നം പരിശുദ്ധാത്മാവിനെ കൂട്ടുപിടിച്ചുള്ള അത്ഭുത പ്രവര്‍ത്തനവും രോഗശാന്തി ശുശ്രൂഷയും, അതു ചിലരുടെ ധനാഗമ മാര്‍ഗ്ഗവുമായി മാറ്റുന്നു എന്നുള്ളതാണ്. ഇത്തരം വേദ വിപരീത പ്രവര്‍ത്തനങ്ങള്‍ രണ്ടാം നൂറ്റാണ്ടില്‍ മൊണ്ടാനിസം എന്ന പേരില്‍ ആരംഭിച്ചതായി ചരിത്രം സൂക്ഷിക്കുന്നു. ശിഥില ചിന്തയും വിശ്വാസ വിപരീതവും വളര്‍ന്നു വരുമ്പോള്‍ പരസ്പര സഹകരണവും പരസ്പര ശാക്തീകരണവും അത്യാന്താപേക്ഷിതമാണെന്ന് അച്ചന്‍ പ്രസ്താവിച്ചു. മുതിര്‍ന്നവര്‍ക്കായി ഡോ. ഡോണ റിസ്‌ക്കും, എം.ജി.ഒ.സി.എസ്സ്എമ്മിനായി ഡീക്കന്‍ അലക്‌സാണ്ടര്‍ ഹാച്ചറും ചിന്താവിഷയത്തിലൂന്നി സംസാരിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ഡീക്കന്‍ ഗീവറുഗീസ് (ബോബി) വറുഗീസ് ക്ലാസ്സെടുത്തു. യുവജനങ്ങളെ അഭിസംബോധന ചെയ്തു ഡോ. ഡോണ റിസ്‌ക്ക് തന്‍റെ ജീവിതത്തിലെ പല സംഭവങ്ങള്‍ കോര്‍ത്തിണക്കി വളരെ ലളിതമായി ഉദ്‌ബോധിപ്പിച്ചു.

വൈകുന്നേരം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. സന്ധ്യാനമസ്‌ക്കാരത്തിനു ശേഷം സുവനിയര്‍ പ്രകാശനം ചെയ്തു. പരിശുദ്ധ കാതോലിക്ക ബാവയോടൊപ്പം വൈദിക ട്രസ്റ്റി റവ.ഡോ. എം.ഒ. ജോണും ആത്മായ ട്രസ്റ്റി ജോര്‍ജ് പോളും, കോണ്‍ഫറന്‍സ് ഭാരവാഹികളും സുവനിയര്‍ കമ്മിറ്റിയംഗങ്ങളും വേദിയില്‍ സന്നിഹിതരായിരുന്നു. സുവനിയര്‍ പ്രസിദ്ധീകരണത്തിലൂടെ ഒരു ലക്ഷത്തി ഇരുപത്തിയാറായിരം ഡോളര്‍ സമാഹരിച്ച കമ്മിറ്റിയംഗങ്ങള്‍ക്ക് പ്രശംസഫലകം നല്‍കി ആദരിച്ചു. തുടര്‍ന്ന്, റവ.ഡോ. ജോര്‍ജ് കോശി ധ്യാനപ്രസംഗം നടത്തി. ഭദ്രാസന ഇടവകകള്‍ അവതരിപ്പിച്ച കലാപരിപാടികളോടെ കോണ്‍ഫറന്‍സ് രണ്ടാം ദിവസത്തെ പരിപാടികള്‍ സമാപിച്ചു