OVS - Latest NewsOVS-Kerala News

സുപ്രീം കോടതി വിധിയെ വെല്ലുവിളിയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കുക:- പരി. കാതോലിക്കാ ബാവ

മുവാറ്റുപുഴ: പിറവം സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയെ സംബന്ധിച്ച് ബഹു. സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിട്ടുള്ള ഉത്തരവിനെ ലംഘിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി  സ്വീകരിക്കണമെന്ന് പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. മുവാറ്റുപുഴ അരമനയിൽവച്ച് നടന്ന വടക്കൻ ഭദ്രാസനങ്ങളിലെ മെത്രാപ്പോലീത്തമാരുടെയും, ഭദ്രാസന സെക്രട്ടറിമാരുടെയും, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും, ഭദ്രാസന കൌൺസിൽ അംഗങ്ങളുടെയും സംയുക്ത യോഗത്തിൽ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവ.
 
നിയമാനുസൃതമായി പള്ളിയിൽ ആരാധനക്കെത്തുന്ന വൈദീകരെയും, ഇടവക ജനങ്ങളെയും കായികമായി അക്രമിക്കുവാനും, അപായപ്പെടുത്തുവാനും ശ്രമം നടക്കുന്നതായി സഭാ അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു. അനധികൃതമായി പള്ളിയിലേക്കും, പള്ളിയിൽ നിന്നും പുറത്തേക്കും പോകുന്ന വാഹനങ്ങൾ കർശനമായി പരിശോധിക്കണമെന്നു യോഗം പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. കോടതിവിധിയിൽ വിറളിപിടിച്ച യാക്കോബായ വിഭാഗം അസൂത്രിതമായി അക്രമം സൃഷ്ടിക്കുവാനും, അതുവഴി അരാജകത്വം ഉണ്ടാക്കുവാനുമാണ് ശ്രമിക്കുന്നതെന്ന് തൃശ്ശൂർ ഭദ്രാസന മെത്രാപോലിത്ത യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപോലിത്ത അഭിപ്രായപ്പെട്ടു.
 
പള്ളിക്കകത്ത് പ്രതിക്ഷേധാത്മകമായി കയറിയിട്ടുള്ള ആളുകളുടെ തിരിച്ചറിയൽ വിവരങ്ങൾ ശേഖരിക്കുകയും, അവരുടെ ആഗമനോദ്ദേശ്യം പരിശോധിക്കുകയും ചെയ്യണമെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരമേൽ സർക്കാറിനോട് ആവശ്യപ്പെട്ടു. പള്ളിയിലേയ്ക്ക് ജലഗതാഗത മാർഗം സാധ്യമായിരിക്കെ അതുപ്രയോജനപെടുത്തി വ്യാപകമായ മാരകായുധങ്ങളുടെ ശേഖരം അവിടേക്ക് എത്തിയ്ക്കുന്നുണ്ടെന്നും പ്രസ്തുത യോഗം ആരോപിച്ചു.
 
ബഹു. സുപ്രിം കോടതിയുടെ അന്തിമ വിധി ഉണ്ടായ പള്ളി എന്ന നിലയിലും, ചരിത്രപരമായ പ്രാധാന്യം നിലനിൽക്കുന്ന സ്ഥലം എന്ന നിലയിലും പോലീസിന്‍റെയും, അഗ്നിശമനസേന, ബോബ് സ്ക്വാഡ് തുടങ്ങിയ ഏജൻസികളുടെയും നിരീക്ഷണം ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  ആസൂത്രിതമായ അക്രമണം അഴിച്ചുവിടാൻ ക്വട്ടേഷൻ ടീം അംഗങ്ങളടക്കം പള്ളിയിൽ താമസിപ്പിച്ചിരിക്കുന്നു എന്നും, ഇത്തരം ആളുകളുടെ സാനിദ്ധ്യം പിറവം പട്ടണത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നതിൽ ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടായിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
 
രാജ്യത്തെ പരമോന്നത നീതിപീഠം ഇരുഭാഗത്തിന്‍റെയും വാദമുഖങ്ങൾ സൂഷ്മമായി പരിശോധിച്ച് അന്തിമ വിധി പ്രസ്ഥാവിച്ചിട്ടും അംഗീകരിക്കാത്ത യാക്കോബായ വിഭാഗം നേതാക്കളുടെ മനോഭാവം ജനാധിപത്യ വിരുദ്ധവും ഇന്ത്യൻ ജുഡീഷ്യറിയെ അവഹേളിയ്ക്കുന്നതുമാണെന്ന് ഡോ. തോമസ് മാർ അത്താനാസിയോസ് പറഞ്ഞു. യോഗത്തിൽ യുഹാനോൻ മാർ പോളിക്കാർപ്പസ്, ഫാ സി എം കുര്യാക്കോസ് (കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി), ഫാ.സി.എം രാജൻ (കൊച്ചി ഭദ്രാസന സെക്രട്ടറി), ഫാ ബോബി വർഗീസ് (അങ്കമാലി ഭദ്രാസന സെക്രട്ടറി), ഫാ. ബേബി പൂക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.