OVS - Latest NewsOVS-Kerala News

പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ: നെയ്യപ്പം തയാറാക്കൽ ആരംഭിച്ചു.

പാമ്പാടി ∙ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാളിന്‍റെ പ്രധാന നേർച്ചയായ നെയ്യപ്പം തയാറാക്കൽ പാമ്പാടി ദയറയിൽ ആരംഭിച്ചു. പ്രധാന പെരുന്നാൾ ദിനമായ അഞ്ചിനു രാവിലെയാണ് നെയ്യപ്പവും പഴവും നേർച്ചയായി വിതരണം നടത്തുക. നവോമി പ്രാർഥനാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നോമ്പാചരിച്ചു വിശുദ്ധിയിൽ ദയറയിലെ നെയ്യപ്പം തയാറാക്കൽ നടത്തുന്നത്. ദയറ മാനേജർ ഫാ. മാത്യു കെ.ജോൺ, അസി.മാനേജർ ഫാ. സി.എ.വർഗീസ് ചാമക്കാലായിൽ, ഫാ. എം.കെ.ഫിലിപ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർഥനകൾക്കു ശേഷമായിരുന്നു നേർച്ച തയാറാക്കലിന്റെ ജോലികൾ ആരംഭിച്ചത്.

ജനറൽ കൺവീനർ ഫാ. അനി കുര്യാക്കോസ് വർഗീസ്, ജോയിന്റ് കൺവീനർ കെ.എ.ഏബ്രഹാം കിഴക്കയിൽ തുടങ്ങിയവർ പങ്കെടുത്തു. ദയറയിൽ തയാറാക്കുന്നതിനു പുറമെ വിവിധ ഇടവകകളിൽ നിന്നും ഭവനങ്ങളിൽ നിന്നും നെയ്യപ്പം നേർച്ചയായി തയാറാക്കി ദയറയിൽ എത്തിക്കും. വാഴക്കുലകളും എത്തിച്ചു തുടങ്ങി. രുചിക്കൂട്ടുകളുടെ നിറവിലാണ് ദയറയിലെ നെയ്യപ്പം തയാറാക്കൽ. ഇത്തവണ 75 കിലോ അരിപ്പൊടിയുടെ നെയ്യപ്പമാണ് ദയറയിൽ മാത്രം തയാറാക്കുന്നത്. അരിപ്പൊടിക്കു പുറമെ തേങ്ങാകൊത്തി വറുത്തത്, ശർക്കര, ഏലക്ക, ജീരകം, ജീരകപ്പൊടി, ചുക്ക് പൊടി എന്നിവയാണ് നെയ്യപ്പത്തിന്റെ ചേരുവകൾ.

ശുദ്ധമായ വെളിച്ചണ്ണയിലാണ് ദയറയിൽ പ്രാർഥനാപൂർവമുള്ള നെയ്യപ്പം തയാറാക്കൽ നടന്നുവരുന്നത്. നാളെയും മറ്റന്നാളുമാണ് പ്രധാന പെരുന്നാൾ ദിനങ്ങൾ. ദയറയിൽ തീർഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളുണ്ട്. കുന്നംകുളത്തു നിന്നുള്ള തീർഥാടക സംഘത്തിന്റെ പ്രത്യേക ലഘുഭക്ഷണ സ്റ്റാൾ പ്രവർത്തിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബിഎംഎം സ്കൂൾ മൈതാനം, ദയറയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലും ക്രമീകരണങ്ങളുണ്ട്. കുന്നംകുളത്തെ വിശ്വാസികളുടെ വകയായി പെരുന്നാൾ ദിനത്തിൽ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. പെരുന്നാളിനോടനുബന്ധിച്ചു ഇന്നു രാവിലെ 6.45നു നടത്തുന്ന കുർബാനയ്ക്കു ഭദ്രാസന സെക്രട്ടറി ഫാ. പി.കെ.കുര്യാക്കോസ് മുഖ്യകാർമികത്വം വഹിക്കും.

പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാൾ കൊടിയേറി