OVS - Latest NewsOVS-Kerala News

ഫാ. ഡോ. ടി.ജെ. ജോഷ്വ തലമുറകളെ ധന്യമാക്കിയ ഗുരുരത്നം: കാതോലിക്കാ ബാവാ

കോട്ടയം ∙ തലമുറകളെ ധന്യമാക്കിയ ഗുരുരത്നമാണു ഫാ. ഡോ. ടി.ജെ.ജോഷ്വയെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. നവതി ആഘോഷിക്കുന്ന ഫാ. ഡോ. ടി.ജെ.ജോഷ്വായെ ആദരിക്കാനായി ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ ഊർജം ഉപയോഗപ്പെടുത്തി സഭകളും സംഘടനകളും ശക്തമാകണമെന്നും കാലത്തിന്‍റെ വെല്ലുവിളികൾ അതിജീവിക്കാനും സഭയെ നയിക്കാനും യുവജനങ്ങൾക്ക് കഴിയണമെന്നും കാതോലിക്കാ ബാവാ ഓർമിപ്പിച്ചു.

യുവജനപ്രസ്ഥാനത്തിന്‍റെ നവീകരിച്ച കേന്ദ്ര ഓഫിസ് മന്ദിരത്തിന്‍റെ കൂദാശ കാതോലിക്കാ ബാവാ നിർവഹിച്ചു. യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫാ. ഫിലിപ് തരകൻ, ജനറൽ സെക്രട്ടറി ഫാ. അജി കെ.തോമസ്, ട്രഷറർ ജോജി പി.തോമസ് സെൻട്രൽ സെക്രട്ടറി ഷിജോ കെ.മാത്യു എന്നിവർ പ്രസംഗിച്ചു.