OVS - ArticlesOVS - Latest News

പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പൊലീത്ത – മലങ്കര സഭയെ രക്ഷിച്ച കര്‍മയോഗി

 കഴിഞ്ഞ ശതാബ്ദത്തിന്റെ പ്രഭാതയാമത്തില്‍ തെളിഞ്ഞുയര്‍ന്ന ഒരു ബഹുമുഖ പ്രതിഭയായിരുന്നു പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പൊലീത്ത. സ്വാതന്ത്ര്യം ജന്മാവകാശമാണെന്നും പാരതന്ത്ര്യം മൃതിയെക്കാള്‍ ഭയാനകമാണെന്നും സ്വയം ശീര്‍ഷകത്വവും സ്വയംഭരണവും സഭയ്ക്ക് അനിവാര്യമാണെന്നും തിരിച്ചറിഞ്ഞ തിരുമേനി, ആത്മീക അധികാരത്തിന്റെ അംശവടി ആയുധമായി സ്വീകരിച്ചുകൊണ്ട് ഒരു പുരുഷായുസു മുഴുവന്‍ പോരാടി. മലങ്കര സഭയുടെ ഗത സ്ഥിതകാലങ്ങളെ കൂട്ടിയിണക്കി.
1858 ഒക്‌ടോബര്‍ 31ന് പകലോമറ്റം തറവാട്ടില്‍പെട്ട വട്ടശേരില്‍ കുടുംബത്തിലാണ് പരിശുദ്ധ തിരുമേനി പിറന്നത്. വിദ്യാഭ്യാസ കാലഘട്ടത്തില്‍തന്നെ ആത്മീയതയുടെ ആഴങ്ങളെ ആവാഹിക്കുന്ന ജീവിതത്തിന്റെ ദര്‍ശനം തിരുമേനിയില്‍ ദൃശ്യമായിരുന്നു. ഈ തീക്ഷ്ണത തിരുമേനിയെ പൗരോഹിത്യത്തിലേക്ക് നയിച്ച് പരിശുദ്ധ പരുമല തിരുമേനിയുടെ വാല്‍സല്യ ശിഷ്യനായി രൂപാന്തരപ്പെടുത്തുകയും ചെയ്തു.
ഭരണകാര്യവിദഗ്ധനും കര്‍മധീരനും ക്രാന്തദര്‍ശിയുമായ ഗീവര്‍ഗീസ് കത്തനാരില്‍ മലങ്കര സഭയുടെ ഭാവി വിധാതാവിനെ സഭാനേതാക്കള്‍ ദര്‍ശിച്ചു. 1908 മെയ് 31ന് ജറുസലേമില്‍വച്ച് ധിഷണാശാലിയായ ഗീവര്‍ഗീസ് റമ്പാന്‍ മെത്രാപ്പൊലീത്ത ആയി അഭിഷിക്തനായി. തുടര്‍ന്നുള്ള തിരുമേനിയുടെ ജീവിത അനുഭവങ്ങള്‍; അടിമവീടായ മിസ്രേമില്‍നിന്നു സ്വാതന്ത്ര്യ നാടായ കനാനിലേക്ക് ഇസ്രായേല്‍ മക്കളെ നയിച്ച മോശയ്ക്ക് സമാനമായി ദര്‍ശിക്കാവുന്നതാണ്. മലങ്കര സഭയെ ന്യായാനുസൃതമായിരിക്കുന്ന സ്വാതന്ത്ര്യപഥത്തില്‍കൂടി അവസാനശ്വാസംവരെ വഴിനടത്തിച്ച പുണ്യവാനായിരുന്നു തിരുമേനി.
പ്രാര്‍ഥനയുടെ ശക്തിയും സൗന്ദര്യവും സ്വാംശീകരിച്ചിരുന്ന വ്യക്തിയായിരുന്നു വട്ടശേരില്‍ തിരുമേനി. പ്രാര്‍ഥനയിലൂടെ യോഗാത്മകമായ അനുഭൂതി അദ്ദേഹം പലപ്പോഴും കണ്ടെത്തിയിരുന്നു. സഭാസംബന്ധമായ പ്രശ്‌നങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങിക്കിടന്നിരുന്ന മനസ്സിനു ലാഘവവും സംതൃപ്തിയും ലഭിച്ചിരുന്നത് പ്രാര്‍ഥനയുടെ പരമാനന്ദ നിമിഷങ്ങളിലായിരുന്നു. ” ‘പ്രാര്‍ഥനയെന്നത് ബാല്യത്തിലെ ഉല്‍സാഹവും യൗവനത്തിലെ ആശ്രയവും വാര്‍ധക്യത്തിലെ സമാധാനവുമാകുന്നുവെന്ന തന്റെ ഗുരുനാഥന്റെ പരുമല തിരുമേനിയുടെ ഉപദേശം അദ്ദേഹത്തിന് മാര്‍ഗദീപമായിരുന്നു. വട്ടശേരില്‍ തിരുമേനിയുടെ അപദാനങ്ങളെ അനുസ്മരിച്ചുകൊണ്ട് പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ ചെയ്ത ചരമപ്രസംഗത്തില്‍നിന്ന് ഒരുഭാഗം ഉദ്ധരിക്കുന്നത് അനുയോജ്യമാണ്: ”ആത്മീയപ്രകാരം അദ്ദേഹം ഒരു മഹാനും യാതൊരു കുറ്റവും കുറവുമില്ലാത്തവനുമായിരുന്നു എന്നാണ് നമ്മുടെ അഭിപ്രായം.
ഭക്തിനിര്‍ഭരമായ ആരാധന ഓര്‍ത്തഡോക്‌സിയുടെ വൈയക്തിക മുദ്രയാണ്. സംഘാരാധന സജീവവും സമ്യക്കും ആകണമെങ്കില്‍ ആരാധനയ്ക്കുള്ള ഭാഷയിലും സാഹിത്യത്തിലും ശ്രദ്ധാലുവായിരിക്കണം. വിശ്വാസാചാരങ്ങള്‍ക്കോ, ദൈവശാസ്ത്രത്തിനോ വിപരീതമായ ആശയങ്ങള്‍ ആരാധന ഗാനങ്ങളില്‍ വരാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയ തിരുമേനി വിശ്വാസ ഗ്രന്ഥങ്ങളുടെ രചനയില്‍ അതീവ തല്‍പരനാവുകയും കോനാട്ട് മാത്തന്‍ മല്‍പാനോടുകൂടി ചേര്‍ന്ന് ക്യംതാ പ്രാര്‍ഥനാക്രമം മലങ്കര സഭയില്‍ പ്രഥമമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതിലപ്പുറമായ ആരാധനാ രചനകളും തിരുമേനി നിര്‍വഹിച്ചിട്ടുണ്ട്.
പ്രഭാഷണം ഒരു കലയാണ്. ആ കലയുടെ മര്‍മവും ധര്‍മവും ഗ്രഹിച്ചിരുന്ന പ്രതിഭാപ്രഭാവനായിരുന്നു തിരുമേനി. വേദപുസ്തക പ്രമേയമോ, സഭാചരിത്രത്തിലെ ദുര്‍ഘട പ്രശ്‌നമോ എന്തുമാകട്ടെ അപഗ്രഥിച്ചു വിശകലനം ചെയ്യാന്‍ അസാധാരണ വൈഭവമാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നത്. ചിന്താദാര്‍ഢ്യവും ആധ്യാത്മീക അനുഭൂതിയും അവയുടെ അന്തര്‍ധാരയായിരുന്നു. ‘സഭാസ്‌നേഹം ഉള്ളിന്റെ ഉള്ളില്‍നിന്ന് വാങ്മയ ശരീരമെടുക്കുന്നത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ദൃശ്യമായിരുന്നു.
തിരുമേനിയുടെ അഗാധ പാണ്ഡിത്യവും ജീവിതദര്‍ശനവും അധികം ദൃശ്യമായിരുന്നത് അഭിഭാഷകവൃന്ദത്തിന്റെയും വിധികര്‍ത്താക്കളുടെയും ചോദ്യങ്ങള്‍ക്കുള്ള പ്രത്യുത്തരങ്ങളിലായിരുന്നു. സഭയുടെ വിശ്വാസ ആചാരങ്ങള്‍, ചരിത്രം എന്നിവ സംബന്ധിച്ച്, അദ്ദേഹത്തെപ്പോലെ വിപുലമായ അറിവും ഓരോന്നും വേണ്ടവിധത്തില്‍ വ്യാഖ്യാനിച്ച് കാര്യസാരം ഗ്രഹിക്കാനുള്ള കഴിവുമുള്ളവര്‍ മലങ്കര സഭയുടെ ചരിത്രത്തില്‍ വേറെ ഉണ്ടോ എന്നത് സംശയമാണ്.
ചുരുക്കത്തില്‍ മലങ്കര സഭാ പ്രതിഷ്ഠാപകനായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെയും ആപത്ഘട്ടങ്ങളില്‍ അടിപതറാതെ അക്ഷയമായ കര്‍മകുശലതയോടെ സഭയ്ക്കു നേതൃത്വം നല്‍കിയ അര്‍ക്കദിയോക്കന്മാരുടെയും മാര്‍ത്തോമ്മാ നാമധാരികളായ മഹാപിതാക്കന്‍മാരുടെയും ആത്മീയ പൗരുഷത്തിന്റെ അനശ്വരചൈതന്യം ആവാഹിച്ചിട്ടുള്ള പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പൊലീത്ത മലങ്കര സഭാ ചരിത്രത്തില്‍ ഗതസ്ഥിത കാലങ്ങളെ കൂട്ടിയിണക്കിയ ശക്തമായ കണ്ണിയായി, മലങ്കര സഭാഭാസുരനായി ഇന്നും നിലകൊള്ളുന്നു; എന്നും നിലകൊള്ളുകയും ചെയ്യും.
 ഫാ. എം. സി. കുര്യാക്കോസ്, പരുമല  സെമിനാരി മാനേജര്‍