OVS - Latest NewsOVS-Kerala News

കല്ലൂപ്പാറയുടെ ജനനായകന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

 കല്ലൂപ്പാറ :-നാടിന്റെ വികസനനായകൻ നിയമസഭ മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന ടി.എസ്. ജോണിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.നാടിന്റെ നാനാദിക്കുകളിൽനിന്ന് എത്തിയ രാഷ്ട്രീയ നേതാക്കളുടെയും ജനങ്ങളുടെയും സാന്നിധ്യത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഇന്നലെ നാലരയോടെയായിരുന്നു സംസ്കാരം. നേരത്തെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽനിന്നു തുടങ്ങി തിരുവല്ല കെഎസ്ആർടിസി കോർണറിലെ പൊതുദർശത്തിനുശേഷം തോട്ടഭാഗം, ഞാലിക്കണ്ടം, കവിയൂർ പഞ്ചായത്ത് ഓഫിസ്, കമ്മാളത്തകിടി, മുണ്ടിയപ്പള്ളി, കുന്നന്താനം, ചെങ്ങരൂർ, മടുക്കോലി, തിയറ്റർപടി വഴി മല്ലപ്പള്ളി ബഥനി ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ എത്തിച്ചു.

കവിയൂർ പഞ്ചായത്ത് ഓഫിസ്, കുന്നന്താനം ജംക്‌ഷൻ എന്നിവിടങ്ങളിലും തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, അംഗങ്ങളായ റെജി തോമസ്, എസ്.വി. സുബിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, വൈസ് പ്രസിഡന്റ് കുഞ്ഞുകോശി പോൾ, പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ചാക്കോ, കുരുവിള ജോർജ്, പി.ടി. ഏബ്രഹാം, ആലീസ് സെബാസ്റ്റ്യൻ, കെ.കെ. രാധാകൃഷ്ണക്കുറുപ്പ്, എലിസബത്ത് മാത്യു എന്നിവരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, വ്യാപാരികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികളും മല്ലപ്പള്ളിയിലെ ബഥനി ഹാളിലും കല്ലൂപ്പാറയിലെ വസതിയിലുമെത്തി അന്തിമോപചാരം അർപ്പിച്ചു. പൊതുദർശത്തിനുശേഷം മല്ലപ്പള്ളി ടൗൺ, മൂശാരിക്കവല, പുതുശേരി, കടമാൻകുളം വഴിയാണ് കല്ലൂപ്പാറയിലെ വസതിയിൽ ഭൗതികശരീരം എത്തിച്ചത്. 1970ൽ നാലാം നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട തന്നോടൊപ്പം അംഗമായിരുന്നു ടി.എസ്. ജോണെന്നും അദ്ദേഹത്തെ ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് കരുതിയിരുന്നതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിവിധ കാലയളവിൽ വ്യത്യസ്ത രാഷ്ട്രീയ ചേരിയിലായിരുന്നുവെങ്കിലും ഒരിക്കലും സൗഹൃദത്തിന് കോട്ടം തട്ടിയിട്ടിലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചിന് കല്ലൂപ്പാറ ജംക്‌ഷനിൽ വിവിധ രാഷട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ അനുസ്മരണയോഗം നടക്കും.