OVS - Latest NewsOVS-Pravasi News

പരിശുദ്ധ കാതോലിക്കാ ബാവായെ സ്വീകരിക്കാന്‍ ഫുജൈറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫുജൈറ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഫുജൈറയില്‍ എത്തുന്ന മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഷാര്‍ജ അന്താരാഷ്ട്രീ വിമാനത്താവളത്തില്‍ 26ന് വൈകിട്ട് യു.എ.ഇ.യിലെ വിവിധ ഇടവകകളിലെ വൈദീകരും, മാനേജിംങ് കമ്മിറ്റി അംഗങ്ങളും, വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും. 27ന് രാവിലെ 6.45ന് ഫുജൈറ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവായെ മുത്തുക്കുടകളുടെയും, കത്തിച്ച മെഴുകു തിരികളുടെയും അകമ്പടിയോടെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കും. 7ന് പ്രഭാത നമസ്കാരം, കുര്‍ബ്ബാന എന്നിവ നടക്കും. 11ന് കേരളത്തില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ച കോട്ടയം പഴയ സെമിനാരിയുടെ സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍റെ 200-ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി വികാരി ഫാ. ലിജോ ജോസഫ് അധ്യക്ഷത വഹിക്കും. ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. ഷാജി മാത്യൂസ് അനുസ്മരണ പ്രഭാഷണം നടത്തും. “മലങ്കരയുടെ നവോത്ഥാന നായകന്‍” എന്ന സ്മരണികയുടെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിക്കും. രണ്ടിന് ചേരുന്ന “ആദരവോടെ ഗുരുസന്നിധിയില്‍” എന്ന ഇടവക സംഗമത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരണ പ്രഭാഷണം നടത്തും. ഇടവകയില്‍ നിന്ന് 10, 12 ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും 60 വയസ്സ് പൂര്‍ത്തിയാക്കിയ ഇടവകാംഗങ്ങളെയും ആദരിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി 28ന് പരിശുദ്ധ കാതോലിക്കാ ബാവാ കേരളിത്തേക്ക് മടങ്ങും. സ്വീകരണ സമ്മേളനത്തിനായി വികാരി ഫാ. ലിജോ ജോസഫ്, ട്രസ്റ്റി ഡോ. കെ.സി. ചെറിയാന്‍, സെക്രട്ടറി ജോജു മാത്യു, ജനറല്‍ കണ്‍വീനര്‍ സി.എസ്. ജോസ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.