ശാസ്ത്രം – ദൈവ വിശ്വാസം Part – 1

“മേട മാസം ഒന്നാം ഞായറാഴ്‌ച ഉത്ഭൂതമായ, ലോകത്തിൻ്റെ ഒന്നാമാണ്ടു ആദ്യ മാസമായ മേടം 6 വെള്ളിയാഴ്ച, സകല മനുഷ്യരുടേയും ആദ്യ പിതാവായ ആദാമ്മിനെ പൂർണ്ണപ്രായത്തില്‍ ദൈവം സൃഷ്ടിച്ചു എന്ന് വിശുദ്ധ വേദത്തിൽ പ്രസ്താവിച്ചിരിക്കുന്നു.” (മഹാനായ മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ – പ്രാചീന വൃത്താന്തസംഗ്രഹം)

ദൈവം സകലത്തിൻ്റെയും സൃഷ്ടാവ് എന്ന് ഓര്‍മ്മവെച്ച നാൾ മുതൽ പുരോഹിതരിൽ നിന്നും മാതാപിതാക്കളിൽ നിന്നും സമ്പാദിച്ച ദൈവ വിശ്വാസവുമായി ആധുനിക കാലത്ത്‌ പഠനത്തിനായി പോകുന്ന സ്കൂൾ തലം മുതല്‍ ഉള്ള വിദ്യാര്‍ഥികള്‍ പഠിപ്പിക്കപ്പെടുന്നത് ദൈവാസ്തിത്വത്തെ “ശാസ്ത്ര” വെളിച്ചത്തില്‍ നിഷേധിക്കുന്ന പാഠപുസ്തകങ്ങളാണ്. ദൈവാസ്തിത്വത്തെ നിഷേധിക്കുന്ന ശാസ്ത്ര അധ്യാപകരെയും അവര്‍ക്ക്‌ അഭിമുഖീകരിക്കെണ്ടി വരുന്നു. അതുപോലെ തന്നെ മുന്‍നിര മാധ്യമങ്ങളും ഈ കാലഘട്ടത്തില്‍ ദൈവ നിഷേധത്തിൻ്റെ പ്രചാരകങ്ങളായി വര്‍ത്തിക്കുന്നു.

ഇവയുടെ / ഇവരുടെ ചോദ്യാവലികളുടെ അടിസ്ഥാനത്തിലുളള സംശയങ്ങള്‍ക്ക് തൃപ്തികരമായ മറുപടികള്‍ കണ്ടെത്താൻ കഴിയാതെ കുഴങ്ങുന്ന വിദ്യാര്‍ഥികള്‍. സത്യമേത് ? മിഥ്യയേത് ?

ഇന്ന്‌ നമുക്ക്‌ ലഭിക്കുന്ന ലോകചരിത്രങ്ങൾ എല്ലാം തന്നെ പരിണാമവാദാധിഷ്ഠിതമാണ്. എന്നാൽ നാം നിഷ്പക്ഷമായി കൂടുതല്‍ പഠനങ്ങളിൽ ഏര്‍പ്പെട്ടാൽ “ഭൂമിയുടെയും, സൗരയൂഥത്തിൻ്റെയും, Milky-way ഉൾപ്പെടെയുള്ള ഗാലക്‌സി കളുടെയും ഉത്ഭവം ഇന്നും ഒരു അജ്ഞാത വസ്തുതയാണ്” (വിശ്വ വിജ്ഞാനകോശം. Vol. 5, P-432) എന്ന്‌ ശാസ്ത്രകാരാൻമാർ തങ്ങളുടെ പരിമിതികള്‍ ഉള്‍കൊണ്ട് കൊണ്ട്‌ പരിതപിക്കുന്നത് നമുക്ക്‌ മനസ്സിലാക്കാം. എന്നാല്‍ ഗാലക്സി നിബദ്ധവും അനേകം തരം ചരാചരനിബദ്ധവും ആയിരിക്കുന്ന ഈ പ്രപഞ്ചം ദൈവസൃഷ്ടം എന്നാണ്‌ വിശുദ്ധ തിരുവെഴുത്തുകളുടെ ഉറച്ച പ്രഖ്യാപനം.

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പത്തി 1:1)

പക്ഷേ മുൻപേ സൂചിപ്പിച്ചത് പോലെ ഇന്നത്തെ തലമുറകൾ ഈ തിയറികളുടെ സ്വാധീനത്തിൽ പെട്ട് സത്യം വിട്ട് ഇത്തരം “ശാസ്ത്രം എന്ന് പേർപ്പെട്ട യുക്തിരഹിതമായ വെറും കെട്ടു കഥകൾക്ക്” പിന്നാലെയാണ്. അതിൽ അവര്‍ അഭിമാനം കൊള്ളുന്നു… ദൈവത്തെ തള്ളി പറഞ്ഞാല്‍ മാത്രമേ സമൂഹത്തില്‍ വിലയുണ്ടാകൂ എന്ന സ്ഥിതിയിലേക്ക് ഇന്ന്‌ ലോകം മാറ്റപ്പെട്ടിരിക്കുന്നു.

എന്നാൽ പഴയ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന സംഭവങ്ങളും വ്യക്തികളും ചരിത്രപരമായ യാഥാര്‍ത്ഥ്യം എന്ന് നമ്മുടെ കര്‍ത്താവ് തന്നെ സ്ഥിതീകരിച്ചു ഉറപ്പിക്കുന്നു. ചില ഉദാഹരണങ്ങള്‍ – മനുഷ്യ സൃഷ്ടി (മത്തായി. 19:4), നോഹയുടെ കാലത്തെ മഹാ പ്രളയം (ലൂക്കോസ്. 17:26, 27), നീതിമാനായ ഹാബേൽ (മത്തായി 23:35), ലോത്തിനേ കുറിച് അതുപോലെ ഉപ്പു തൂണായി മാറിയ ലോത്തിൻ്റെ ഭാര്യയെ കുറിച്ചും സൊദോം ഗോമോറായുടെ നാശത്തെ കുറിച്ചുമൊക്കെ (ലൂക്കോസ് 17:28, 29, 32) കര്‍ത്താവ് പറയുന്നു.

എന്നാൽ ഇന്ന്‌ ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങൾ കെട്ടു കഥകള്‍ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഈ ആധുനിക ശാസ്ത്ര യുഗത്തിലും ഉല്പത്തി പുസ്തകത്തിലെ സൃഷ്ടി വിവരണം തികച്ചും ശാസ്ത്രീയവും വിശ്വസനീയവും തന്നെ. “ശാസ്ത്രം” എന്ന് സാധാരണ ജനങ്ങള് മുതല്‍ ശാസ്ത്ര അധ്യാപകരേവരേ തെറ്റിദ്ധരിപ്പിക്കുന്ന “തിയറികള്‍” (Theory, Hypothesis – ഊഹം, സാങ്കല്പികസിദ്ധാന്തം എന്ന് അര്‍ത്ഥം) നമുക്ക്‌ ഒന്ന് പഠന വിഷയമാക്കാം. സാന്ദര്‍ഭികമായി ഒരു കാര്യം കൂടി സൂചിപ്പിക്കട്ടേ… ഈ തലമുറയില്‍ ഏറ്റവും ആദരണീയനായിരുന്ന മഹാ ശാസ്ത്രജ്ഞൻ Stephen Hawking-നു എന്തു കൊണ്ട് Nobel കിട്ടിയില്ല എന്നുള്ള ചോദ്യം നമ്മള്‍ ചര്‍ച്ച ചെയ്യ്തു കൊണ്ടിരിക്കുന്ന വിഷയത്തിലും പ്രസക്തമാണ്…. “സിദ്ധാന്തപരമായ കണ്ടുപിടുത്തങ്ങള്‍ ഭൗതികമായ തെളിവുകൾ കൊണ്ട് സമർത്ഥിക്കണമെന്നുളളത്….” ഇന്ന്‌ ഏറ്റവും പ്രശസ്തമായ മഹാവിസ്ഫോടന സിദ്ധാന്തവും (Big bang theory) ജീവപരിണാമ സിദ്ധാന്തവും (Evolution Theory) ഭൗതികമായ തെളിവുകൾ കൊണ്ട് സമർത്ഥിക്കപ്പെടാത്ത സിദ്ധാന്ത പരമായ ഊഹാപോഹങ്ങൾ മാത്രം…. നമുക്ക്‌ പരിശോധിക്കാം…

മഹാവിസ്ഫോടന സിദ്ധാന്തം (Big bang theory)
ശൂന്യത ഒരു ബിന്ദുവിൽ (Singularity) കേന്ദ്രീകൃതമായി അതിസാന്ദ്രതയുള്ള ഒരു പിണ്ഡമായി മാറി ഒരു പൊട്ടിത്തെറിക്ക് സമാനമായ ഒരു അതിവികാസത്തിലൂടെ ഏകദേശം 1380 കോടി വർഷങ്ങൾക്ക് മുമ്പ് സ്വയമേവ പ്രപഞ്ചം ഉടലെടുത്തു എന്നാണ്‌ ഈ സിദ്ധാന്തത്തിൻ്റെ കാതൽ.

ഈ സിദ്ധാന്തത്തിൻ്റെ പിതാവ് ബെല്‍ജിയന്‍ cosmologist-ഉം കത്തോലിക്ക സഭാ വൈദികനും ആയിരുന്ന ജോർജ്സ് ലെമൈട്രി (Georges Lemaître) ആണ്‌. 1920 -കളില്‍ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ് എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. എല്ലാ ദിക്കുകളിലും കാണുന്ന നക്ഷത്ര സമൂഹങ്ങൾ ഭൂമിയില്‍ നിന്ന് അകന്ന് കൊണ്ടിരിക്കുകയാണ് എന്ന് 1929-ല്‍ എഡ്വിൻ ഹബിൾ കണ്ടെത്തിയത് ലെമൈട്രിൻ്റെ സിദ്ധാന്തത്തിന് പിന്‍ബലം നല്‍കി. ഇതേ തുടര്‍ന്ന്‌ 1931 -ല്‍ പ്രപഞ്ചം ഒരു വിസ്ഫോടനത്തിൽ നിന്നാണ് ആരംഭിച്ചതു എന്ന ആശയം ലെമൈട്രി മുന്നോട്ട് വെച്ചു. ഈ ആശയം ചില ഊഹാപോഹങ്ങളിൽ അധിഷ്ഠിതമാണ്. ഈ ഊഹാപോഹങ്ങൾ നമുക്ക്‌ ഒന്ന് പോയിന്റ്സ് ആക്കി പരിശോധിക്കാം.

1). അനേക കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നുമില്ലായ്മ (Absolute Nothingness) സ്വയമേ ഒരുമിച്ചു ഒരിടത്ത് ഒന്നിച്ചു ചേര്‍ന്ന് അതിസാന്ദ്രതയുള്ള ഒരു ബിന്ദു (Singularity) ഉണ്ടാവുന്നു…. (നല്ല ഒന്നാം തരം ഊഹം) ഒന്നുമില്ലായ്മ ഒരുമിച്ചു ഒരിടത്ത് ചേര്‍ക്കുക പോലും അസാധ്യമാണ് (Nothing + Nothing = Nothing). അപ്പോള്‍ പിന്നെ പിന്നില്‍ പ്രവർത്തിക്കാൻ ഒരു ബുദ്ധിശക്തി കൂടി ഇല്ലാത്ത അവസ്ഥയിൽ അസാധ്യം തന്നെ.

2). അതിഭയങ്കരമായ ചൂടും സാന്ദ്രതയുമുളള ഈ ബിന്ദു (Singularity) പെട്ടന്ന് പൊട്ടിത്തെറിച്ച് ഇല്ലാത്ത അന്തരീക്ഷത്തിലേക്ക് ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ (Gas) ഘർഷണരഹിതമായ അന്തരീക്ഷത്തിലേക്ക് ഒഴുകുന്നു (ചിതറപ്പെടുന്നു) സ്ഫോടനപരമ്പരയിലൂടെ കോടാനുകോടി നക്ഷത്ര സമൂഹങ്ങളുണ്ടാക്കിയത്തിനു ശേഷം സ്ഫോടന പരമ്പര താനേ നിന്ന് പോകണം. (വീണ്ടും ഊഹം)

എന്നാൽ ഘർഷണരഹിതമായ അന്തരീക്ഷമായതിനാൽ പുറത്തേക്ക് ഒഴുകുന്ന വാതകത്തിന് (Gas) സ്വയമേവ നിർത്തപ്പെടാനോ വേഗത കുറയ്ക്കാനോ കഴിയില്ല. നക്ഷത്രങ്ങളുണ്ടാക്കിയത്തിനു ശേഷം സ്ഫോടനം നിറുത്താനും യാതൊരു ക്രമീകരണവുമില്ല. അതിരില്ലാത്തതും ഘര്‍ഷണമില്ലാത്തതുമായ അവസ്ഥയില്‍ ചിതറപ്പെടുന്ന വസ്തുക്കള്‍ ഒരിക്കലും ഇന്ന് പ്രപഞ്ചത്തില്‍ കാണപ്പെടുന്നതുപോലെ ഭ്രമണം ചെയ്യുകയില്ല, മറിച്ചു ദിശ മാറാതെ സഞ്ചരിച്ചു കൊണ്ടിരിക്കുകയേയുള്ളൂ. ഒന്നും ഇല്ലായ്മക്ക് സ്വയമേവ കൂടിച്ചേര്‍ന്ന് ഒരു ബിന്ദു ഉണ്ടാകാനും അതിഭയങ്കരമായ ചൂടും സാന്ദ്രതയും ഉണ്ടാകുന്നതിനും പൊട്ടിത്തെറിക്കുന്നതിനും ഇല്ലായ്മയെ പൊട്ടിത്തെറിപ്പിക്കാനുള്ള തീയോ തീപ്പെട്ടിയോ ഇല്ലാത്തിനാലും സാധ്യമല്ല. chemicals നിലവിലുണ്ടാവാതിരിക്കെ അതൊരു chemical പൊട്ടിത്തെറിയായിരിക്കുന്നതിനും സാധ്യത ഇല്ല. ആറ്റം നിലവിലുണ്ടാവാതിരിക്കെ അതൊരു nuclear പൊട്ടിത്തെറിയായിരിക്കുന്നതിനും സാധ്യത ഇല്ല. മാന്ത്രികമായി സ്വയം ദ്രവ്യമുണ്ടാകനും സാധ്യമല്ല.

3). അതു പോലെ ആവശ്യമായ പ്രതിദ്രവ്യതിൻ്റെ (antimatter) അഭാവം. ദ്രവ്യത്തിൻ്റെ (മാറ്റർ) എതിർ പദാർത്ഥമായി കാണുന്ന വസ്തുവാണ് പ്രതിദ്രവ്യം അഥവാ ആന്റിമാറ്റർ (Antimatter). ദ്രവ്യത്തിൽ എപ്രകാരമാണോ കണികകൾ അടങ്ങിയിരിക്കുന്നത് അപ്രകാരം പ്രതിദ്രവ്യത്തിൽ വിപരീതകണികൾ അടങ്ങിയിരിക്കുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനിൻ്റെ ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ച് ആയാലും അതുപോലെ ക്വാണ്ടം ഭൗതികമനുസരിച്ചായാലും മഹാവിസ്‌ഫോടനത്തില്‍ പ്രപഞ്ചം രൂപപ്പെട്ടപ്പോള്‍ ദ്രവ്യവും പ്രതിദ്രവ്യവും തുല്യ അളവിലാണ് ഉണ്ടാകേണ്ടിയിരുന്നത്. പ്രതിദ്രവ്യതിൻ്റെ (antimatter) അഭാവം മഹാ വിസ്ഫോടന സിദ്ധാന്തം നേരിടുന്ന അതിഗുരുതരമായ പ്രശ്നമാണ്. “We are pretty sure from our observations that the universe today contains matter, but very little if any anti- matter.” (Victor Weisskopf, “The Origin of the Universe,” American Scientist, 71, p. 479.) ഇനി അഥവാ അവ തുല്യ അളവില്‍ ഉണ്ടായിരുന്നെങ്കില്‍ മറ്റൊരു അതിഗുരുതരമായ വിഷമത… ദ്രവ്യവും പ്രതിദ്രവ്യവും പരസ്പരം ഉന്‍മൂലനം ചെയ്ത് വെറുമൊരു ഊര്‍ജമേഖലയായി പ്രപഞ്ചം മാറിയേനെ. നമ്മളോ സൗരയൂഥമോ ഗാലക്‌സികളോ ഒന്നും ഉണ്ടാവില്ലായിരുന്നു.

4). സ്വയമേവ പ്രകൃതി നിയമങ്ങൾ ഉണ്ടാകുന്നു എന്ന അസാധ്യത. പൊട്ടിത്തെറിയിലൂടെ ഉണ്ടായ വാതകങ്ങള്‍ ചേര്‍ന്നുണ്ടായ കഷ്ണങ്ങൾ അത് വരെ ഇല്ലാത്ത പ്രപഞ്ചാന്താരീക്ഷത്തിലേക്ക് ചിതറപ്പെടുന്നു………… ഒടുവിൽ നക്ഷത്രങ്ങൾ, താരാപഥങ്ങൾ, ഗ്രഹങ്ങൾ, ഒപ്പം ഉപഗ്രഹങ്ങൾ. നിങ്ങൾ‌ ഇവിടെ കണ്ടതു പോലെ ലളിതമായി പറഞ്ഞാല്‍ മഹാവിസ്ഫോടന സിദ്ധാന്തം ഒരു സയൻസ് ഫിക്ഷൻ നോവൽ…… അത്രമാത്രം.

ബിജി ചെറി

ശാസ്ത്രം – ദൈവവിശ്വാസം: Part – 2

error: Thank you for visiting : www.ovsonline.in