OVS-Kerala News

250 വര്‍ഷങ്ങളുടെ അനുഗ്രഹവുമായി തേവനാല്‍ മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍

തേവനാല്‍ താഴ്‌വരയിലെ അനുഗ്രഹസ്രോതസ്സായി, ദേശത്തിന്‍റെ  പരിശുദ്ധിക്ക് നിദാനമായി നിലകൊള്ളുന്ന മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍ സ്ഥാപിതമായിട്ട് 250 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ദേശവാസികള്‍  വിശ്വാസപൂര്‍വ്വം താഴത്തെ കുരിശുപള്ളി എന്ന് വിളിക്കുന്ന ഈ ദേവാലയം, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവമാരുടെയും പ. പരുമല തിരുമേനിയുടെയും  അദൃശ്യസാന്നിദ്ധ്യത്താല്‍ പരിപാവനമാക്കപെട്ട ഈ പുണ്യഭൂമി, അനേകര്‍ക്ക്‌ ഇന്ന് അഭയസ്ഥാനമാണ്.
 
മലങ്കര സഭാചരിത്രത്തിലും, തേവനാല്‍ ഇടവകയുടെ സ്ഥാപനത്തിലും നിര്‍ണായക സ്ഥാനമാണ് ഈ ചാപ്പലിനുള്ളത്. പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവമാര്‍ എ.ഡി.1767ല്‍ ആണ് തേവനാല്‍ താഴ്‌വരയില്‍ പ. ബഹനാം സഹദായുടെ നാമത്തില്‍ ദയറാ സ്ഥാപിക്കുന്നത്. അക്കാലത്ത് സഭയില്‍ നിലനിന്നിരുന്ന ചില പ്രശ്നങ്ങള്‍ മൂലം കൊച്ചിയില്‍ നിന്നും തിരുവിതാംകൂര്‍ നിന്നും ബഹിഷ്കൃതരായ പിതാക്കന്മാര്‍ അന്ന് വന പ്രദേശമായിരുന്ന തേവനാല്‍ താഴ്‌വര പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി തിരഞ്ഞെടുത്തു. എന്നാല്‍ പിതാക്കന്മാരുടെ പ്രാര്‍ത്ഥനാജീവിതത്തെപ്പറ്റി കേട്ടറിഞ്ഞ് അനേകര്‍ എത്തിത്തുടങ്ങിയതോടെ അവര്‍ ഇവിടം വിടുവാന്‍ നിര്‍ബന്ധിതരായി.
 
പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാരുടെ സഹായത്തോടെ ബ്രിട്ടിഷ് മലബാറിലെ തൊഴിയൂരിലെത്തി അവിടെ ദേവാലയം സ്ഥാപിച്ചു. പുണ്യപ്പെട്ട വലിയ ബാവ തൊഴിയൂര്‍ പള്ളിയിലും ഇളയ ബാവ മലങ്കര സഭയുടെ വെട്ടിക്കല്‍ ദയറായിലും കബറടങ്ങി. പ. പരുമല  തിരുമേനി തന്‍റെ വെട്ടിക്കല്‍ ദയറാ വാസക്കാലത്ത് ഇവിടം സന്ദര്‍ശിക്കുകയും നാശോന്മുഖമായ ദയറാ ചാപ്പല്‍ കാട്ടുകല്ലുകള്‍ ശേഖരിച്ച് പുനരുദ്ധാരണം നടത്തിയതായും വിശ്വസിക്കപ്പെടുന്നു. ചാപ്പലിനോട് ചേര്‍ന്ന്‍ പരിശുദ്ധ പിതാക്കന്മാര്‍ ഉപയോഗിച്ചിരുന്ന നീരുറവ ഇപ്പോഴും സംരക്ഷിക്കപ്പെട്ടു പോരുന്നു. മലങ്കര സഭയും തൊഴിയൂര്‍ സഭയുമായുള്ള സ്നേഹബന്ധം അഭംഗുരം കാത്തുസൂക്ഷിച്ചിരുന്ന ഇടം കൂടിയായിരുന്നു ഈ പരിശുദ്ധ ദയറാ ചാപ്പല്‍.തൊഴിയൂര്‍ സഭയുടെ കാലം ചെയ്ത ജോസഫ്‌ മാര്‍ കൂറിലോസ് വലിയ മെത്രാപ്പോലീത്ത തന്‍റെ അവസാന നാളുകള്‍ വരെയും എല്ലാ മാസവും ഇവിടെ വി.കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നു.
 
മാർ ബഹനാൻ ദയറാ ചാപ്പൽ സ്ഥാപനത്തിന്റെ 250 ആം വാർഷിക ആഘോഷങ്ങൾ സമുചിതമായി ആചരിക്കുവാൻ തേവനാൽ ഇടവക ഒരുങ്ങിക്കഴിഞ്ഞു. 2018 മേയ് 11, 12,13 തീയതികളിൽ നടക്കുന്ന ചടങ്ങുകൾക്ക് മാർത്തോമാ ശ്ലീഹായുടെ പിൻഗാമിയും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പൊലീത്തായുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ ബാവ തിരുമേനിയും, പരിശുദ്ധ സഭയിലെ അഭിവന്ദ്യ പിതാക്കമാരും, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും നേതൃത്വം നൽകുന്നു. ഈ ധന്യ മൂഹൂർത്തത്തിലേയ്ക്ക് ഏവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.