OVS - Latest NewsOVS-Kerala News

അസമാധാനത്തിനു കാരണം, അവസരങ്ങൾ കൗശലപൂർവ്വം വിനിയോഗിച്ചവർ – കാതോലിക്കാ ബാവ

പിറവം: സഭയിൽ ഉണ്ടായ അസമാധനത്തിനു കാരണം ദൈവം തന്ന രണ്ടവസരങ്ങളും കൗശലപൂർവ്വം വിനിയോഗിച്ചവരാണെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ കാതോലിക്ക മാർത്തോമ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവ. പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ സഭയുടെ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ ( മുറിമറ്റത്തിൽ) ബാവയുടെ 105 മത് ഓർമ്മപ്പെരുന്നാളിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കാതോലിക്ക ബാവ.

1958 ലും, 1995ലും കോടതി വിധികളിലൂടെ നീതിന്യായ വ്യവസ്ഥിതിയിലൂടെ ദൈവം നൽകിയ സമാധാനം ഒരുകൂട്ടർ ദുരുപയോഗിച്ചു. സഭയെ അസമാധാനത്തിലും തർക്കങ്ങൾക്കും വേദിയാക്കി. എന്നാൽ ഇപ്പോൾ തന്ന ദൈവനിശ്ചയം ആർക്കും തടുക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കുരുടൻമാരായ വഴികാട്ടികളെ നിങ്ങൾക്ക് ഹാ കഷ്ടം എന്ന ദൈവവചനം ഇത്തരുണത്തിൽ പ്രസക്തമാണ്. ഒന്നാം കാതോലിക്കയുടെ ത്യാഗങ്ങൾക്ക് ഒരു നൂറ്റാണ്ടിനു ശേഷം ശാശ്വത ഫലമുണ്ടാകുകയാണെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.

അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പോസ് അധ്യക്ഷനായിരുന്നു.  പാമ്പാടി കെ.ജി കോളേജ് അധ്യാപകൻ പ്രൊഫ. വിപിൻ. കെ. വർഗീസ് എഴുതിയ പരി. ഒന്നാം കാതോലിക്ക ബാവയുടെ ജീവചരിത്ര ഗ്രന്ഥം കാതോലിക്ക ബാവ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് ദാനവും നടന്നു. വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ, ഫാ.ജോൺസ് അബ്രാഹം കോനാട്ട്, ഫാ. എം. സി കുര്യാക്കോസ്, ഫാ. വി .എ മാത്യൂസ്, ഫാ. വി.എം പൗലോസ്, ഫാ .റോബിൽ മർക്കോസ്, ഫാ .ജോസഫ് മലയിൽ, ഫാ .ജോസ് തോമസ്, ഫാ .വി.ബി കുര്യാക്കോസ്, ഫാ .ജോൺസി ചോളകത്തിൽ എന്നിവർ സംസാരിച്ചു.

മലങ്കര ഓർത്തഡോക്സ് സഭ ഒന്നാം കാതോലിക്ക ബാവയേക്കുറിച്ച് പ്രൊഫ. വിപിൻ.കെ. വർഗീസ് എഴുതിയ ജീവചരിത്ര ഗ്രന്ഥം പരിശുദ്ധ കാതോലിക്ക മാർത്തോമ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവ പ്രകാശനം ചെയ്യുന്നു