OVS - Latest NewsOVS-Kerala News

എട്ടാം മാർത്തോമ്മായുടെ ചരമദ്വിശതാബ്‌ദിക്ക് 18നു തുടക്കം

ചെങ്ങന്നൂർ :- എട്ടാം മാർത്തോമ്മായുടെ ചരമദ്വിശതാബ്‌ദി പുത്തൻകാവ് കത്തീഡ്രലിൽ ആചരിക്കുന്നു. 18നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മുന്നിന്മേൽ കുർബ്ബാന. 10.30നു ചരമ ദ്വിശതാബ്‌ദി സമ്മേളനം കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും. തോമസ് മാർ അത്തനാസിയോസ് അദ്ധ്യക്ഷത വഹിക്കും. മലങ്കരസഭാ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച മെത്രാപ്പൊലീത്തയാണു പുത്തൻകാവിൽ കബറടങ്ങിയിരിക്കുന്ന മാർത്തോമ്മാ എട്ടാമൻ. 1809–ൽ മെത്രാപ്പൊലീത്തയായി 1816 വരെ മലങ്കരസഭയെ നയിച്ചു. മലങ്കരസഭയുടെ പൂർവ ചരിത്രം വെളിവാക്കുന്ന ചരിത്രരേഖ മാർത്തോമ്മാ എട്ടാമന്റെ സംഭാവനയാണ്. മലങ്കരസഭയുടെ ഉദ്ഭവം സംബന്ധിച്ചു മാർത്തോമ്മാശ്ലീഹായുടെ പ്രസംഗം, ശ്ലീഹായുടെ രക്തസാക്ഷിമരണം തുടങ്ങിയ കാര്യങ്ങൾ അതിൽ വിശദീകരിച്ചിട്ടുണ്ട്. അക്കാലത്ത് 55 പള്ളികളും 167 പട്ടക്കാരും മുപ്പതിനായിരം ക്രിസ്ത്യാനികളും ഉണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടനാട് യോഗം മാർത്തോമ്മാ എട്ടാമന്റെ ഭരണകാലത്തായിരുന്നു.

എഴാം മാർത്തോമ്മായുടെ നാൽപതാം ദിവസം അടിയന്തിരത്തോട് അനുബന്ധിച്ച് എട്ടാം മാർത്തോമ്മായുടെ അദ്ധ്യക്ഷതയിലാണു യോഗം ചേർന്നതും പടിയോല എഴുതിയതും. അടിയന്തിരത്തിനു കണ്ടനാട് എത്തിയ ആളുകൾ 1809 ചിങ്ങം ഒന്നാം തീയതി യോഗം കൂടി എട്ടാം മാർത്തോമ്മായെ സഭ സ്വീകരിച്ചിരിക്കുന്നു എന്ന തീരുമാനം കൈക്കൊണ്ടു. കായംകുളം ഫിലിപ്പോസ് റമ്പാനെയും, കുന്നംകുളം ഇട്ടൂപ്പ് കത്തനാരെയും റമ്പാനാക്കി അദ്ദേഹത്തെയും മാർത്തോമ്മാ എട്ടാമന്റെ പ്രധാന കാര്യവിചാരകരായി നിയമിക്കുവാനും യോഗം തീരുമാനിച്ചു. വൈദിക സ്ഥാനാർഥികളെ സുറിയാനിയും മറ്റും പഠിപ്പിക്കുന്നതിനു തെക്കും വടക്കും ഓരോ പഠിത്ത വീടുകൾ ഉണ്ടാക്കണമെന്നും, അവിടെ മല്‌പാന്മാരെ നിയമിക്കണമെന്നും യോഗം തീരുമാനിച്ചു വൈദിക സെമിനാരിയുടെ സ്ഥാപനത്തിനും കേരളത്തിലെ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിന്റെ ആരംഭത്തിനും കാരണമാകുന്ന തീരുമാനമായിരുന്നു അത്.